go

സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നതായി പരാതി

SHARE

പാലാ ∙ ഞായറാഴ്‌ചകളിൽ സ്വകാര്യ ബസുകൾ സർവീസ് മുടക്കുന്നതായി പരാതി. ഇതുമൂലം യാത്രക്കാർ ഏറെ കഷ്‌ടപ്പെടുകയാണ്. 

തൊടുപുഴ, രാമപുരം, കൂത്താട്ടുകുളം, വൈക്കം, കോട്ടയം, ഇൗരാറ്റുപേട്ട  തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസുകൾ ഞായറാഴ്ചകളിൽ സർവീസ് നടത്തുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. വിവിധ സ്ഥലങ്ങളിലേക്ക് പോകാനെത്തുന്നവർ മണിക്കൂറുകളോളം ബസ്സുകൾക്കായി കാത്തു നിൽക്കേണ്ട ഗതികേടിലാണ്. 

ഞായറാഴ്‌ചകളിൽ ബസുകളുടെ കൂട്ടത്തോടെയുള്ള സർവീസ് നിർത്തിവെക്കൽ മൂലം ഓട്ടോറിക്ഷയെയും മറ്റ് വാഹനങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. ബസ് ഇല്ലാത്തതിനാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാതെ നിരാശരായി മടങ്ങുന്നവരുമുണ്ട്. ഒന്നോ രണ്ടോ ബസുകൾ മാത്രമുള്ള യാത്രാക്ലേശമുള്ള റൂട്ടുകളിൽ പോലും ഞായറാഴ്‌ചകളിൽ സർവീസുകൾ മുടക്കുകയാണെന്ന് പറയപ്പെടുന്നു. 

സ്വകാര്യ ബസുകളിൽ പലതും ദിവസവും അവസാന ട്രിപ്പ് ഉപേക്ഷിക്കുകയാണെന്നും യാത്രക്കാർ പറയുന്നു. ആദ്യ ട്രിപ്പ് യഥാർഥ സ്ഥലത്തു നിന്ന് ആരംഭിക്കാതെ തലേ ദിവസം നിർത്തി വച്ച സ്ഥലത്തു നിന്നാണ് ആരംഭിക്കുന്നതെന്നും ആക്ഷേപമുണ്ട്. ബസുകളിൽ റൂട്ട് സൈൻ ബോർഡ് യഥാർഥ സ്ഥലമാണ് പ്രദർശിപ്പിച്ചിരിക്കുന്നതെങ്കിലും കണ്ടക്‌ടർ ടിക്കറ്റ് കൊടുക്കുമ്പോൾ ട്രിപ്പ് അവസാനിപ്പിക്കുന്ന സ്ഥലം വരെയുള്ള ടിക്കറ്റാണ് നൽകുന്നത്. ഇത് പലപ്പോഴും കണ്ടക്‌ടറും യാത്രക്കാരും തമ്മിൽ വാക്കേറ്റത്തിന് വഴിയൊരുക്കുന്നുണ്ട്. 

അനവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. സർവീസ് ബസുകൾ ട്രിപ്പ് മുടക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെയാണ് സർവീസ് നിർത്തിയും ട്രിപ്പ് മുടക്കിയുമൊക്കെ യാത്രക്കാരെ വലയ്ക്കുന്നത്. 

നടപടി സ്വീകരിക്കണം: എൻസിപി

രാമപുരം ∙ ഞായറാഴ്‌ചകളിൽ സർവീസ് നടത്താതെയും ട്രിപ്പ് മുടക്കിയും യാത്രാക്ലേശം സൃഷ്ടിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന്   എൻസിപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.   ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത മന്ത്രിയ്‌ക്ക് പരാതി നൽകാൻ യോഗം തീരുമാനിച്ചു. 

ദേശീയ സമിതിയംഗം എം.പി.കൃഷ്‌ണൻ നായർ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് എം.ആർ.രാജു അധ്യക്ഷത വഹിച്ചു. ജീനസ് നാഥ്,   ജോഷി ഏറത്ത്, പി.കെ.വിജയകുമാർ, പാപ്പച്ചൻ, സലി രാജൻ, ഹരി, സന്തോഷ് വണ്ടന്നൂർ, മനോഹരൻ മുതുവല്ലൂർ, കെ.കെ.ബിജു, എം.ബി.രാജേഷ്, വിനോദ് ജോസഫ്, രാജീവ് എല്ലമ്പുഴ, സോണി സേവ്യർ, കെ.എൻ. ഷിനു എന്നിവർ പ്രസംഗിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama