കോട്ടയം ∙ മീനച്ചിലാർ–മീനന്തറയാർ–കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി ജനകീയ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്ന തിരുവാർപ്പ് മലരിക്കൽ സീസണിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്കു തയാറെടുപ്പു തുടങ്ങി. നാളെ 4നു കാഞ്ഞിരം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ടൂറിസം സെമിനാർ കെ. സുരേഷ്കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് ജസി നൈനാൻ അധ്യക്ഷത വഹിക്കും. കോ ഓർഡിനേറ്റർ കെ. അനിൽകുമാർ പ്രവർത്തന രൂപരേഖ അവതരിപ്പിക്കും. ജില്ലയിലെ ഏറ്റവും വലിയ നെൽപ്പാടമായ ഒൻപതിനായിരം കായലിന്റെയും മുപ്പായിക്കരിയുടേയും തീരത്തു മലരിക്കൽ–ഇറമ്പം റോഡിലാണ് ടൂറിസം പാതയൊരുക്കുന്നത്. ഉൾനാടൻ ജലപാതകൾ തെളിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
കാഞ്ഞിരം റോഡ് റീടാർ ചെയ്തതോടെ യാത്ര സുഗമമായതും കൃഷി ആരംഭിച്ചതുമാണ് ടൂറിസം പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്. ഉത്തരവാദിത്ത ടൂറിസം മിഷൻ പരിശീലനം നൽകി ഇരുപതോളം ഹോംസ്റ്റേകൾ ആരംഭിച്ചിട്ടുണ്ട്. സഞ്ചാരികൾക്കുള്ള ഇരിപ്പിടങ്ങളും നാടൻ ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങളും തയാറാക്കി വരികയാണ്.