go

അഭിനന്ദിക്കണം നോയലിനെ; ആ നോവ് അറിഞ്ഞതിന്, സ്നേഹം ഊട്ടിയതിന്

  സഹപാഠി അഭിനന്ദിനു ചോറു വാരി കൊടുക്കുന്ന നോയൽ. അധ്യാപിക ജെസി ഷാജി പകർത്തിയ ചിത്രം
സഹപാഠി അഭിനന്ദിനു ചോറു വാരി കൊടുക്കുന്ന നോയൽ. അധ്യാപിക ജെസി ഷാജി പകർത്തിയ ചിത്രം
SHARE

കോട്ടയം ∙ മറ്റുള്ളവരുടെ വേദന കണ്ടിട്ടും കാണാതെ പോകുന്നവർ കണ്ടു പഠിക്കണം നോയൽ എന്ന ഒന്നാം ക്ലാസ് വിദ്യാർഥിയുടെ കരുതൽ. മുറിവേറ്റ കൈകളാൽ ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ച സഹപാഠിക്കു ചോറു വാരിക്കൊടുക്കാൻ ആലോചിക്കേണ്ടി വന്നില്ല നോയലിന്. സ്വന്തം പാത്രം മാറ്റി വച്ച് സഹപാഠിയായ അഭിനന്ദിനെ നിറയെ ഊട്ടി ആ കുരുന്ന്.

ഏറ്റുമാനൂർ, കാട്ടാത്തി, ആർഎസ്ഡബ്ലു ഗവ.എൽപി സ്കൂളിലെ വിദ്യാർഥികളാണു നോയലും അഭിനന്ദും. ഇരുവരും ഒന്നിച്ചു ഭക്ഷണം കഴിക്കാനിരുന്നെങ്കിലും വലതു കയ്യിലെ മുറിവിന്റെ വേദന അസഹനീയമായതോടെ അഭിനന്ദ് ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ചു. ഇതോടെ നോയൽ കുട്ടുകാരനു ചോറു വാരിക്കൊടുത്തു. അഭിനന്ദിന്റെ വയർ നിറഞ്ഞെന്ന് ഉറപ്പാക്കിയ ശേഷമാണു തന്റെ ഭക്ഷണം നോയൽ കയ്യിലെടുത്തത്.

പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപിക ജെസി ഷാജിയാണ് ഈ അപൂർവ കരുതലിന്റെ ദൃശ്യം പകർത്തിയത്. പുതിയ തലമുറയിൽ നിന്ന് ഇല്ലാതാവുന്ന നന്മ അവരിൽ കണ്ടതു കൊണ്ടാണ് ചിത്രമെടുത്തതെന്നു ജെസി പറഞ്ഞു. കാട്ടാത്തി മേഖലയിലെ ഏക പൊതു സ്ഥാപനമാണ് ഈ വിദ്യാലയം. പെയിന്റിങ് തൊഴിലാളിയായ തടത്തിൽ ജയിംസിന്റെയും അനുവിന്റെയും മകനാണു നോയൽ. ഫൊട്ടോഗ്രഫറായ അനീഷിന്റെയും ജയന്തിയുടെയും മകനാണ് അഭിനന്ദ്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama