go

അസ്തമിച്ചല്ലോ അന്തിച്ചന്തകൾ

SHARE

വൈക്കം ∙ പഴയകാലത്ത് വ്യാപാരമേഖലയുടെ നിറസാന്നിധ്യമായിരുന്ന അന്തിച്ചന്തകൾ ഇന്ന് ഓർമ മാത്രം. മണ്ണെണ്ണ വിളക്കിന്റെ തിരിനാളത്തിൽ ആയിരങ്ങൾ ഒത്തുചേർന്നിരുന്ന പ്രധാന വ്യാപാര കേന്ദ്രങ്ങളായിരുന്ന ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറെക്കര, നാനാടം, നഗരസഭയിലെ തോട്ടുവക്കം, തലയോലപ്പറമ്പ്, വെള്ളൂർ പഞ്ചായത്തിലെ മേവെള്ളൂർ, വടയാർ പാലം എന്നിവിടങ്ങളിലെ അന്തിച്ചന്തകൾ. വെള്ളൂർ, പടിഞ്ഞാറെക്കര, തോട്ടുവക്കം, വടയാർ എന്നിവിടങ്ങളിലെ ചന്ത പൂർണമായും നിലച്ചു.

 അന്തിച്ചന്തകൾ ഇപ്പോൾ നിലനിൽക്കുന്നത് തലയോലപ്പറമ്പ്, ഉല്ലല ഭാഗങ്ങളിലാണ്. വൈക്കത്തുനിന്ന് കായൽ കടന്നു അക്കരയെത്തിയാൽ ചേർത്തലയുടെ വിവിധ പ്രദേശങ്ങളിൽ ഇന്നും അന്തിച്ചന്തകൾ സജീവമാണ്. അന്തിച്ചന്തകളിലെ വ്യാപാരം നിലച്ചതോടെ വൈക്കത്തെ കാർഷിക മേഖലയെയും ബാധിച്ചു. ഒരു കാലത്ത് പ്രൗഢിയോടെ നിലനിന്നിരുന്ന പടിഞ്ഞാറെക്കര മാർക്കറ്റിലേയ്ക്ക് എത്തിനോക്കിയാൽ അടഞ്ഞുകിടക്കുന്ന കടമുറികളും, കാടുപിടിച്ച് കിടക്കുന്ന പരിസരവും, നാടോടികളും തെരുവുനായ്ക്കളും വിഹരിക്കുന്ന കാഴ്ചയാണ്. 

ജലഗതാഗത സൗകര്യത്തിനു ഏറ്റവും അനുയോജ്യമായ സ്ഥലത്തു സ്ഥിതിചെയ്തിരുന്ന ചേർത്തല, ആലപ്പുഴ, പള്ളിപ്പുറം, പൂത്തോട്ട, പറവൂർ ഭാഗങ്ങളിൽ നിന്ന് വള്ളത്തിൽ കായൽ, കടൽ, പുഴ മത്സ്യങ്ങളുമായി നൂറുകണക്കിനു ആളുകളായിരുന്നു അന്തിച്ചന്തയിൽ എത്തിയിരുന്നത്. അന്തിച്ചന്തയിലെ പ്രധാന കച്ചവടം മത്സ്യത്തിന്റേതായിരുന്നു. കയർ, തഴപ്പായ വിപണികളും സജീവമായിരുന്നു.

ഇതിനു പുറമെ കപ്പ, പച്ചക്കറി, ഉണക്കമീൻ, നാളികേരം, കുടംപുളി, പലചരക്ക്, നാടൻ ചായക്കടകൾ എന്നിവയെല്ലാം ചന്തയുടെ സവിശേഷതകളായിരുന്നു. കട്ടിയും ത്രാസിനും പകരം പങ്കുകച്ചവടമായിരുന്നു കൂടുതലായി നടന്നിരുന്നത്. ഇടനിലക്കാർ ഇല്ലാതെ കർഷകർ നേരിട്ടായിരുന്നു വിപണനങ്ങൾ കൂടുതലും നടന്നിരുന്നത്. വെള്ളൂരിന്റെ നിറസാന്നിദ്ധ്യമായിരുന്ന മാർക്കറ്റിന്റെ മരണമണി മുഴക്കിയത് റെയിൽവേയുടെ തലതിരിഞ്ഞ വികസനപദ്ധതികളാണ്. 

മാർക്കറ്റ് നിലച്ചതോടെ അക്ഷരാർത്ഥത്തിൽ വെള്ളൂർ ടൗൺ പോലും ഉന്മൂലനം ചെയ്യപ്പെട്ടു. ഇപ്പോൾ അന്തിച്ചന്തകളുടെ പെരുമ നിലനിർത്തുന്നത് തലയോലപ്പറമ്പിലും അരയൻകാവിലും മാത്രമാണ്. അന്തിച്ചന്തകൾ കൂടുവിട്ടതോടെ പരമ്പരാഗത ഉൽപന്നങ്ങൾക്ക് വിപണി ഇല്ലാതായിരിക്കുകയാണ്. വരുംതലമുറക്ക് ഇനി ഓർമ മാത്രമായിരിക്കും മണ്ണെണ്ണ വിളക്കിന്റെ തിരിനാളത്തിലുള്ള വിപണനകേന്ദ്രങ്ങൾ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama