go

അഴിച്ചിട്ടും തീരാതെ അഴിയാക്കുരുക്ക്

 Kottayam News
സംക്രാന്തി കവലയിൽ വാഹനത്തിരക്കു നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിയമിച്ചതോടെ സുഗമമായ ഗതാഗതം.
SHARE

കോട്ടയം ∙ എംസി റോഡിലെ അഴിയാക്കുരുക്കിനു സംക്രാന്തിയിൽ അധികൃതർ പരിഹാരം കണ്ടുപിടിച്ചു. പക്ഷേ, ചിങ്ങവനവും കാരിത്താസും ഇപ്പോഴും യാത്രാ ദുരിതത്തിലാണ്. ഇതുമൂലം സംക്രാന്തിയിലെ ക്രമീകരണം മൊത്തത്തിൽ പ്രയോജനപ്പെടുന്നില്ല. 

നഗരത്തിലെ ചെറുജാഥയും സമ്മേളനവും വരെ നഗരം സ്‌തംഭിക്കുന്നതിനു കാരണമാകുന്നുണ്ട്. ചിങ്ങവനം മുതൽ കാരിത്താസ് വരെ കടന്നുകിട്ടാനാണു പ്രയാസം. ഇതിനിടയിലുള്ള പുളിമൂട് ജംക്​ഷൻ, ശീമാട്ടി റൗണ്ടാന, ബേക്കർ ജംക്​ഷൻ, നാഗമ്പടം, സംക്രാന്തി, ഗാന്ധി സ്‌ക്വയർ എന്നിവയും തരണം ചെയ്യണമെങ്കിൽ ഏറെ കഷ്ടപ്പെടണം. 

മെഡിക്കൽ കോളജിലേക്കു തിരിയുന്ന കവല എന്ന നിലയിലാണു സംക്രാന്തിയിൽ കൂടുതൽ ജാഗ്രത പാലിക്കാൻ പൊലീസ് തയാറായത്. ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗതം നിയന്ത്രിച്ചു. ഇന്നു മുതൽ ഈ രീതി തുടരും.

ചിങ്ങവനം കവലയിൽ  ഇനി വേണ്ടത്

 Kottayam News
എംസി റോഡിൽ ചിങ്ങവനം കവലയിലെ വാഹനത്തിരക്ക്. ചങ്ങനാശേരിയിൽ നിന്നെത്തുന്ന വാഹനങ്ങളെ കോട്ടയം നഗരത്തിലേക്കു സ്വാഗതം ചെയ്യുന്ന കവലയാണു ചിങ്ങവനം.

∙ കവലയിൽ ചന്തയിലേക്കും പരുത്തുംപാറയിലേക്കും തിരിയുന്ന ഭാഗത്താണു ഗതാഗതക്കുരുക്ക്. ഗതാഗത നിയന്ത്രണത്തിനു കവലയിൽ മിക്കപ്പോഴും ഒരു പൊലീസ് മാത്രമേ ഉള്ളു. പരുത്തുംപാറ, ചന്ത എന്നിവിടങ്ങളിലേക്കും അവിടെ നിന്നു കവലയിലേക്കും ക്രമം തെറ്റിയും നിയന്ത്രണമില്ലാതെയും വരുന്ന വണ്ടികളാണു കുരുക്കിനു കാരണം. ഇവിടെ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. 

ഗോമതിക്കവലയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഇവിടെ നിന്നു മാറ്റി കവലയിലേക്കു സ്ഥാപിച്ചാൽ നല്ലതാണെന്ന അഭിപ്രായം ഉണ്ട്.  പന്നിമറ്റം ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്ക് ഇതു ബാധകമല്ലതാനും. അവിടെ നിന്ന് അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. 

കാരിത്താസ് കവലയിൽ  കുരുക്കിനു ശമനമില്ല 

 Kottayam News
കാരിത്താസ് കവലയിലെ ഗതാഗതക്കുരുക്ക്

∙ ഏറ്റുമാനൂർ – കോട്ടയം റോഡിൽ തിരക്കേറിയ കവലയാണു കാരിത്താസ്. ഇവിടെ നിന്നു മെഡിക്കൽ കോളജ് ആശുപത്രി ഭാഗത്തേക്ക് എളുപ്പമാർഗം പോകാമെന്നതാണു പ്രത്യേകത. ഓൾഡ് എംസി റോഡിൽ നിന്നും മറ്റുമുള്ള വാഹനങ്ങൾ  ഇവിടെ നിത്യവും കുരുക്ക് ഉണ്ടാക്കുന്നു. കാരിത്താസ് റോഡിൽ നിന്നുള്ള വാഹനങ്ങൾ നേരിട്ട് എംസി റോഡിലേക്കു പ്രവേശിക്കരുതെന്ന നിർദേശം നിലവിലുണ്ട്. പക്ഷേ, ആരും പാലിക്കാറില്ല. 

ഓൾഡ് എംസി റോഡ് വഴി ഏറ്റുമാനൂർ, കാരിത്താസ് ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കാരിത്താസ് കഴിഞ്ഞ് അരുവാക്കുറിഞ്ഞി ജംക്​ഷനിൽ നിന്നു തിരിഞ്ഞ് എംസി റോഡിലെത്തണമെന്നാണു നിർദേശം. 

സംക്രാന്തിയിലെ ക്രമീകരണം ഇങ്ങനെ

∙ പേരൂർ റോഡിൽ നിന്നു സംക്രാന്തിയിലേക്കു വരുന്ന വാഹനങ്ങൾക്കു നേരിട്ട് എംസി റോഡിലേക്കു പ്രവേശനമില്ല. പേരൂർ റോഡിലൂടെ വരുന്ന സർവീസ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വിളക്കമ്പലത്തിനു മുൻപു വലത്തോട്ടു തിരിഞ്ഞ് ഓൾഡ് എംസി റോഡിൽ പ്രവേശിച്ച് പരിത്രാണ ജംക്‌ഷനിലെത്തി എംസി റോഡിൽ എത്തണം. 

ഏറ്റുമാനൂർ ഭാഗത്തു നിന്ന് ഓൾഡ് എംസി റോഡിലൂടെ സംക്രാന്തി ഭാഗത്തേക്കു വരുന്ന വാഹനങ്ങളും പരിത്രാണ ജംക്‌ഷനിൽ നിന്ന് എംസി റോഡി ൽ പ്രവേശിക്കണം. സംക്രാന്തി ജംക്​ഷനിൽ നിന്നു വാഹനങ്ങൾക്കു പേരൂർ റോഡിലേക്കു പോകുന്നതിനു തടസ്സമില്ല. വിളക്കമ്പലം ഭാഗത്തു നിന്ന് എംസി റോഡിലേക്ക് ഒരു വാഹനത്തിനും നേരിട്ടു പ്രവേശനമില്ല. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama