go

കെഎംഎംഎൽ: ഖനനാനുമതി മരവിപ്പിച്ചതിൽ ദുരൂഹത

Kollam News
കെഎംഎംഎല്ലിന്റെ ഖനനാമതി നിർത്തലാക്കാൻ വഴിവച്ച വ്യവസായ വകുപ്പ് ഉത്തരവിന്റെ പകർപ്പ്.
SHARE

കൊല്ലം ∙ ചവറ കെഎംഎംഎല്ലിന്റെ ഖനനാനുമതി മരവിപ്പിച്ചതിനു പിന്നിൽ ദുരൂഹതകളേറെ. കെഎംഎംഎല്ലിന്റെ കരിമണൽ ഖനനം പൂർണമായി നിർത്തിവച്ച ശേഷം, സ്വകാര്യ കമ്പനികളിൽ നിന്നു ബെനിഫിഷ്യേറ്റഡ് ഇൽമനൈറ്റ് (ബിഐ) വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന സംശയം ബലപ്പെട്ടു. ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദിപ്പിക്കാനുള്ള പ്രധാന അസംസ്കൃത വസ്തുവാണ് ബിഐ.

സംസ്ഥാന വ്യവസായ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിനെത്തുടർന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഖനനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. സ്വകാര്യ കമ്പനികളിൽ നിന്ന് 10,000 ടൺ ബിഐ വാങ്ങാനുള്ള നീക്കം  വിവാദത്തെത്തുടർന്നു മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, ഖനനം തന്നെ നിർത്തലാക്കത്തക്ക വിധം സർക്കാർ ഉത്തരവ് പുറത്തുവന്നത്. കമ്പനി പ്രവർത്തനം തുടരണമെങ്കിൽ ഇനി പുറത്തു നിന്നു ബിഐ വാങ്ങാതെ പറ്റില്ലെന്നായി. 

കരിമണൽ ഖനനത്തിന് അനുമതി തേടി സർക്കാരിനെ സമീപിച്ച സ്വകാര്യ കമ്പനികളാണ്, കെഎംഎംഎല്ലിന് ഇപ്പോഴും ബിഐ നൽകുന്നത്. സ്വകാര്യ മേഖലയിൽ കരിമണൽ ഖനനം കേന്ദ്രസർക്കാർ കർശനമായി നിരോധിച്ചതോടെ സംയുക്ത സംരംഭത്തിന്റെ മറവിൽ ഖനനാനുമതി തേടാൻ ശ്രമം നടന്നു. അതിനും അനുമതി വൈകുന്നതോടെയാണ്, കെഎംഎംഎല്ലിനു ബിഐ വൻതോതിൽ സപ്ലൈ ചെയ്യാൻ നീക്കം തുടങ്ങിയത്. 

കെഎംഎംഎല്ലിനു ഖനനത്തിനായി കരുനാഗപ്പള്ളി താലൂക്കിൽ 203.802 ഹെക്ടറാണു സംസ്ഥാന സർക്കാർ പാട്ടത്തിനു നൽകിയത്. കഴിഞ്ഞ ഒക്ടോബർ 24ന് അകം ഖനനപ്പാട്ടത്തിനു കരാർ ഒപ്പിടേണ്ടതായിരുന്നുവെങ്കിലും കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി അനുമതി ലഭിക്കാത്തതിനാൽ  കഴിഞ്ഞില്ല. കാലാവധി ഒരു വർഷത്തേക്കു കൂടി നീട്ടിക്കൊടുത്തുകൊണ്ടു വ്യവസായ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവാണു ഫലത്തിൽ കെഎംഎംഎല്ലിന്റെ ഖനനം നിർത്തിവയ്ക്കാൻ വഴിയൊരുക്കിയത്.

നിയമപ്രകാരമുള്ള എല്ലാ ലൈസൻസും അനുമതിയും തേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നു മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറോടു ഉത്തരവിൽ നിർദേശിച്ചതോടെ, ഖനനം നിർത്തിവയ്ക്കാൻ ഉത്തരവിടാൻ ഡയറക്ടർ നിർബന്ധിതനായി. എല്ലാവർഷവും താൽക്കാലികമായി ഖനനാനുമതി നീട്ടിക്കൊടുക്കുന്ന പതിവ് വ്യവസായ വകുപ്പ് വേണ്ടെന്നു വച്ചത് എന്തിനാണെന്ന ചോദ്യം ബാക്കി. 

തുടർനടപടി ഇല്ലാതിരുന്നത് കമ്പനിക്കു തിരിച്ചടിയായി

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നു കരിമണൽ ഖനനത്തിനു പാരിസ്ഥിതിക അനുമതി ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയെയാണു കെഎംഎംഎൽ ചുമതലപ്പെടുത്തിയിരുന്നത്. ഇവർ വഴി സമയബന്ധിതമായി അനുമതി നേടിയെടുക്കാൻ കമ്പനിയിൽ നിന്നു തുടർ നടപടി ഉണ്ടാകാതിരുന്നതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. ഖനനാനുമതി നിർത്തലാക്കിയതോടെ, മാർച്ചിനുള്ളിൽ പാരിസ്ഥിതിക അനുമതി ലഭ്യമാക്കാമെന്നു കാണിച്ചു കെഎംഎംഎൽ അധികൃതർ ഇന്നലെ സർക്കാരിനു കത്ത് നൽകി. 

MORE IN KOLLAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama