go

കെവിൻ വധക്കേസ് : സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

Kottayam News
SHARE

കോട്ടയം ∙ കെവിൻ വധക്കേസിൽ അന്വേഷണ സംഘം ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളുടെ പരിശോധന വിചാരണ കോടതി നടത്തി. പ്രതികൾ കോട്ടയത്തും ചാലിയക്കരയിലും എത്തിയതു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങണ് ജില്ലാ സെഷൻസ് കോടതി പരിശോധിച്ചത്. പ്രതികൾ കോട്ടയത്ത് എത്തിയതു തെളിയിക്കുന്ന കോടിമതയിലെ മോട്ടർ വാഹന വകുപ്പിന്റെ സ്പീഡ് ട്രാക്കിങ് ക്യാമറയിലെ ദൃശ്യങ്ങൾ, കെവിന്റെ മൃതദേഹം ലഭിച്ച പുനലൂർ ചാലിയക്കരയ്ക്കു പോകുന്ന വഴിയിലെ കടയിലെ സിസിടിവി ദൃശ്യങ്ങൾ, പ്രതികൾ കോട്ടയത്തു സഞ്ചരിച്ചു എന്നു തെളിയിക്കുന്നതിനായി ശേഖരിച്ച സ്വകാര്യ ഹോട്ടലിലേയും സ്കൂളിലേയും സിസിടിവി ദൃശ്യങ്ങൾ എന്നിവയാണ് ഓഡിയോ വിഷ്വൽ സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധിച്ചത്. 

1ാം പ്രതി സാനു ചാക്കോയുടെയും 9ാം  പ്രതി ടിറ്റുവിന്റെയും ഉടമസ്ഥതയിലുള്ള കാറുകൾ സംഭവം നടന്ന 2018 മേയ് 27നു പുലർച്ചെ കോട്ടയത്തേക്കു വന്നതിന്റെയും പോയതിന്റെയും ദൃശ്യങ്ങൾ കോടിമതയിലെ മോട്ടർവാഹന വകുപ്പിന്റെ സ്പീഡ് ട്രാക്കിങ് ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കാമറയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എം.നജീബ്  തിരിച്ചറിഞ്ഞു. അമിത വേഗത്തിലെത്തിയതിനാലാണു കാറുകൾ ക്യാമറയിൽ പതിഞ്ഞതെന്നും നജീബ് കോടതിയെ അറിയിച്ചു. തിരികെ പോകുന്ന ദൃശ്യത്തിൽ ടിറ്റുവിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പർ പ്ലേറ്റ് എന്തോ തേച്ചു മറച്ചിട്ടുള്ളതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ കാറിലാണു കെവിനെ തട്ടിക്കൊണ്ടു പോയത്. 

27നു രാവിലെ ആറരയ്ക്കും  ഏഴിനും ഇടയിൽ ഇതേ കാറുകൾക്കൊപ്പം മറ്റൊരു കാറും കൂടി കെവിന്റെ മൃതദേഹം കണ്ടെത്തിയ കൊല്ലം ചാലിയക്കര ഭാഗത്തു നിന്നു മടങ്ങുന്നതിന്റെ ദൃശ്യങ്ങളും കോടതി പരിശോധിച്ചു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ മൂന്നര കിലോമീറ്റർ അകലെ സ്ഥാപിച്ച കടയിൽ നിന്നാണ് ഈ ദൃശ്യങ്ങൾ‍ ലഭിച്ചത്. പൊലീസിനു കൈമാറിയ ദൃശ്യങ്ങൾ കടയുടമ രാജീവ് തിരിച്ചറിഞ്ഞു. കോട്ടയത്തു പ്രതികൾ എത്തിയതിന്റെ ദൃശ്യങ്ങളും ഇവർ താമസിച്ച ഹോട്ടലിന്റെ സമീപത്തു നിന്നുള്ള ദൃശ്യങ്ങളും ഹാജരാക്കി. ഇതിൽ ഒരു കാറിനു സമീപത്തു പ്രതികൾ കുനിഞ്ഞിരിക്കുന്നതു വ്യക്തമാണ്. മെഡിക്കൽ കോളജിനു സമീപത്തെ ഹോട്ടലിലെ ക്യാമറയിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തത്. ഇവിടുത്തെ 2 ജീവനക്കാരികൾ ദൃശ്യങ്ങൾ തിരിച്ചറിഞ്ഞു. 

കെവിനെ തട്ടിക്കൊണ്ടു പോയതിനു ശേഷം മാന്നാനത്തെ സ്കൂളിനു മുന്നിൽ ഒന്നാം പ്രതി സാനു ചാക്കോ സഞ്ചരിച്ചിരുന്ന വാഹനം പാർക്കു ചെയ്തിരുന്നു എന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. പൊലീസ് വാഹനം കടന്നു പോകുന്നതിനു പിന്നാലെ ഈ കാർ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. സ്കൂളിലെ സിസ്റ്റം അഡ്മിനിട്രേറ്ററും ദൃശ്യങ്ങൾ കോടതിയിൽ തിരിച്ചറിഞ്ഞു.  കെവിന്റെ വീടിനു സമീപം സാനു ചാക്കോയേയും സുഹൃത്തിനേയും  സംശയാസ്പദമായ സാഹചര്യത്തിൽ ഗാന്ധി നഗർ സ്റ്റേഷനിലെ എഎസ്ഐ ടി.എം.ബിജു കണ്ടിരുന്നു. തുടർന്നു നടത്തിയ പരിശോധനയ്ക്കിടെ പകർത്തിയ ഇവരുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ളവ ബിജു, സ്പെഷൽ ബ്രാഞ്ച് ഫീൽഡ് ഓഫിസർ കെ.അനിൽ കുമാറിനു ഫോൺ വഴി കൈമാറിയിരുന്നു. ഈ ചിത്രങ്ങളും ശബ്ദ രേഖയും കെ.അനിൽകുമാറും തിരിച്ചറിഞ്ഞു. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama