go

കോട്ടയത്തെ എൻഡിഎ സ്ഥാനാർഥി പി.സി. തോമസ്?

PC-Thomas-3
SHARE

കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിൽ മുൻ എംപി പി.സി. തോമസിനെ മത്സരിപ്പിക്കാൻ എൻഡിഎ ഒരുങ്ങുന്നു. പി.സി. തോമസിന്റെ പേര് ആദ്യം മുതൽ ചർച്ചയിലുണ്ടെങ്കിലും സീറ്റ് അദ്ദേഹം നേതൃത്വം നൽകുന്ന കേരള കോൺഗ്രസിനു നൽകുന്ന കാര്യത്തിൽ എൻഡിഎ നേതൃസ്ഥാനത്തുള്ള ബിജെപി മനസ്സു തുറന്നിരുന്നില്ല. ഇന്നലെ തിരുവനന്തപുരത്തു പാർട്ടി ബൈഠക്കിലാണു കോട്ടയം സീറ്റ് ഘടകകക്ഷിക്കു നൽകണമെന്ന നിർദേശമുയർന്നത്. ‍

കോട്ടയം സീറ്റ് സംബന്ധിച്ച് കേരള കോൺഗ്രസിൽ (എം) തർക്കമുണ്ടെന്നും ഈ അവസരം പ്രയോജനപ്പെടുത്താൻ മറ്റൊരു കേരള കോൺഗ്രസിന്റെ നേതാവായ പി.സി. തോമസാണ് ഉചിതമെന്നും ബിജെപി ദേശീയ നേതൃത്വം നിലപാട് എടുത്തു. കേരള കോൺഗ്രസ് സ്ഥാപക നേതാവ് പി.ടി. ചാക്കോയുടെ മകൻ എന്ന പരിഗണനയും വ്യക്തിബന്ധങ്ങളും പി.സി. തോമസിനു ഗുണം ചെയ്യുമെന്നാണു ബിജെപിപ്രതീക്ഷ. കോട്ടയത്തു മത്സരിക്കാൻ പി.സി. തോമസും താൽപര്യം അറിയിച്ചിരുന്നു.

ദേശീയ നേതൃത്വം നിർദേശിച്ചതോടെ ബിജെപി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ കോട്ടയം സീറ്റിലേക്കുള്ള അവകാശവാദത്തിൽ നിന്നു പിൻവാങ്ങി. കോട്ടയം സീറ്റിൽ ബി‍ഡിജെഎസ് മൽസരിക്കാനുള്ള സാധ്യതയും പരിഗണിച്ചിരുന്നു. അതേസമയം ഇടതു മുന്നണിയുടെ തീരുമാനം കൂടി പരിഗണിച്ച ശേഷമേ ബിജെപി അന്തിമ തീരുമാനമെടുക്കൂ. ഇടതുമുന്നണിയുടെ ഭാഗമായി കഴിഞ്ഞ തവണ കോട്ടയത്ത് മൽസരിച്ചത് ജനതാദൾ (എസ്) ആണ്.

 ഇത്തവണ സിപിഎം കോട്ടയം സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചാൽ സ്വന്തം സ്ഥാനാർഥിയെ നിർത്താനാണ് ബിജെപിയുടെ ആഗ്രഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച നോബിൾ മാത്യു ബിജെപിയിൽ എത്തി.ശബരിമല സംബന്ധിച്ച സമരത്തിൽ ഏറ്റവും കൂടുതൽ പൊലീസ് കേസുകൾ എടുത്തത് കോട്ടയം ജില്ലയിലാണ്.

ഇവ തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്തുന്നതിനു ബിജെപി മത്സരിക്കണമെന്നാണു ജില്ലാ നേതൃത്വത്തിന്റെ വാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിലെ വോട്ടുകൾ പരിഗണിച്ചാണ് ബിഡിജെഎസിനു കോട്ടയം സീറ്റ് നൽകാൻ ആലോചിച്ചത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama