go

യാത്രക്കാരുടെ മിനിമം ആവശ്യം; അമിതകൂലി വാങ്ങില്ലെന്ന് അധികൃതർ ഉറപ്പാക്കുമോ

  നാഗമ്പടം ബസ് സ്റ്റാൻഡിനു സമീപം അടഞ്ഞുകിടക്കുന്ന പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ
നാഗമ്പടം ബസ് സ്റ്റാൻഡിനു സമീപം അടഞ്ഞുകിടക്കുന്ന പ്രീ പെയ്ഡ് ഓട്ടോ കൗണ്ടർ
SHARE

കോട്ടയം∙ ഓട്ടോ – ടാക്സി നിരക്ക് വർധിപ്പിച്ചതിൽ ജനത്തിന് ആധിയേറുമ്പോൾ നിരക്കു വർധന നേരിയ ആശ്വാസം മാത്രമെന്നാണ് ഓട്ടോ തൊഴിലാളികളുടെ പക്ഷം. സർക്കാർ നിശ്ചയിച്ച നിരക്കു നൽകാൻ ഭൂരിഭാഗം പേരും തയാറാണ്. എന്നാൽ അമിത കൂലി ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസും അധികൃതരും ശ്രദ്ധിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു. അമിത നിരക്ക് ചൂഷണത്തിൽ നിന്ന് മോചനം നേടാൻ കോട്ടയത്തു രണ്ടിടത്തു നടപ്പാക്കിയ പ്രീപെയ്ഡ് ഓട്ടോ കൗണ്ടറിന് പൂട്ടുവീണിട്ട് വർഷങ്ങളായി. മീറ്റർ നിർബന്ധമാക്കാനുള്ള  ശ്രമങ്ങളും പരാജയപ്പെട്ടു. നിരക്കുകളിലെ അപാകതയാണ് കൗണ്ടറിന്റെ പരാജയത്തിന് കാരണം. പുതിയ നിരക്കു വന്നതോടെ പ്രീ പെയ്ഡ് കൗണ്ടറിനെപ്പറ്റിയുള്ള ചർച്ചകളും സജീവമായി.

 പ്രീ പെയ്ഡിന് പറ്റിയ പറ്റ്

രാജുനാരായണ സ്വാമി കലക്ടർ ആയിരുന്നപ്പോഴാണ് ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചത്. തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്കും പ്രതിഷേധങ്ങളും ഉണ്ടായതോടെ ഈ ശ്രമം പാളി. യു.വി. ജോസ് കലക്ടറാപ്പോഴും മീറ്റർ നിർബന്ധമാക്കാൻ ശ്രമം നടന്നു. ഇതും പാളി. പിന്നീട് തൊഴിലാളി യൂണിയനുകളുടെ സഹകരണത്തോടെ കോട്ടയം നഗരത്തിൽ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആരംഭിക്കാൻ ശ്രമം നടത്തി. നാഗമ്പടത്തും റെയിൽവേ സ്റ്റേഷനിലുമാണ് ആദ്യഘട്ടമായി കൗണ്ടർ തുടങ്ങിയത്. 3  വർഷം ഇവ പ്രവർത്തിച്ചു. കൂടുതൽ കൗണ്ടറുകൾ ആരംഭിക്കാൻ നീക്കമുണ്ടായെങ്കിലും നിരക്ക് സംബന്ധിച്ച അപാകത പരിഹരിക്കാതെ വന്നതോടെ പ്രീപെയ്ഡ് കൗണ്ടറുകൾക്കു പൂട്ടുവീണു.

നഗര പെർമിറ്റ് 1685

ഇവർക്ക് മാത്രം കോട്ടയം നഗരത്തിലെ 51 അംഗീകൃത സ്റ്റാൻഡുകളിലായി 1685 ഓട്ടോ റിക്ഷകൾക്ക് മാത്രമാണ് നഗര പെർമിറ്റ്. നഗര പെർമിറ്റില്ലാതെ പഞ്ചായത്തുകളിൽ നിന്ന് 1500 ഓട്ടോറിക്ഷകൾ നഗരത്തിൽ എത്തി ഓടുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.   

മീറ്റർ കൃത്യമല്ലെങ്കിൽ പിഴ 2000

ലീഗൽ മെട്രോളജി വകുപ്പാണ് ഓട്ടോറിക്ഷയുടെ മീറ്ററുകൾ പരിശോധിച്ച് നടപടി എടുക്കുന്നത്. എല്ലാ വർഷവും മീറ്ററുകൾ കൃത്യമായി പരിശോധിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമാണ് ആർടി ഓഫിസിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുക. ഭൂരിഭാഗം പേരും മീറ്റർ കൃത്യമായി പരിശോധിപ്പിക്കാറുണ്ട്. മീറ്റർ കൃത്യമല്ലെങ്കിൽ 2000 രൂപ പിഴ ഈടാക്കാമെന്ന് ലീഗൽ മെട്രോളജി വകുപ്പ് പറയുന്നു. നിയമം പാലിക്കാത്ത ഓട്ടോ റിക്ഷകളിൽ നിന്ന് പിഴ ഈടാക്കുന്നുണ്ട്. മീറ്റർ ഇട്ട് ഓട്ടോറിക്ഷ സവാരി നടത്തുന്നതിന് തയാറാകാത്ത ഡ്രൈവർമാർക്കെതിരെ യാത്രക്കാരന് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹായം തേടാം. ഓട്ടോ മീറ്റർ സംബന്ധിച്ച പരാതികൾ ലീഗൽ മെട്രോളജി ഓഫിസിൽ അറിയിക്കാം– ഫോൺ: 0481 2582998.

ഓട്ടോറിക്ഷകളിൽ മീറ്റർ നിർബന്ധമായി പ്രവർത്തിപ്പിക്കണം. വർധിപ്പിച്ച നിരക്ക് ഓട്ടോ റിക്ഷകൾ ഈടാക്കുന്നുണ്ടെങ്കിൽ നിർബന്ധമായി ഓട്ടോ റിക്ഷകളിൽ മീറ്റർ സ്ഥാപിക്കാനും അത് പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ജില്ലാ ഭരണകൂടവും പൊലീസും മോട്ടോർവാഹന വകുപ്പും തയാറാകണം. നിയമം പാലിക്കാത്തവർക്ക് എതിരെ കർശന നടപടി വേണം. നിയമ വ്യവസ്ഥ പ്രകാരമുള്ള പിഴ ഈടാക്കിയാൽ പോലും സാധാരണ യാത്രക്കാർക്ക് നീതി ലഭിക്കും. റോബിൻ ഏബ്രഹാം. കോട്ടയം.

അംഗപരിമിതനായ ഞാൻ ബസിൽ കയറി യാത്രചെയ്യാനുള്ള ബുദ്ധിമുട്ടുകാരണം ഓട്ടോറിക്ഷകളിലാണ് കോട്ടയം നഗരത്തിലൂടെ മിക്കപ്പോഴും യാത്ര. ഓരേ ദൂരം യാത്ര ചെയ്യുന്നതിന് പലനിരക്കാണ് ഡ്രൈവർമാർ വാങ്ങുന്നത്. തർക്കിച്ചാൽ അവരുടെ പ്രതികരണം മോശമായിരിക്കും. സ്ത്രീകളോട് പോലും മാന്യതയില്ലാതെ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ഏകീകൃത നിരക്ക് ഉണ്ടോയെന്ന് പല സ്ഥലത്തും അന്വേഷിച്ചിട്ടും മറുപടിയില്ല. പരാതിയുണ്ടെങ്കിൽ എഴുതി നൽകിയാൽ നടപടിയെന്നാണ് പൊലീസും അർടി ഓഫിസ് അധികൃതരും പറയുന്നത്. സർക്കാർ നിശ്ചയിച്ച നിരക്കു മാത്രമാണ് യാത്രക്കാരിൽ നിന്ന് വാങ്ങുന്നതെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. ബോബി കുര്യൻ , റിട്ട. അധ്യാപകൻ.

പ്രിപെയ്ഡ് കൗണ്ടർ പൂട്ടിയത് പ്രായോഗികമല്ലാത്ത അധികൃതരുടെ സമീപനം കാരണമാണ്. പുതിയ നിരക്ക് പ്രകാരം പ്രീപെയ്ഡ് കൗണ്ടർ പ്രവർത്തനം ആരംഭിച്ചാൽ സഹകരിക്കും. അധികൃതരുടെ ചില അപ്രായോഗിക നടപടിയാണ് നാഗമ്പടം ബസ് സ്റ്റാൻഡിലെ കൗണ്ടർനിന്നു പോകാൻ കാരണമായത്. 20 രൂപ മിനിമം ഓട്ടോ കൂലിയുള്ളപ്പോൾ 18 രൂപയാണ് പ്രീപെയ്ഡ് കൗണ്ടറിൽ ബില്ല് അടിച്ചിരുന്നത്. 2 രൂപ പിന്നീട് വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത് ഇതു വരെ ലഭിച്ചില്ല. നടരാജൻ തുണ്ടിയിൽ,( ഓട്ടോ ഡ്രൈവർ, നാഗമ്പടം ബസ് സ്റ്റാൻഡ്. ഐഎൻടിയുസി യൂണിയൻ കൺവീനർ)

കോട്ടയം നഗരത്തിൽ സർവീസ് നടത്തുന്നതിൽ ഭൂരിഭാഗവും പഞ്ചായത്ത് ഓട്ടോറിക്ഷകളാണ്. സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോ റിക്ഷകൾ 10 മണിക്കൂർ കാത്തുകിടന്നാൽ 2 മണിക്കൂർ മാത്രമാണ് ഓട്ടം ലഭിക്കുക. സ്റ്റാൻഡില്ലാത്ത ഓട്ടോ റിക്ഷകളാണ് അമിത കൂലി ഈടാക്കുന്നത്. വി.ആർ. രാജീവ്  (ദർശന ഓട്ടോ സ്റ്റാൻഡ്, ശാസ്ത്രി റോഡ്)

പ്രീപെയ്ഡ് കൗണ്ടർ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകി. ന്യായമായ നിരക്കു വർധനയാണു വന്നത്. ഓട്ടോറിക്ഷ തൊഴിലാളികളിൽനിന്ന് അനുകൂലനിലപാട് ഉണ്ടാകുമെന്നാണ് കരുതുന്നത്. യോഗത്തിൽ പൊലീസിനെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്– ഹരിശങ്കർ , ജില്ലാ പൊലീസ് മേധാവി‌

പ്രീപെയ്ഡ് കൗണ്ടർ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും ഡോ. ബി.എസ്. തിരുമേനി കലക്ടർ

പ്രീപെയ്ഡ് കൗണ്ടറുകൾ പുനരാരംഭിക്കുന്നതിന് എല്ലാ സൗകര്യങ്ങളും ഒരുക്കും. ഓട്ടോറിക്ഷകൾ കൂടുതൽ ജനകീയവും ജനോപകാരപ്രദവുമാക്കുന്നതിന് എല്ലാ പിന്തുണയും മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തു നിന്നു നൽകും ബാബു ജോൺ ,ആർടിഒ

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama