go

നാടിനെ നിശ്ചലമാക്കി പണിമുടക്ക്

SHARE

കോട്ടയം ∙ നാടും നഗരവും നിശ്ചലമാക്കി പണിമുടക്കു പൂർണം. സ്വകാര്യ വാഹനങ്ങൾ ഓടിയെങ്കിലും കടകളും ഓഫിസുകളും അടഞ്ഞു കിടന്നു. ഏതാനും സ്ഥലങ്ങളിൽ മാത്രം കച്ചവട സ്ഥാപനങ്ങൾ തുറന്നെങ്കിലും തിരക്കു നാമമാത്രം. കലക്ടറേറ്റിൽ എത്തിയതു വിരലിൽ എണ്ണാവുന്ന ജീവനക്കാർ.  രണ്ടു ട്രെയിനുകൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞു. 

ട്രെയിനുകൾ ഇന്നലെയും വൈകിയോടി. ശബരിമല തീർഥാടകർക്കായി എരുമേലി, കോട്ടയം ഡിപ്പോകളിൽ നിന്നു സർവീസുകൾ നടത്തി. 

എടിഎമ്മുകളിൽ പണം ഉണ്ടായിരുന്നതു ജനത്തിനു സഹായമായി. പെട്രോൾ പമ്പുകൾ തുറന്നു. ചങ്ങനാശേരിയിൽ ബോട്ടുകളും സർവീസ് നടത്തിയില്ല. എൻടിഎ നടത്തിയ ജോയിന്റ് എൻട്രൻസ് പരീക്ഷയിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിൽ റജിസ്റ്റർ ചെയ്ത 186 വിദ്യാർഥികളിൽ 167 പേർ പരീക്ഷ എഴുതി.

മുടങ്ങിയില്ല നന്മ

പണിമുടക്കുദിനം കുഴിയടയ്ക്കൽ ദിനമാക്കി മാറ്റി വഴിക്കടവിലെ കൂട്ടായ്മ. പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യം  നീക്കം ചെയ്തു. റോഡിലെ കുഴികളും ഇവർ കല്ലും മണ്ണുമിട്ട് നികത്തി. ഇന്നലെ മെഡിക്കൽകോളജ് – സംക്രാന്തി റോഡിൽ സാന്ത്വനം അഭയകേന്ദ്രത്തിലെ മുതിർന്ന കുട്ടികളും അമ്മമാരും ചേർന്നു ശുചീകരണം നടത്തി. 

നിർമാണം  ഉഷാർ

നിർമാണ മേഖലയെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പലയിടങ്ങളിലും ജോലിക്കെത്തി.  കടകൾക്ക് അറ്റകുറ്റപ്പണികളുടെ തിരക്കായിരുന്നു. പണിമുടക്ക് മൂലം തുടർച്ചയായി 2 ദിവസം ലഭിച്ചതോടെ വ്യാപാരികളിൽ ചിലർ മോടി പിടിപ്പിക്കലിന്റെയും ശുചീകരണത്തിന്റെയും തിരക്കിലായിരുന്നു. 

തിരക്കിൽ വാഗമൺ 

പണിമുടക്കു പ്രയോജനപ്പെടുത്താൻ സഞ്ചാരികൾ വാഗമണ്ണിലേക്കെത്തി. 2 ദിവസവും വിനോദ സഞ്ചാരികൾ വാഗമണ്ണിലെ തണുപ്പ് ആസ്വദിക്കാനെത്തി.  1500  പേർ ചൊവ്വാഴ്ച വാഗമണ്ണിലെത്തി. ഇന്നലെ ഇത് 1800 കവിഞ്ഞു. വലിയ ബസുകൾ ഉൾപ്പെടെ  വാഹനങ്ങൾ എത്തിയില്ല. സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളുമായിരുന്നു ഏറെയും. 

5 അധ്യയനദിനങ്ങൾ

പുതുവർഷം പിറന്നിട്ടു 10 ദിവസം. വനിതാ മതിലും പണിമുടക്കും ഹർത്താലുമൊക്കെ ചേർന്നു കൊണ്ടു പോയത് 5 അധ്യയനദിനങ്ങൾ.

 പ്രളയം ഉൾപ്പെടെ  പ്രശ്നങ്ങൾ മൂലം നിരവധി അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ട കഴിഞ്ഞ വർഷം ഓണപ്പരീക്ഷ പോലും റദ്ദാക്കി. ക്രിസ്മസിന് അർധ വാർഷിക പരീക്ഷ നടത്തിയാണു വിദ്യാഭ്യാസ വകുപ്പ് ഇതിനു പരിഹാരം കണ്ടെത്തിയത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama