go

തിരുപ്പതിയിലേക്ക് കശുവണ്ടിപ്പരിപ്പ് കോർപറേഷനും കാപ്പെക്സും പിൻവാങ്ങുന്നു

Kollam News
SHARE

കൊല്ലം ∙ തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ ലഡുവിൽ ചേർക്കാനുള്ള കശുവണ്ടിപ്പരിപ്പ് കശുവണ്ടി വികസന കോർപറേഷനും കാപ്പെക്സും നൽകിവരുന്നതിനിടെ തുടർ ഇടപാടുകളിൽ പ്രതിസന്ധി. സ്വകാര്യ കശുവണ്ടി വ്യവസായികൾ വില കുറച്ചു സമ്മർദതന്ത്രം പുറത്തെടുത്തതോടെ അടുത്ത ടെൻഡറിൽ പങ്കെടുക്കേണ്ടതില്ലെന്നു കോർപറേഷനും കാപ്പെക്സും തീരുമാനിച്ചു. 180 ടൺ പിളർന്ന പരിപ്പിനു തിരുമല തിരുപ്പതി ദേവസ്ഥാനം കഴിഞ്ഞ ദിവസം ടെൻഡർ വിളിച്ചു. ഈ ടെൻഡറിൽ പങ്കെടുക്കേണ്ടതില്ലെന്നാണു കശുവണ്ടി വികസന കോർപറേഷന്റെയും കാപ്പെക്സിന്റെയും തീരുമാനം.

നേരത്തെ കിലോഗ്രാമിന് 669 രൂപയ്ക്കാണ് ഇരുസ്ഥാപനങ്ങളും പരിപ്പ് നൽകിയത്. കോർപറേഷൻ 20 ടണ്ണും കാപ്പെക്സ് 5 ടണ്ണും നൽകി. തുടർ ഇടപാടുകൾക്കായി ചർച്ച നടന്നുവരവെയാണ്, തിരുപ്പതി ദേവസ്വം ടെൻഡർ ക്ഷണിച്ചത്. കിലോഗ്രാമിന് 657 രൂപയ്ക്കു കൊല്ലത്തെ സ്വകാര്യ കശുവണ്ടി വ്യവസായികൾ തിരുപ്പതിയിലേക്ക് അടുത്തിടെ പരിപ്പ് നൽകി. ഈ നിരക്കിലോ അതിലും കുറച്ചോ പരിപ്പ് നൽകണമെന്ന വ്യവസ്ഥ കോർപറേഷനും കാപ്പെക്സിനും അംഗീകരിക്കാനാവുന്നില്ല. ഇതോടെയാണ്, ടെൻഡറിൽ പങ്കെടുക്കേണ്ടതില്ലെന്നു തീരുമാനിച്ചത്.

ദിവസേന ഏതാണ്ട് 4 ലക്ഷം ലഡു വീതം വിതരണം ചെയ്യുന്ന തിരുപ്പതി ക്ഷേത്രത്തിനു ഇതിനായി പ്രതിമാസം 90 ടണ്ണിലേറെ പിളർപ്പ് പരിപ്പ് വേണ്ടി വരുമെന്നാണു കണക്ക്. കൂടുതൽ ഉൽപാദനം നടത്താനായാൽ കോർപറേഷനും കാപ്പെക്സിനും മാത്രമായി ഇത്രയും നൽകാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. നേരത്തെ തിരുപ്പതി ദേവസ്ഥാനം കരാറുകാർ വഴിയാണു പരിപ്പ് വാങ്ങിയിരുന്നത്. കോർപറേഷനും കാപ്പെക്സും പരിപ്പ് നൽകിത്തുടങ്ങിയതോടെ ഈ കരാറുകാർക്കും സ്വകാര്യ മുതലാളിമാർക്കും പിൻവാങ്ങേണ്ടി വന്നിരുന്നു. ഇതോടെയാണു വില കുറയ്ക്കൽ തന്ത്രം പുറത്തെടുത്തത്. 

‘വില കുറച്ചു നൽകാൻ കഴിയില്ല’

കഴിഞ്ഞ തവണ  നൽകിയ വിലയേക്കാൾ കുറഞ്ഞ വിലയ്ക്കു പരിപ്പ് നൽകണമെന്നാണു തിരുപ്പതി ദേവസ്ഥാനം ആവശ്യപ്പെടുന്നതെന്നു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കോർപറേഷനും കാപ്പെക്സിനും വില കുറച്ചു നൽകാൻ കഴിയില്ല. കഴിഞ്ഞ തവണ നൽകിയ വിലയേക്കാൾ കുറഞ്ഞ വിലയ്ക്കു സ്വകാര്യ വ്യവസായികൾ പരിപ്പ് നൽകി. അതുകൊണ്ടാണു ടെൻഡറിൽ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചത്. ഇതേക്കുറിച്ച് ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇടനിലക്കാർ ഇതിനുപിന്നിൽ വൻ ഇടപെടൽ ആണു നടത്തുന്നതെന്നു കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു. ഇങ്ങനെ കോർപറേഷനും കാപ്പെക്സും ഇടപാടിൽ നിന്നു പുറത്താകുന്നതോടെ അവർ വില കൂട്ടുകയും ചെയ്യും. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama