go

ചത്തുവീണ പോത്തിനെ കശാപ്പ് ചെയ്ത് വിൽപനയ്ക്ക് ശ്രമം; സ്ഥാപനം പൂട്ടി

SHARE

പെരുവ ∙ ചത്തു വീണ പോത്തിനെ കശാപ്പ് ചെയ്ത് മാർക്കറ്റിൽ വിൽപനയ്ക്ക് ശ്രമം. നാട്ടുകാരുടെ എതിർപ്പിനെ തുടർന്നു പൊലീസും പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്ത് എത്തി ഇറച്ചി പിടിച്ചെടുക്കുകയും വ്യാപാര സ്ഥാപനം അടച്ചു പൂട്ടി സീൽ ചെയ്യുകയും ചെയ്തു. പെരുവ മാർക്കറ്റിലെ  വ്യാപാരി പാറശേരി സ്വദേശി അലൻ ബാബുവിന് എതിരെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി. കശാപ്പിനായി എത്തിച്ച് പെരുവ ടാക്സി സ്റ്റാൻഡിനു സമീപം കെട്ടിയിരുന്ന പോത്ത് രാവിലെ ചത്തു വീണു. ഈ പോത്തിനെ അറത്ത് കടയിൽ വിൽക്കാനുള്ള വ്യാപാരിയുടെ ശ്രമം നാട്ടുകാർ സംഘടിച്ചു തടയുകയായിരുന്നു.

എന്നാൽ പോത്തിന്റെ തൊലി പൊളിച്ച് എടുത്ത ശേഷം മാംസം കുഴിച്ചു മൂടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ തടഞ്ഞതെന്നു വ്യാപാരി പറയുന്നു. മാംസത്തിന്റെ സാംപിൾ എടുത്ത ശേഷം ഇറച്ചി കുഴിച്ചു മൂടിയതായി ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു. ഉച്ചയോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും മാംസത്തിന്റെ സാംപിൾ പരിശോധനയ്ക്കായി ചങ്ങനാശേരിയിലെ ലാബിലേക്കു കൊണ്ടുപോവുകയും ചെയ്തു. ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധനാ റിപ്പോർട്ട് ഇന്ന് ജില്ലാ മെഡിക്കൽ ഓഫിസർക്കു കൈമാറും.

ചോദിക്കാനും പറയാനും ആരുമില്ല; കശാപ്പ് തോന്നുംപടി

കടുത്തുരുത്തി ∙ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കശാപ്പു ശാലകൾ പ്രവർത്തിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ആരോഗ്യ വകുപ്പിന്റെയോ ലൈസൻസ് ഇല്ലാതെ. പെരുവയിൽ ഇന്നലെ അടച്ചുപൂട്ടിയ മാംസ വ്യാപാര കേന്ദ്രം വർഷങ്ങളായി പ്രവർത്തിച്ചിരുന്നത് ലൈസൻസ് ഇല്ലാതെയാണ്. കശാപ്പുശാലകളിലൊന്നും ആരോഗ്യ വകുപ്പിന്റെയോ മൃഗ സംരക്ഷണ വകുപ്പിന്റെയോ പരിശോധനകൾ ഉണ്ടാകാറില്ല. പരാതി ഉണ്ടായാൽ പരിശോധന നടത്തി ‘പടി’ വാങ്ങി മടങ്ങുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു.

ചത്തുവീണാലും അറത്തുവിൽക്കും

പെരുവ ∙ രോഗങ്ങൾ ബാധിച്ചതും ചത്തു വീഴാറായതുമായ ആടുമാടുകളെ എത്തിച്ചു കശാപ്പ് ചെയ്തു മാംസ വ്യാപാരം നടത്തുന്നുവെന്ന് ആക്ഷേപം. ജില്ലയിൽ കശാപ്പിനായി ആടുമാടുകൾ എത്തുന്നത് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ്. മൊത്ത വ്യാപാരികൾ പെരുമ്പാവൂരിൽ എത്തിക്കുന്ന മാടുകളെ ഇവിടെ നിന്നു ചില്ലറ വ്യാപാരികളും കച്ചവടക്കാരും വാങ്ങുന്നു.

ദിവസങ്ങളായി ഭക്ഷണമോ വെള്ളമോ ലഭിക്കാതെ കശാപ്പു ശാലകളിൽ എത്തിക്കുന്ന ആടുമാടുകൾ അവശ നിലയിലായിരിക്കും. അതിർത്തി കടക്കുമ്പോൾ ആടുമാടുകളെ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും പരിശോധിക്കണം എന്നാണു നിയമം. എന്നാൽ ഇതൊന്നും നടക്കുന്നില്ല.  ഏതാനും മാസം മുൻപ് വൈക്കത്ത് വിൽപനയ്ക്കായി എത്തിച്ച ചത്ത പന്നികളെ പിടികൂടിയിരുന്നു. ജില്ലയുടെ പല ഭാഗത്തും ഇത്തരത്തിൽ വ്യാപാരം നടക്കുന്നതായാണ് പരാതി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama