go

എരുമേലി ചന്ദനക്കുടം ഇന്ന്

Kottayam News
എരുമേലി പേട്ടതുള്ളലിനായി എത്തിയ അമ്പലപ്പുഴ സംഘം മണിമലക്കാവ് ഭഗവതിക്ഷേത്രത്തിൽ നടത്തിയ ആഴിപൂജ. ചിത്രം: ജിബിൻ ചെമ്പോല∙മനോരമ
SHARE

എരുമേലി∙ മാനവമൈത്രിയുടെ സന്ദേശം പകർന്ന് ചരിത്ര പ്രസിദ്ധമായ ചന്ദനക്കുടം ഇന്നു നടക്കും. അമ്പലപ്പുഴ, ആലങ്ങാട് പേട്ടതുള്ളൽ നാളെ.   മഹല്ല മുസ് ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ചന്ദനക്കുടം. വൈകിട്ട് ഏഴിനു ചന്ദനക്കുടം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് പി.എച്ച്. ഷാജഹാൻ അധ്യക്ഷത വഹിക്കും.

ചന്ദനക്കുടം ആഘോഷ ഭാഗമായി എത്തുന്ന അമ്പലപ്പുഴ സംഘത്തെ ഇന്നു വൈകിട്ട് അഞ്ചിനു സ്വീകരിക്കും. അയ്യപ്പസ്വാമിയും വാവരു സ്വാമിയും തമ്മിലുള്ള ബന്ധത്തിന്റെ സ്മരണ പുതുക്കുന്ന സൗഹൃദസംഗമം ജമാഅത്ത് ഓഫിസിൽ വൈകിട്ട് അഞ്ചിനു നടക്കും.

ചന്ദനക്കുട ഘോഷയാത്ര വർണ, ദൃശ്യവിസ്മയമാകും. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ നാളെ നടക്കും. കൊച്ചമ്പലത്തിൽ നിന്നു നൈനാർ മസ്ജിദിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാഅത്ത് ഭാരവാഹികൾ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കും. പിന്നീടു വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം സംഘം വലിയമ്പലത്തിലേക്കു പേട്ടതുള്ളും. കളത്തിൽ ചന്ദ്രശേഖരൻ നായരാണു സമൂഹ പെരിയോൻ.

അമ്പാടത്ത് എ.കെ.വിജയകുമാറാണ് പെരിയോൻ. ഗോളക, കൊടി, വെളിച്ചപ്പാട്, കാവടിയാട്ടം തുടങ്ങിയവയുടെ അകമ്പടിയിലാണു തുള്ളൽ. ഇന്ന് എരുമേലിയിൽ ഇന്നു 10ന് പീഠം വയ്ക്കലും പാനകപൂജയും നടക്കും.

ആഘോഷങ്ങൾക്ക് ക്രമീകരണമായി

എരുമേലി∙ ചന്ദനക്കുടം ആഘോഷങ്ങൾക്കു ക്രമീകരണം പൂർത്തിയായതായി ജമാഅത്ത് കമ്മിറ്റി അറിയിച്ചു. ഉദ്ഘാടനത്തിനു ശേഷം 7.30ന് ചന്ദനക്കുട ഘോഷയാത്ര ചരള, ബസ് സ്റ്റാൻഡ്, പേട്ടക്കവല, കൊച്ചമ്പലം, വലിയമ്പലം, ചെമ്പകത്തുങ്കൽ സ്റ്റേഡിയം, കെഎഎസ്ആർടിസി, മാർക്കറ്റ്, വിലങ്ങുപാറ വഴി മസ്ജിദ് അങ്കണത്തിൽ എത്തും. ഘോഷയാത്രയെ വിവിധ വകുപ്പ് പ്രതിനിധികൾ സ്വീകരിക്കും.

ചന്ദനക്കുട ആഘോഷങ്ങളുടെ ക്രമീകരണത്തിന് പ്രസിഡന്റ് പി.എച്ച്.ഷാജഹാൻ, വൈസ് പ്രസിഡന്റ് കെ.എച്ച്. നൗഷാദ്, ഹക്കിം മാടത്താനി, സെക്രട്ടറി നൈസാം പി.അഷറഫ് , ജോ. സെക്രട്ടറി ഹക്കിം മാടത്താനി, റെജി ചക്കാലയിൽ , പി.എ. ഇർഷാദ്, പി.എ. നിസാർ, കെ.എ. അബ്ദുൽസലാം, വി.പി. അബ്ദുൽകരിം, അൻസാരി പാടിക്കൽ, അനീഷ് ഇളപ്പുങ്കൽ, അനസ് പ്ലാമൂട്ടിൽ, റസൽ സലിം എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.

ഇന്നു ഗതാഗത നിയന്ത്രണം

എരുമേലി ചന്ദനക്കുടത്തോട് അനുബന്ധിച്ചു മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

∙ വൈകിട്ട് 5 മുതൽ രാത്രി 12 വരെ കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നു മുക്കൂട്ടുതറ, പമ്പ ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകൾ, വലിയ വാഹനങ്ങൾ എന്നിവ കൊരട്ടി പാലത്തിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കണ്ണിമല പാറമട പ്രൊപ്പോസ് വഴി പോകണം. ചെറിയ വാഹനങ്ങൾ (അയ്യപ്പ ഭക്‌തർ കയറിയ വാഹനങ്ങൾ ഉൾപ്പെടെ) ഉള്ളവ കുരുവാമൂഴിയിൽ നിന്നു വലത്തോട്ടു തിരിഞ്ഞ് ഒരുങ്കൽകടവ് വഴി എരുമേലി കെഎസ്ആർടിസിയിൽ എത്തിച്ച് ആളുകളെ ഇറക്കിപ്പോകണം.

∙ കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നു റാന്നി ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ എരുമേലി പെട്രോൾ പമ്പ് കവലയിൽ നിന്നു വലത്തോട്ട് തിരിഞ്ഞു ടിബി ജംക്‌ഷൻ വഴി, ഷെർമൗണ്ട് കോളജ് വഴി കരിമ്പിൻതോട്ടിലെത്തി റാന്നിക്കു പോകാം.

∙ റാന്നി ഭാഗത്തു നിന്നു മുണ്ടക്കയം ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും കരിങ്കല്ലുംമൂഴിയിൽ നിന്നു തിരിഞ്ഞ് എംഇഎസ്, പ്രൊപ്പോസ് പാറമട, പുലിക്കുന്ന് വഴി മുണ്ടക്കയത്തിനു പോകാം.

∙ എരുമേലിയിൽ നിന്നു കാഞ്ഞിരപ്പള്ളിക്കു പോകേണ്ട ചെറിയ വാഹനങ്ങൾ വാഴക്കാല ഓരുങ്കൽ കടവ് കുറുവാമൂഴി വഴി പോകണം.

∙ എരുമേലിയിൽ നിന്നു കാഞ്ഞിരപ്പള്ളിക്കു പോകേണ്ട കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങളും ഭാരം കയറ്റിയ വലിയ വാഹനങ്ങളും വാഴക്കാല, കാരിത്തോട് ചേനപ്പാടി വഴി പോകണം.

∙ റാന്നി ഭാഗത്തുനിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും കരിമ്പിൻതോട്ടിൽ നിന്നു തിരിച്ച് ചേനപ്പാടി വഴി പോകാം.

∙ പ്രൊപ്പോസ് ഭാഗത്തുനിന്ന് ഒരു വാഹനത്തിനും എരുമേലി ടൗണിലേക്ക് പ്രവേശനമില്ല.

∙ ചന്ദനക്കുടത്തിനു ക്ഷണിക്കപ്പെട്ട അതിഥികളുടെയും മറ്റു ബന്ധപ്പെട്ട വാഹനങ്ങൾക്കും കൊരട്ടി മുതൽ വാവരുപള്ളി വരെ എത്താൻ തടസ്സമില്ല.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama