go

ബൈക്ക് യാത്രക്കാരനുനേരെ ലാത്തിയേറ് ഉന്നതതല അന്വേഷണം തുടങ്ങി

Kollam News
SHARE

കൊട്ടാരക്കര ∙ കടയ്ക്കലിൽ ബൈക്ക് യാത്രക്കാരൻ  സിദ്ദീഖിനു പൊലീസ് ലാത്തിയേറിൽ പരുക്കേറ്റ സംഭവത്തിൽ പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബി. അശോകന്റെ നേതൃത്വത്തിൽ മൊഴിയെടുപ്പ് ആരംഭിച്ചു. ഇടിച്ചിട്ട കാർ ഡ്രൈവറുടെയും 4 ദൃക്സാക്ഷികളുടെയും ഉൾപ്പെടെ  ഇരുപതോളം പേരുടെ മൊഴി  രേഖപ്പെടുത്തി. 

പുനലൂർ ഡിവൈഎസ്പി എസ്. അനിൽദാസ് നൽകിയ റിപ്പോർട്ട് പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് അന്വേഷണം. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനു കഴി‍ഞ്ഞ ദിവസമാണ് എസ്പി ഹരിശങ്കർ ഡിവൈഎസ്പി ബി. അശോകനെ ചുമതലപ്പെടുത്തിയത്.  പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ ദൃശ്യങ്ങൾ ഉടൻ പൊലീസ് പരിശോധിക്കും. 

സംഭവത്തിൽ പൊലീസ് ഗുരുതരമായ കൃത്യവിലോപം കാട്ടിയെന്നാണു സാക്ഷി മൊഴികളിലുള്ളത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, സിദ്ദീഖിന്റെ ബന്ധുക്കൾ എന്നിവരും മൊഴി നൽകി. പ്രതികളായ പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. കൊല്ലം റൂറൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി സിനി ഡെന്നീസിനാണു ചുമതല.

മൊഴി രേഖപ്പെടുത്തിയില്ല; നടപടി വൈകിക്കാനെന്ന് ആരോപണം

കടയ്ക്കൽ ∙ പൊലീസിന്റെ ലാത്തിയേറിനെ തുടർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന കിഴക്കുംഭാഗം  പന്തുവിളയിൽ സിദ്ദീഖിന്റെ മൊഴി രേഖപ്പെടുത്താൻ ഇന്നലെയും പൊലീസിനു കഴിഞ്ഞില്ല.  കുറ്റക്കാരനായ കൺട്രോൾ വെഹിക്കിൾ സംഘത്തിലെ സിവിൽ പൊലീസ് ഓഫിസർ ചന്ദ്രമോഹനനെ അറസ്റ്റ് ചെയ്യണമെങ്കിൽ മൊഴി രേഖപ്പെടത്തണം. നടപടികൾ വൈകിപ്പിക്കാനാണു പൊലീസ് ശ്രമമെന്ന് ആരോപണമുണ്ട്. സിസി ക്യാമറ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. 

സംഭവം നടന്ന കാഞ്ഞിരത്തുംമുട്ടിൽ പൊലീസ് വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്തിനു സമീപത്തെ കടയിലെ സിസി ടിവിയിൽ സിദ്ദീഖ് ബൈക്കിൽ വരുന്നത് മാത്രമാണു കാണാനാകുന്നത്.  ഇതേ സമയം സിദ്ദീഖിനെ  തിരുവനന്തപുരത്ത് ആശുപത്രിയിൽ എത്തിച്ചപ്പോൾ മെഡിക്കൽ കോളജ് പൊലീസ് സംഘം സ്ഥലത്ത് വന്നിരുന്നതായി പിതാവ് സുലൈമാൻ പറഞ്ഞു.  തലയ്ക്കും കണ്ണിനും കാലിലും മുഖത്തും പരുക്കേറ്റ സിദ്ദീഖിനെ ഇന്നലെ പേവാർഡിലേക്കു മാറ്റി. കണ്ണിന്റെ ഉൾപ്പെടെ പരിശോധന നടത്തി.

ലാത്തിയും ചൂരലും വേണ്ട

കൊട്ടാരക്കര ∙ വാഹന പരിശോധനയ്ക്ക് ഇനി ലാത്തിയും ചൂരലും വേണ്ട. ആധുനിക മാർഗങ്ങൾ ഉപയോഗിച്ചു പരിശോധന നടത്താൻ പൊലീസുകാർക്കു  പരിശീലനം നൽകാൻ തീരുമാനം. നാറ്റ്പാക്കിന്റെ നേതൃത്വത്തിൽ റൂറൽ മേഖലയിൽ അടുത്ത മാസം ആദ്യം പരിശീലനം നടത്തും. എംസി റോഡിൽ വാഹന പരിശോധനയ്ക്കായി ആധുനിക സംവിധാനങ്ങളുള്ള വാഹനവും വൈകാതെ എത്തും. കടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ ലാത്തിയേറിനെ തുടർന്നാണു നടപടി. 

റൂറൽ മേഖലയിലെ സ്റ്റേഷൻ ഓഫിസർമാർ, സബ് ഇൻസ്പെക്ടർമാർ, കൺട്രോൾ റൂം വാഹനങ്ങൾ, ഹൈവേ പട്രോളിങ്, ഇന്റർസെപ്റ്റർ വിഭാഗത്തിലെ പൊലീസുകാർ, ട്രാഫിക് പൊലീസ് ടീം എന്നിവയ്ക്കാണു പരിശീലനം നൽകുന്നത്. കേരളത്തിൽ നടത്തിയ പഠനങ്ങൾക്കു ശേഷം ബ്രിട്ടിഷ് കമ്പനിയായ ട്രാൻസ്പോർട്ട് റിസർച്ച് ലാബറട്ടറി( ടിആർഎൽ)  വാഹന പരിശോധന   മാനദണ്ഡങ്ങൾ സംബന്ധിച്ച മാർഗ നിർദേശങ്ങൾ സർക്കാരിനു നൽകിയിരുന്നു. ഇവ പൊലീസിനു നൽകിയിട്ടും ഫലം ഉണ്ടായില്ലെന്നാണു വിലയിരുത്തൽ.  

സുരക്ഷിത ഇടനാഴി പദ്ധതിയുടെ ഭാഗമായി ഇന്റർസെപ്റ്റർ സംവിധാനത്തോടെയുള്ള 8 പരിശോധനാ വാഹനങ്ങൾ എംസി റോഡിൽ ഉടനെത്തും. ഇതോടെ ഡിജിറ്റൽ വാഹന പരിശോധന സാധ്യമാകും. മുൻ ഡിവൈഎസ്പി ജേക്കബ് ജെറോമിന്റെ നേതൃത്വത്തിലുള്ള നാറ്റ്പാക് സംഘമാണു പരിശീലനം നൽകുന്നത്. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama