go

കെഎസ്ആർടിസിയിലെ പരിഷ്കാരം ഇരുട്ടടി

Kottayam News
ദുരിതം തന്നെ: ഇന്നലെ രാത്രി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സൂപ്പർഫാസ്റ്റ് ബസുകളിൽ കയറാനുള്ള യാത്രക്കാരുടെ തിരക്ക്.
SHARE

കോട്ടയം ∙ ചെയിൻ സർവീസിനു വേണ്ടി കെഎസ്ആർടിസി നടത്തിയ ക്രമീകരണം ഫലത്തിൽ ജില്ലയിലെ ഡിപ്പോകൾക്കും യാത്രക്കാർക്കും ഇരുട്ടടിയായി. ഡിപ്പോകളിൽ നിന്ന് ആരംഭിച്ച പല ബസുകളും നിർത്തി. കോട്ടയത്തു നിന്ന് എറണാകുളം, തിരുവനന്തപുരം റൂട്ടുകളിൽ കടുത്ത യാത്രാക്ലേശമാണിപ്പോൾ. കാലങ്ങളായി സർവീസ് നടത്തി യാത്രക്കാരുടെ മനസ്സിൽ കയറിയ ബസുകളാണ് ഇത്തരത്തിൽ ഒറ്റ ദിവസം കൊണ്ടു നിർത്തിയത്. ആ വിവരം യാത്രക്കാർ അറിഞ്ഞതുമില്ല. രാവിലെ 5നു കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പർ ഫാസ്റ്റ് ബസിൽ റിസർവേഷൻ രണ്ടു ദിവസം മുൻപേ പൂർത്തിയാകും. തിങ്കളാഴ്ച ദിവസങ്ങളിൽ സീറ്റ് വേണമെങ്കിൽ ദിവസങ്ങൾക്കു മുൻപു ബുക്ക് ചെയ്യണം. രാവിലെ തിരുവനന്തപുരത്തു പല കാര്യങ്ങൾക്കായി എത്തുന്നവരുടെ ആശ്രയമായിരുന്നു അഞ്ചുമണിയുടെ ബസ്. തൃശൂർ – തിരുവനന്തപുരം ചെയിൻ സർവീസ് തുടങ്ങിയതോടെ ഈ ബസ് നിർത്തലാക്കി. ബസ് തിരുവനന്തപുരത്തേക്കു നൽകേണ്ടിവരികയും ചെയ്തു. പകരം 4.45 നും 6.30നും തൃശൂരിൽ നിന്നു വരുന്ന തിരുവനന്തപുരം ബസുകളിൽ കോട്ടയത്തുകാർക്കു സീറ്റുണ്ടാകില്ല. തിരക്കു തന്നെ കാരണം. ഇരുന്നു പോകണമെങ്കിൽ 4.10നു പോകണം. വൈകിട്ട് 6.10ന്റെ തിരുവനന്തപുരം സർവീസ് ഉച്ചയ്ക്ക് 4.30നാക്കി. ഇത്തരം ക്രമീകരണങ്ങൾ വേറെയും. 

പ്രധാന റോഡുകളിൽ സൂപ്പർ ഫാസ്റ്റ് ബസുകൾക്കൊപ്പം സർവീസ് നടത്തുന്ന ഒന്നിൽ കൂടുതൽ ഫാസ്റ്റ് ബസുകൾ പിൻവലിച്ച് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കു പകരം മറ്റു റൂട്ടുകളിലെ ചെയിൻ സർവീസിലേക്കു മാറ്റി. ഇതിനൊപ്പം ഒരേ സമയത്ത് ഒരേ റൂട്ടിൽ അടുത്തടുത്ത ഡിപ്പോകളിൽ നിന്നു പോകുന്ന സർവീസുകളുടെ സമയത്തിൽ 15 മിനിറ്റ് എന്ന ക്രമത്തിൽ മാറ്റം വരുത്തി. പ്രധാന റോഡുകളിൽ ഒരേ സമയം എത്തുന്ന ബസുകൾ ഡിപ്പോകളിൽ 15 മിനിറ്റെന്ന ക്രമത്തിൽ പിടിച്ചിടുന്നുണ്ട്. ഇതു യാത്രക്കാർക്കു ദുരിതമാകുന്നു.  ഈരാറ്റുപേട്ടയിൽ നിന്ന് എട്ടിനു പാലാ വഴി തിരുവനന്തപുരത്തേക്കു പോയിരുന്ന സൂപ്പർ ഫാസ്റ്റിന്റെ സമയം 7.40 ആക്കി മാറ്റി. 8.15നു പാലായിൽ നിന്നു തിരുവനന്തപുരത്തേക്ക് ഒരു സൂപ്പർ ഫാസ്റ്റ് പോകുന്നുണ്ട്. നേരത്തേ ഈരാറ്റുപേട്ടയിൽ 8നു പുറപ്പെട്ട് 8.15നു പാലായിലെത്തുന്ന സൂപ്പർ ഫാസ്റ്റ് അവിടെ നിന്നുള്ള സൂപ്പർ ഫാസ്റ്റുമായി മത്സരിച്ചു പോകുകയായിരുന്നു.

പാലായിലുള്ള 2 സൂപ്പർ ഫാസ്റ്റുകളിൽ രാവിലെ 6.40നു പോകേണ്ടത് 6.30 ആയും 8നു പോകേണ്ടത് 7.40 ആയും സമയം ക്രമീകരിച്ചു. പൊൻകുന്നത്തു നിന്നു 1.30ന് പോയിരുന്ന വർഷങ്ങൾ പഴക്കമുള്ള വെള്ളരിക്കുണ്ട് സൂപ്പർ ഉച്ചകഴിഞ്ഞ് 3.30ലേക്കു മാറ്റിയിരുന്നു. 40,000 രൂപ ദിവസം വരുമാനം ലഭിച്ചിരുന്ന സർവീസിന്റെ വരുമാനം പകുതിയായതോടെ വീണ്ടും പഴയ സമയക്രമത്തിലാണ് ഇന്നലെ മുതൽ ഓടുന്നത്.  വർഷങ്ങളായി മികച്ച വരുമാനം ലഭിക്കുന്ന സ്ഥിരം സർവീസുകളുടെ സമയം മാറ്റേണ്ടതില്ലെന്നു കഴിഞ്ഞ ദിവസം കോർപറേഷൻ ഉത്തരവ് ഇറക്കിയിരുന്നു. ഡ്രൈവർമാരുടെ കുറവു മൂലം 70 ട്രിപ്പുകൾ മാത്രമാണു ദിവസവും നടത്താനാകുന്നത്. കുമളിക്കുള്ള ടൗൺ ടു ടൗൺ സർവീസ് കുറച്ചതു രാത്രിയാത്രക്കാരെ വെട്ടിലാക്കി. ജൻറം ബസുകൾ മുഴുവൻ റദ്ദാക്കി. എരുമേലിക്കും തിരുവല്ലയ്ക്കും ചെങ്ങന്നൂരിനുമാണ് ഈ ബസുകൾ സർവീസ് നടത്തിയിരുന്നത്. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama