go

അവധി തീരാറായെങ്കിലും ക്യാംപുകൾ സജീവം

kottayam-childerns
കുടുംബശ്രീ മിഷൻ കുമരകത്ത് നടത്തിയ പെൻസിൽ എന്ന കുട്ടികളുടെ അവധിക്കാല ക്യാംപിൽ നാടൻ കളിക്കോപ്പുകൾ ഉണ്ടാക്കി രസിക്കുന്ന കുട്ടികൾ. ചിത്രം : വിഘ്നേഷ് കൃഷ്ണമൂർത്തി ∙ മനോരമ
SHARE

കോട്ടയം ∙ ‌ മധ്യവേനലവധി തീരാറായെങ്കിലും കുട്ടികളിപ്പോഴും ആഘോഷത്തിമിർപ്പിലാണ്. വീട്ടുമുറ്റത്തെ കുട്ടികളുടെ കളികൾക്കൊപ്പം ക്യാംപുകളും ഇക്കുറി ഏറെ സജീവമാണ്.  ക്യാംപുകളുടെ അകത്തളങ്ങളിലേക്കു പറിച്ചു നടാൻ തലയ്ക്കു മീതെ കലിത്തുള്ളി നിൽക്കുന്ന സൂര്യനുള്ളതും കാരണമായി. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മധ്യവേനൽ അവധിക്കാലത്തു ക്ലാസ് നടത്തുന്നതിനു സർക്കാർ വിലക്കുള്ളതിനാൽ, അവധിക്കാല ക്യാംപുകളിലും ക്ലാസുകളിലുമെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടെന്നു വിവിധ ക്യാംപ് ഡയറക്ടർമാർ പറഞ്ഞു. നഗരത്തിലും നാട്ടിൻപുറങ്ങളിലുമായി നടക്കുന്ന അവധിക്കാല ക്യാംപുകളെല്ലാം തന്നെ കളികളുടെ രസച്ചരടിൽ കോർത്തിണക്കിയവയാണ്.

കലയുടെ കാലം

kottayam-thabala
ജവാഹർ ബാലഭവനിൽ നടത്തുന്ന അവധിക്കാല ക്യാംപിലെ മൃദംഗം ക്ലാസിൽ നിന്ന്.

ശാസ്ത്രീയ സംഗീതം, ലളിത ഗാനം, ക്രാഫറ്റ്, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി ,സിനിമാറ്റിക് നൃത്തം, ചിത്രകല, മിമിക്രി എന്നിവയോടൊപ്പം വയലിൻ, ഗിത്താർ, ജാസ്, മൃദംഗം, കീബോർഡ്, തബല, വീണ എന്നിങ്ങനെ സംഗീതോപകരണങ്ങളുടെ പഠനവും മിക്ക അവധിക്കാല ക്ലാസുകളിലും തകൃതിയായി നടക്കുന്നു. തയ്യലും എംബ്രോഡ്രറിയും പഠിപ്പിക്കുന്ന സെഷനുകളിൽ കുട്ടികളെ കാത്തിരിക്കുന്ന അമ്മമാർക്കും പഠനത്തിനു അവസരമൊരുക്കിയിട്ടുണ്ട്. ഇവയ്ക്കൊപ്പം വ്യക്തിത്വ വികസനത്തിനും കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്. രാവിലെ 10 മുതൽ 6 വരെ വിവിധയിനങ്ങളിൽ പരിശീലനം നേടാൻ കുട്ടികൾക്കു അവസരമുണ്ട്.

കായികത്തിനും ഫിറ്റ് 

kottayam-skating
നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല സ്കേറ്റിങ് ക്ലാസിൽ നിന്ന്.

നെഹ്റു സ്റ്റേഡിയത്തിലെ ഫുട്ബോൾ, സ്കേറ്റിങ് ക്യാംപുകളിലുള്ള നൂറോളം കുട്ടികൾ കൃത്യമായ പരിശീലനത്തിലൂടെ കായികക്ഷമത നേടാനാഗ്രഹിക്കുന്ന പുതുതലമുറയുടെ പ്രതീകമാണ്. കായിക ഇനങ്ങളിൽ ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയ്ക്കു പുറമേ ചെസ്, ബാഡ്മിന്റൻ, സ്കേറ്റിങ്, എന്നീ ഇനങ്ങളും കരാട്ടെ കളരി പഠനങ്ങളും നഗരത്തിൽ സജീവമാണ്. നീന്തൽ പരിശീലനമാണ് പലരുടെയും പ്രധാന ആകർഷണം. അവധിക്കാലമായതോടെ ഗ്രാമങ്ങളിലെ കളിക്കളങ്ങൾ സജീവമായിട്ടുണ്ടെങ്കിലും പഞ്ചായത്തുകൾ വഴി നടത്തുന്ന അവധിക്കാല കായിക പരിശീലനങ്ങളെല്ലാം ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ എന്നീ ഇനങ്ങളിൽ ഒതുങ്ങി നിൽക്കുന്നു.

ബോണസ് പഠനം നടത്താം

kottayam-drums-class
ജവാഹർ ബാലഭവൻ ആൻഡ് കുട്ടികളുടെ ലൈബ്രറി നടത്തുന്ന അവധിക്കാല ക്യാംപിലെ ജാസ് ക്ലാസിൽ നിന്ന്.

അവധിക്കാലത്തിൽ പഠനത്തെ പൂർണമായി മാറ്റി നിർത്താൻ ആഗ്രഹിക്കാത്തവരുമുണ്ട്. ഇവർക്കായി കംപ്യൂട്ടർ ക്ലാസുകളും ഭാഷാപഠന ക്ലാസുകളും പലയിടത്തും നടത്തുന്നുണ്ട്. സ്പോക്കൺ ഇംഗ്ലിഷ്, സ്പോക്കൺ ഹിന്ദി ക്ലാസുകൾക്കാണു കൂടുതൽ പ്രിയം. ഡിസൈനിങ്, അനിമേഷൻ തുടങ്ങിയ കോഴസുകൾക്കായി എത്തുന്നവരിൽ ഏറെയും 15 വയസ്സിനു മുകളിലുള്ളവരാണ്. ബേസിക് കംപ്യൂട്ടർ പഠനത്തിനു എത്തുന്നവരിലേറയും യുപി, ഹൈസ്കൂൾ വിദ്യാർഥികളും.  മണ്ണുമായി ബന്ധമുണ്ടാകാൻ കൃഷി രീതികൾ കുട്ടികളെ പഠിപ്പിക്കുന്ന മാതാപിതാക്കളുമുണ്ട്. വീടുകളിൽ മാതാപിതാക്കളും മക്കളും ഒന്നിച്ചു കിട്ടുന്ന സമയത്ത് ചെടി നടുന്നതും പരിപാലിക്കുന്നതുമെല്ലാം പഠിപ്പിക്കുന്നു.

ചെലവു ചില്ലറയല്ല

kottayam-swimming-camp
പുല്ലരിക്കുന്ന് കെജിഎസ് ക്ലബിൽ നടക്കുന്ന കുട്ടികളുടെ അവധിക്കാല നീന്തൽ പരിശീലന ക്ലാസ്

ജൂണിൽ വീണ്ടും ക്ലാസ് തുടങ്ങുന്നതിനു മുൻപേ മക്കൾ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കണമെന്നു കരുതുന്ന മാതാപിതാക്കൾ അതിനായി ചെലവാക്കുന്ന തുക ചില്ലറയൊന്നുമല്ല. മിക്കയിടത്തും 2 മാസത്തെ ക്ലാസിനായി 1000 രൂപയോളമാണ് ഫീസ്. എന്നാൽ, ഫീസ് കൂടാതെയുള്ള ചെലവുകൾ ഏറെയാണ്. സംഗീത ഉപകരണങ്ങളുടെ പഠനത്തിനും സ്പോർട്സ് ഇനങ്ങൾക്കും ചേർന്നവർക്കാണു കൂടുതൽ പണം ചെലവാക്കേണ്ടി വരുന്നത്. ജവാഹർ ബാലഭവൻ പോലെയുള്ള ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണു ക്ലാസിൽ പഠിക്കാനായി സംഗീത ഉപകരണം അവർ തന്നെ നൽകുന്നത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama