go

ബോട്ടുകളെ കാത്തിരിക്കുന്നത് പായലും പോളയും

 Kottayam News
നവീകരണജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം കാത്തിരിക്കുന്ന ചങ്ങനാശേരി ബോട്ട് ജെട്ടിയിലും തോട്ടി‍ലും പായലും പോളയും നിറഞ്ഞ നിലയിൽ.
SHARE

ചങ്ങനാശേരി ∙ ടൂറിസം പദ്ധതികളുടെ ഭാഗമായുള്ള നവീകരണ ജോലികൾ പൂർത്തിയാക്കി ഉദ്ഘാടനം കാത്തിരിക്കുന്ന ചങ്ങനാശേരി ബോട്ട് ജെട്ടിയിലേക്കു പുതുതായി ബോട്ടുകൾ എത്തുമോ എന്ന് ആശങ്ക. തോട്ടി‍ൽ പായലും പോളയും നിറഞ്ഞതോടെയാണു ജലഗതാഗതം സുഗമമാകുമോ എന്ന സംശയം ഉടലെടുത്തിരിക്കുന്നത്.

ബോട്ട് ജീവനക്കാർക്കും യാത്രക്കാർക്കും അധികൃതർക്കും പോള തലവേദനയായി മാറിക്കഴിഞ്ഞു. മാറിമാറി വരുന്ന സർക്കാരുകളുടെ കാലത്തു പലവിധത്തിലുള്ള നവീകരണ ജോലികളും ബോട്ട് ജെട്ടിയിൽ നടപ്പാക്കിയിരുന്നെങ്കിലും പോളശല്യം പരിഹരിക്കപ്പെടാത്തതു ചങ്ങനാശേരി ബോട്ട് ജെട്ടി കേന്ദ്രീകരിച്ചുള്ള വികസന സാധ്യതകൾക്കു മങ്ങലേൽപിക്കുന്നു. 

ബോട്ടുകൾ കടന്നുവരുന്ന പാതയിൽ പലഭാഗത്തും മണ്ണും ചെളിയും നിറഞ്ഞുകിടന്നതു വർഷങ്ങൾക്കു മുൻപു നീക്കം ചെയ്തിരുന്നതാണ്. എന്നാൽ ആഴം കൂട്ടിയതോടെ പായൽ കൂട്ടമായി ഒഴുകി ബോട്ട് ജെട്ടി ഭാഗത്ത് അടിയുകയും ഇവ വളർന്ന് തിങ്ങിനിറഞ്ഞു കിടക്കുകയുമാണ്.

ഒരുകാലത്ത് മധ്യകേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് ഒട്ടേറെ ബോട്ടുകൾ സർവീസ് നടത്തിയിരുന്ന ചങ്ങനാശേരി ജെട്ടിയിൽ നിലവിൽ 2 ബോട്ടുകളാണ് ആകെയുള്ളത്. തുടർച്ചയായി അറ്റകുറ്റപ്പണി ആവശ്യമായി വരുന്നതിനാൽ 2 ബോട്ടുകളും കൃത്യമായി സർവീസ് നടത്തുന്ന സാഹചര്യങ്ങൾ അപൂർവമാണ്.

പായലും പോളയും നിറഞ്ഞുകിടക്കുന്നതിനാൽ ചങ്ങനാശേരി ബോട്ട് ജെട്ടിയിലേക്ക് എത്തുന്ന ബോട്ടുകൾ തിരിക്കുന്നതിനും മറ്റുമായി കൂടുതൽ സമയം എടുക്കേണ്ടിവരുന്നു. ഇതു ബോട്ടുകൾ വൈകി ഓടാൻ ഇടയാക്കുന്നുണ്ട്.

യന്ത്രഭാഗങ്ങൾക്കുള്ളിൽ പോള കുരുങ്ങിയുണ്ടാകുന്ന തകരാറുകളും കൂടുതലാണ്. മഴക്കാലമാകുമ്പോൾ പോള പതിന്മടങ്ങു വർധിക്കാനാണു സാധ്യത.മുൻവർഷങ്ങളിൽ പോളശല്യം രൂക്ഷമായ സമയത്ത് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ജലസേചന വകുപ്പ് ഇടപെട്ടാണ് ഇവ നീക്കം ചെയ്തത്. 

പായലും പോളയും യഥാസമയം നീക്കം ചെയ്യണമെന്നു നാട്ടുകാരും യാത്രക്കാരും നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനിയും അധികൃതർ കേട്ട ഭാവം നടിച്ചിട്ടില്ല. പോള പൂർണമായി നീക്കം ചെയ്യണമെങ്കിൽ ലക്ഷങ്ങ‍ൾ വേണ്ടിവരുമെന്നാണു നാട്ടുകാർ പറയുന്നത്. താൽക്കാലികമായ പരിഹാരമല്ല ആവശ്യമെന്നും പോളശല്യം ഇല്ലാതാക്കുന്നിനുള്ള സമഗ്രമായ പദ്ധതി വേണമെന്നും ഇവർ ആവശ്യപ്പെടുന്നു.

നാശത്തിന്റെ വക്കി‍ൽ അഞ്ചുവിളക്കും

∙ ചങ്ങനാശേരി ചന്തയുടെ മുഖമുദ്രയായ അഞ്ചുവിളക്കും നാശത്തിന്റെ വക്കിലാണ്. വിളക്കുകൾ ഉറപ്പിച്ചിരിക്കുന്ന തൂൺ ചരിഞ്ഞ നിലയിലാണ്. വിളക്കുകളിൽ ചിലത് ഏതു നിമിഷവും താഴെ വീഴുമെന്ന അവസ്ഥയിലുമാണ്. ടൂറിസം ബോട്ട് ജെട്ടിയുടെ ഉദ്ഘാടനത്തിനു മുൻപായി അപാകതകൾ പരിഹരിച്ച് അഞ്ചുവിളക്കിന്റെ തനിമ വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ. അഞ്ചുവിളക്കിനു സമീപത്തെ കൈവരികളും തകർന്നിട്ടുണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama