go

രൂക്ഷമായ ദുർഗന്ധം, വീടുകളിൽ പോലും കഴിയാൻ പറ്റാത്ത സ്ഥിതി; കണ്ടെയ്നർ ലോറി നിറയെ മാലിന്യം

kollam-waste-disposing
ചാത്തന്നൂർ ഇത്തിക്കര പാലത്തിനു സമീപം ദേശീയപാതയിൽ ഉപേക്ഷിച്ച കണ്ടെയ്നർ ലോറിയിലുണ്ടായിരുന്ന ഇറച്ചിക്കോഴിമാലിന്യം പഴയ ഓട് ഫാക്ടറിയുടെ വളപ്പിലെടുത്ത കുഴിയിലിട്ടു മൂടുന്നു.
SHARE

ചാത്തന്നൂർ∙ ഇറച്ചിക്കോഴി മാലിന്യവുമായി എത്തിയ കണ്ടെയ്നർ ലോറി റോഡരികിൽ ഉപേക്ഷിച്ച് ഡ്രൈവറും ക്ലീനറും മുങ്ങിയ സംഭവത്തിൽ ദേശീയപാതയിൽ ഉപരോധം, പ്രതിഷേധം.മണിക്കൂറുകൾ നീണ്ട സംഭവ പരമ്പരകൾക്ക് ഒടുവിൽ മാലിന്യം കുഴിയെടുത്തു മൂടി. മലപ്പുറം വളാഞ്ചേരിയിൽ നിന്ന് തമിഴ്നാട് കൂടംകുളത്തെ വളം നിർമാണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു കോഴിമാലിന്യം.

kollam-traffic-block
ഉപരോധത്തെത്തുടർന്നു ദേശീയപാതയിലുണ്ടായ ഗതാഗതക്കുരുക്ക്.

അടച്ചുപൂട്ടിയാണ് കൊണ്ടുവന്നതെങ്കിലും കൊട്ടിയം ഭാഗത്ത് എത്തിയതോടെ മാലിന്യം ചോരാൻ തുടങ്ങി. ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്ക് മലിനജലം വീണതോടെ കൊട്ടിയത്ത് നാട്ടുകാർ ലോറി തടഞ്ഞിട്ടിരുന്നു. പൊലീസ് സ്ഥലത്തെത്തി പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു. ഈ ലോറിയാണ് പിന്നീട് ചാത്തന്നൂർ ഇത്തിക്കര പാലത്തിനു സമീപം ഉപേക്ഷിച്ചത്.തുടർന്നുള്ള സംഭവങ്ങൾ ഇങ്ങനെ

ശനി രാവിലെ 11:00

തമിഴ്നാട് റജിസ്ട്രേഷനിലുള്ള മാലിന്യലോറി ഇത്തിക്കര വളവിനു സമീപം നിർത്തിയിട്ടു ഡ്രൈവറും ക്ലീനറും മുങ്ങി. പിറ്റേന്നു നേരം പുലർന്നതോടെ പരിസര പ്രദേശങ്ങളിൽ രൂക്ഷമായ ദുർഗന്ധം. വീടുകളിൽ പോലും കഴിയാൻ പറ്റാത്ത സ്ഥിതി. ദുർഗന്ധം മൂലം പൊറുതിമുട്ടിയ നാട്ടുകാർ റോഡിലേക്കിറങ്ങി. പാചകം ചെയ്യാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥ. ഡിവൈഎഫ്ഐ പ്രവർത്തകർ രാവിലെ 6 മണിയോടെ സ്ഥലത്തെത്തി.

kollam-lorry
ലോറിയിലെ മാലിന്യം കുഴിച്ചു മൂടുന്നതിനു പാലമൂട്ടിനു സമീപത്തെ പഴയ ഓട് ഫാക്ടറി വളപ്പിൽ എത്തിച്ചപ്പോൾ.

ഞായർ രാവിലെ 7:05

ദുർഗന്ധം പരത്തുന്ന വാഹനം നീക്കാത്തതിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ പ്രവർത്തകർ ഇത്തിക്കര വളവിനു സമീപം ദേശീയപാത ഉപരോധിച്ചു. വൻ ഗതാഗതക്കുരുക്ക്. പരവൂർ റോഡ് വഴിയും മറ്റും തിരിച്ചു വിട്ടെങ്കിലും വാഹനനിര കിലോമീറ്ററുകളോളം നീണ്ടു. അറസ്റ്റിലായ പത്ത് പ്രവർത്തകരെ പിന്നീട് വിട്ടയച്ചു. ഉപരോധം അവസാനിച്ചെങ്കിലും ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം തുടർന്നു. പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരുമായി ചർച്ചചെയ്യാൻ പൊലീസ് ശ്രമം.

kollam-protest
ഡിവൈഎഫ്ഐ പ്രവർത്തകർ ഇത്തിക്കര വളവിനു സമീപം ദേശീയപാത ഉപരോധിക്കുന്നു.

9:25: അതുവഴി എത്തിയ മണ്ണ് മാന്തി യന്ത്രം നിർത്താൻ പൊലീസ് നിർദേശം. ഇത്തിക്കര പാലത്തിനു സമീപത്തെ ഒഴിഞ്ഞ പുരയിടത്തിൽ കുഴിയെടുത്ത് മാലിന്യം മൂടാൻ ആലോചന. ചാത്തന്നൂർ സിഐ പ്രദീപ് കുമാർ, പാരിപ്പളളി എസ്ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രവുമായി ഒഴിഞ്ഞ പുരയിടത്തിലേക്ക്. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധവുമായി എത്തുന്നു. മാലിന്യം കുഴിച്ചു മൂടാൻ‌ അനുവദിക്കില്ലെന്ന് നിലപാട്. തുടർന്നു പൊലീസ് ശ്രമം ഉപേക്ഷിച്ചു ലോറിക്കു സമീപത്തേക്ക്. പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ചാക്കോ സ്ഥലത്ത് എത്തി. സിഎച്ച്സിയിൽ നിന്ന് ബ്ലീച്ചിങ്, ലോഷൻ എന്നിവ എത്തിച്ചു ലോറിക്കു സമീപം വിതറുന്നു.

10:45: പരവൂർ നിന്ന് അഗ്നിരക്ഷാസേന എത്തുന്നു. എൻ.കെ.പ്രേമചന്ദ്രൻ എംപി, ജി.എസ്.ജയലാൽ എംഎൽഎ എന്നിവരും സ്ഥലത്തെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച. മീനാട് പാലമൂടിനു സമീപം പഴയ ഓട് കമ്പനി വളപ്പിൽ മാലിന്യം കുഴിച്ചു മൂടാൻ തീരുമാനം. കണ്ടെയ്നർ ലോറിയുടെ ഒരു ടയറിലെ കാറ്റു ഊരി വിട്ട നിലയിൽ. താക്കോൽ ഇല്ലെങ്കിലും ലോറി സ്റ്റാർ‌ട്ടാക്കി ഓടിച്ച് പോസ്റ്റ് ഓഫിസിനു സമീപത്തെ ടയർ കടയിൽ എത്തിച്ചു കാറ്റ് അടിച്ചു.

1:05: പാലമൂട്ടിലെ വിജനമായ വളപ്പിൽ മാലിന്യ ലോറി എത്തിക്കുന്നു. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ആഴത്തിൽ കുഴിയെടുത്തു. കണ്ടെയ്നർ ലോറിയുടെ വാതിൽ തുറന്നു.  പ്രദേശത്ത് എങ്ങും രൂക്ഷമായ ദുർഗന്ധം. പ്ലാസ്റ്റിക് പെട്ടിയിലെ മാലിന്യം കുഴിയിലേക്ക് തള്ളുന്നു. ഒരു കിലോമീറ്റർ വരെ ദുർഗന്ധം

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama