go

നിർത്താതെ പായാനോ ഈ ബസുകൾ...?

SHARE

പാമ്പാടി ∙ വെള്ളൂർ ഏഴാം മൈൽ ജംക്‌ഷനിൽ ബസ് യാത്രക്കാർ വലയുന്നു. തിരക്കേറിയ സമയങ്ങളിൽ കോട്ടയത്തേക്കുള്ള സ്വകാര്യ ബസുകൾ ഇവിടെ നിർത്താതെ കടന്നുപോകുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. തിരക്കു കുറവുള്ള ബസുകൾ പോലും യാത്രക്കാർ കൈ നീട്ടിയാൽ നിർത്താതെ പോകുന്ന സാഹചര്യമുണ്ട്. മത്സരയോട്ടം നടത്തി കടന്നു പോകുന്ന ബസുകളുമുണ്ട്. രാവിലെ ഓഫിസുകളിലേക്ക് ഉൾപ്പെടെ പോകുന്ന യാത്രക്കാർ ഇതിനാൽ മിക്കപ്പോഴും വലയുന്നു. 

ഗവ. വിഎച്ച്എസ് സ്കൂളിലേക്ക് ഉൾപ്പെടെ യാത്രക്കാർ എത്തുന്ന സ്റ്റോപ്പിൽ ഹോംഗാർഡുകളുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യവും യാത്രക്കാർ ഉന്നയിക്കുന്നു.  വൈകുന്നേരങ്ങളിൽ കോട്ടയം ഭാഗത്തു നിന്നു വന്നു ബസിറങ്ങുന്ന യാത്രക്കാരെ വലയ്ക്കുന്നത് റോഡരികിലെ അനധികൃത കച്ചവടങ്ങളാണ്.

ബസ് സ്റ്റോപ്പിനോടു ചേർ‌ന്നു തന്നെ വാഹനങ്ങൾ നിർത്തിയിട്ടു മീൻ വ്യാപാരമുൾപ്പെടെ നടക്കുന്നു. രണ്ടിലധികം വാഹനങ്ങൾ റോഡരികിൽ വഴിയോരക്കച്ചവടത്തിനായി സ്ഥാനം പിടിക്കുന്നതോടെ പലപ്പോഴും ട്രാഫിക് കുരുക്കുമുണ്ടാകുന്നുണ്ട്. പൊലീസ് ഇവിടെ ശ്രദ്ധിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.

പറയാനുണ്ട്

വെള്ളൂർ ഏഴാം മൈൽ ബസ് സ്റ്റോപ്പിൽ നിന്നു പതിവായി യാത്രചെയ്യുന്ന സ്ത്രീ യാത്രക്കാർ കഷ്ടതകൾ അനുഭവിക്കുകയാണ്. രാവില പല ബസുകളും നിർത്താൻ തയാറാകുന്നില്ല. നിറയെ ആളുകളുമായി വരുന്ന ബസിൽ കയറിപ്പറ്റിയാൽ പലപ്പോഴും ജീവനക്കാരുടെ ചില ‘ഡയലോഗു’കളും കേൾക്കേണ്ടി വരുന്നു. .

ജോലി കഴിഞ്ഞു വൈകിട്ടു സ്റ്റോപ്പിൽ തിരിച്ചറിങ്ങുമ്പോൾ അനധികൃത കച്ചവടക്കാരെ തട്ടി വേണം മുന്നോട്ടു പോകാൻ. പലപ്പോഴും സ്ത്രീയാത്രക്കാർക്ക് ഈ ജംക്‌ഷനിൽ നിന്നു തെരുവുനായ്ക്കളുടെ ഭീഷണിയും നേരിടേണ്ടിവരുന്നു.  സ്റ്റോപ്പിൽ നിന്ന് ഇരുവശത്തേക്കുമുള്ള യാത്ര സുഗമമാക്കാനും തെരുവുനായ്ക്കളുടെ ഭീഷണി ഒഴിവാക്കാനും അധികൃതർ നടപടി സ്വീകരിക്കണം.

–സൂസൻ ഏഴാംമൈൽ

(യാത്രക്കാരി)

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama