go

കണ്ടെയ്നർ ലോറിയിടിച്ച് വിദ്യാർഥി മരിച്ചു: സഹപാഠികൾ ലോറി തകർത്തു

മുഹമ്മദ് ഇൻസാഫ്
മുഹമ്മദ് ഇൻസാഫ്
SHARE

കടുത്തുരുത്തി ∙ എംജി സർവകലാശാലയിൽ ഫീസടച്ചു ബൈക്കിൽ മടങ്ങിയ ബിബിഎ വിദ്യാർഥി കണ്ടെയ്നർ ലോറിയിടിച്ചു തൽക്ഷണം മരിച്ചു. ഇതിൽ പ്രതിഷേധിച്ചു സംഭവസ്ഥലത്തെത്തിയ ഒരു സംഘം അപകടമുണ്ടാക്കിയ ലോറി അടിച്ചുതകർത്തതിനു ശേഷം നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ചു. 

3 പൊലീസുകാർക്ക് അടക്കം 7 പേർക്കു പരുക്കേറ്റു. 20 പേർ അറസ്റ്റിലായി. 4 കാറുകളും 6 ബൈക്കുകളും പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണു സംഭവം. കോട്ടയം–എറണാകുളം റോഡിൽ കുറുപ്പന്തറ പുളിന്തറ വളവിലുണ്ടായ അപകടത്തിൽ കൊച്ചി ചുള്ളിക്കൽ തുണ്ടിക്കൽ പി.എം.ഇക്ബാലിന്റെ മകൻ മുഹമ്മദ് ഇൻസാഫ് (21) ആണു മരിച്ചത്. 

കടുത്തുരുത്തിയിൽ കണ്ടെയ്നർ ലോറിയിടിച്ച് പൂർണമായി  തകർന്ന ബൈക്ക്.
കടുത്തുരുത്തിയിൽ കണ്ടെയ്നർ ലോറിയിടിച്ച് പൂർണമായി തകർന്ന ബൈക്ക്.

മട്ടാഞ്ചേരി കൊച്ചിൻ കോളജിലെ ബികോം വിദ്യാർഥിയായ ഇൻസാഫ് മരിച്ചതറിഞ്ഞു കോളജിലെ സഹപാഠികൾ കടുത്തുരുത്തിയിൽ എത്തിയതോടെയാണു സംഭവങ്ങളുടെ തുടക്കം. കാറിലും ബൈക്കിലുമായെത്തിയ 75 പേരടങ്ങുന്ന സംഘം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന കണ്ടെയ്നർ ലോറിയാണ് അടിച്ചുതകർത്തത്. 

മട്ടാഞ്ചേരിയിൽ നിന്നെത്തിയ വിദ്യാർഥികൾ കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു.
മട്ടാഞ്ചേരിയിൽ നിന്നെത്തിയ വിദ്യാർഥികൾ കടുത്തുരുത്തി പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു.

തടയാനെത്തിയ പൊലീസ് 4 പേരെ പിടികൂടി  സ്റ്റേഷനിലെത്തിച്ചു. സംഭവം മൊബൈലിൽ പകർത്താനും അക്രമം തടയാനും ശ്രമിച്ചവരെയും സംഘം ആക്രമിച്ചു. സമീപവാസികളായ പ്രവീൺകുമാർ, ആദർശ്, ഉണ്ണി, അനി എന്നിവർക്കു മർദനമേറ്റു. സംഘം ചേർന്നെത്തിയ വിദ്യാർഥികൾ പൊലീസ് പിടികൂടിയവരെ ബലമായി ഇറക്കിക്കൊണ്ടുപോകാൻ ശ്രമിച്ചു. 

ഇതിനിടെയാണ് എസ്എച്ച്ഒ പി.കെ.ശിവൻകുട്ടിക്കും 2 പൊലീസുകാർക്കും പരുക്കേറ്റത്. ശിവൻകുട്ടിയുടെ മുഖത്തു മുറിവേറ്റു. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ലാത്തി വീശിയാണു റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളെ തുരത്തിയത്. 

അപകടത്തിൽ മരിച്ച മുഹമ്മദ് ഇൻസാഫിന്റെ പിതാവ് ഇക്ബാൽ, പൊലീസ് പിടികൂടിയവരെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു സ്റ്റേഷനിൽ ബഹളം വച്ചു. ഇതോടെ പൊലീസ് കസ്റ്റഡിയിലെടുത്തവരെ തലയോലപ്പറമ്പ്, വെള്ളൂർ സ്റ്റേഷനുകളിലേക്കു മാറ്റി. വെളളൂർ, കുറവിലങ്ങാട്, തലയോലപ്പറമ്പ്, വൈക്കം സ്റ്റേഷനുകളിൽ നിന്നു വൻ പൊലീസ് സംഘം സ്ഥലത്തെത്തി ക്യാംപ് ചെയ്യുകയാണ്.

അപകടത്തെത്തുടർന്നു ബൈക്കിൽ നിന്നു തെറിച്ചു റോഡിൽ വീണ മുഹമ്മദ് ഇൻസാഫ് തൽക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു. ബൈക്ക് പൂർണമായി തകർന്നു. മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോർച്ചറിയിൽ.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama