കൊല്ലം ∙ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉൾപ്പെടെയുള്ള നേതാക്കളെ തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, സെക്രട്ടറി എം.ജെ.യദു കൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് ബിച്ചു കൊല്ലം എന്നിവർക്കു പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റെസ്റ്റ് ഹൗസിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം ഈസ്റ്റ് പൊലീസ് സ്റ്റേഷനു സമീപം റെയിൽവേ മേൽപാലത്തിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോൾ പൊലീസ് ലാത്തി വീശി. ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയനു പരുക്കേറ്റതോടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമായി. മറ്റു നേതാക്കൾക്കും പരുക്കേറ്റു. 2 തവണ ജലപീരങ്കി പ്രയോഗിച്ചാണു പിന്തിരിപ്പിച്ചത്.
പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ, സെക്രട്ടറിമാരായ എ.ഷാനവാസ്ഖാൻ, ജി.രതികുമാർ, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, സൂരജ് രവി, എസ്.വിപിന ചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പരുക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.
മാർച്ചിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ വിഷ്ണു സുനിൽ പന്തളം, സാജുഖാൻ, കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം.ദാസ്, എ.എസ്.ശരത് മോഹൻ, അനൂപ് നെടുമ്പന എന്നിവർ പ്രസംഗിച്ചു. പ്രവർത്തകരുടെ ഭാഗത്തു നിന്നു പ്രകോപനമില്ലാത്തപ്പോഴാണു പൊലീസ് അതിക്രമം നടത്തിയതെന്നു കെഎസ്യു ജില്ലാ കമ്മിറ്റി ആരോപിച്ചു. കെഎസ് യു പ്രവർത്തകരായ 75 പേർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു.