go

കരളുരുകി പ്രാർഥിച്ചു; മേളഗോപുരം തീർത്ത് സജികുമാർ

kottayam  News
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സജികുമാർ സ്പെഷൽ പഞ്ചാരിമേളത്തിനു പ്രമാണം വഹിക്കുന്നു.
SHARE

ഏറ്റുമാനൂർ ∙ 4 വർഷത്തിനു ശേഷം ചെണ്ടക്കോൽ വീണ്ടും കയ്യിലേന്തുമ്പോൾ സജികുമാറിന്റെ കണ്ണുകൾ നിറഞ്ഞു. കരൾ ചിരിച്ചു! പഞ്ചാരിമേളത്തിൽ രണ്ടേകാൽ മണിക്കൂറോളം തീർത്ത വിസ്മയപ്പെരുക്കത്തിനു ശേഷം ചെണ്ട താഴെ വയ്ക്കുമ്പോൾ ഏറ്റുമാനൂരപ്പന്റെ നടയ്ക്കു മുൻപിൽ ആനിക്കാട് സജികുമാർ(47) തൊഴുകൈകളുമായി നിന്നു.

ചെണ്ടമേളത്തിൽ  പ്രമാണിത്വം വഹിച്ചിരുന്ന ആനിക്കാട് കിഴക്കടമ്പ് സ്വദേശി സജികുമാറിന്റെ(47) കരളിനെ 4  വർഷം മുൻപ്  മ‍ഞ്ഞപ്പിത്തം കീഴടക്കിയതാണ്. കൊച്ചി അമൃത ആശുപത്രിയിലെ ചികൽസ തുടരുന്ന സജികുമാറിനു കരൾ മാറ്റം നിർദേശിച്ചതാണ്. കരൾ മാറ്റി വയ്ക്കൽ സാധിച്ചില്ല. രോഗം ബാധിച്ചപ്പോഴും,  25 വർഷത്തെ കലാസപര്യ ഉപേക്ഷിക്കാൻ സജികുമാറിന്  ആവുമായിരുന്നില്ല.

ആഗ്രഹം ഡോക്ടർമാരോടു പങ്കുവെച്ചപ്പോൾ വീണ്ടും ചെണ്ടയെടുക്കാൻ അനുമതി ലഭിച്ചു. വർഷങ്ങളോളം ഏറ്റുമാനൂർ  ക്ഷേത്രത്തിൽ മേളം അവതരിപ്പിച്ചിട്ടുള്ള സജികുമാർ രണ്ടാം വരവും ഏറ്റുമാനൂരിൽ നിന്നാരംഭിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് മൂന്നാം ഉത്സവ ദിനമായിരുന്ന ഇന്നലെ സ്പെഷൽ പഞ്ചാരിമേളത്തിനു പ്രമാണിത്വം വഹിച്ചത്.

ഒരു പരിശീലനവുമില്ലാതെയാണ് ഇന്നലെ ചെണ്ടയെടുത്തത്. കൈവിരലുകളിൽ നിന്നു മായാത്ത മേളവുമായി കരളുറപ്പിൽ സജികൊട്ടിക്കയറി. 60ൽപരം കലാകാരന്മാരും മേളത്തിൽ പങ്കെടുത്തു.മരുന്നുകളുമായി മല്ലടിച്ചു കരളിനും തോൽപിക്കാനാകാത്ത കലാസപര്യ വീണ്ടും ശക്തമായി മുന്നോട്ടു കൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് സജികുമാർ. രതികദേവിയാണ് ഭാര്യ. ഗൗരിപ്രിയ, ഗിരിശങ്കർ എന്നിവർ മക്കളും.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama