പത്തനാപുരം ∙ ആവണീശ്വരം റെയിൽവേ മേൽപാലം നിർമാണവുമായി ബന്ധപ്പെട്ടു പുതിയ വിവാദം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി മേൽപാലം ഉൾപ്പെടുത്തിയെന്നു റെയിൽവേ പ്രഖ്യാപിച്ച് 3 മാസം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ സാധ്യതാ ലിസ്റ്റ് നൽകാത്തതാണു വിവാദങ്ങളുടെ തുടക്കം.
ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ കൊടിക്കുന്നിൽ സുരേഷ് എംപിയുമായി നടത്തിയ ചർച്ചയിൽ ഇതു വ്യക്തമാക്കുകയും വാർത്തയാകുകയും ചെയ്തു. വിഷയത്തിൽ കെ.ബി.ഗണേഷ്കുമാർ എംഎൽഎയുടെ സബ്മിഷനു മന്ത്രി ജി.സുധാകരൻ നൽകിയ മറുപടിയിൽ ഇങ്ങനെയൊരു സംഭവം അറിയില്ലെന്നാണ് പറഞ്ഞത്.ഇക്കാര്യം ഉന്നയിച്ചു കൊടിക്കുന്നിൽ സുരേഷ് എംപി മന്ത്രി പിയൂഷ് ഗോയലിനെ ബന്ധപ്പെട്ടപ്പോൾ മന്ത്രിയുടെ മറുപടി ഇങ്ങനെ:
∙പിയൂഷ് ഗോയൽ (കേന്ദ്ര മന്ത്രി)
റെയിൽവേ പാളത്തിനു മുകളിലൂടെ മേൽപാലം നിർമിക്കുന്നത് റെയിൽവേയുടെ ആവശ്യമല്ല. സംസ്ഥാന സർക്കാരാണ് ഇക്കാര്യം ആവശ്യപ്പെടേണ്ടത്. എംപിമാരുടെ യോഗത്തിൽ ശക്തമായ ആവശ്യം ഉയർന്നതാണ് ആവണീശ്വരം മേൽപാലം കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്താൻ കാരണം. സംസ്ഥാനത്തുനിന്നു സർക്കാർ നൽകിയ മേൽപാലം പരിഗണനാ ലിസ്റ്റിൽ ആവണീശ്വരത്തെ ഉൾപ്പെടുത്തിയിട്ടില്ല. എംപിയുടെ കത്ത് പരിഗണിച്ചു സംസ്ഥാന സർക്കാരിനു കത്ത് നൽകും.
മാനദണ്ഡം എന്നേ മറികടന്നു, പക്ഷേ നടപടിയില്ല
മേൽപാലം നിർമിക്കുന്നതിനാവശ്യമായ വാഹനങ്ങളുടെ എണ്ണം എന്നേ മറികടന്ന പാതയാണ് ഇത്. പക്ഷേ പല തടസ്സങ്ങൾ നിരത്തി റെയിൽവേ അനുമതി നിഷേധിച്ചു. സമ്മർദം സഹിക്കാതെയാണ് ഒടുവിൽ സംയുക്ത സംരംഭം എന്ന നിലയിൽ പണം അനുവദിക്കുന്നതിനു നടപടിയായത്. നിലവിലെ തർക്കങ്ങൾ നടപടി നീളുമെന്ന ഭയമാണു നാട്ടുകാർക്ക്.