go

കെവിൻ വധക്കേസിൽ 2 സാക്ഷികൾ കൂടി കൂറുമാറി

  kottayam news
SHARE

കോട്ടയം ∙ കെവിൻ വധക്കേസ് വിചാരണയ്ക്കിടെ 2 സാക്ഷികൾ കൂടി കൂറുമാറി. രണ്ടാം പ്രതി നിയാസ് മോന്റെ അയൽവാസികളായ 91–ാം സാക്ഷി സുനീഷ്, 92–ാം സാക്ഷി മുനീർ എന്നിവരാണു കോടതിയിൽ പ്രതികൾക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ കെവിൻ കേസിൽ കൂറു മാറിയ സാക്ഷികളുടെ എണ്ണം മൂന്നായി. നേരത്തെ 28–ാം സാക്ഷി എബിൻ പ്രദീപ് (ഉമേഷ്) മൊഴി മാറ്റിയിരുന്നു. 2018 ജൂൺ 7 നു നിയാസിന്റെ വീട്ടിൽ തെളിവെടുപ്പ് നടത്തിയ പൊലീസ്  മൊബൈൽ ഫോൺ വീട്ടിൽ നിന്നു കണ്ടെടുക്കുന്നതു കണ്ടതായി മുൻപ് ഇരുവരും കേസ് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു മൊഴി നൽകിയിരുന്നു. ഈ മൊഴിയാണ് വിസ്താരത്തിനിടെ ഇരുവരും നിഷേധിച്ചത്.

ഇതോടെ സാക്ഷികൾ കൂറു മാറിയതായി കോടതി രേഖപ്പെടുത്തി. ‘നിയാസിന്റെ വീട്ടിൽ പൊലീസ് എന്തിനാണു വന്നതെന്ന് അറിയില്ല.
നിയാസിന്റെ മൊബൈൽ ഫോൺ വീട്ടിൽ നിന്നു കണ്ടെടുക്കുന്നതു കണ്ടിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥർ ചില പേപ്പറുകളിൽ ഒപ്പ് ഇടുവിക്കുകയാണു ചെയ്തത്. എന്താണ് അതിൽ എഴുതിയിരുന്നതെന്നു കണ്ടില്ല’– സുനീഷ് കോടതിയിൽ പറഞ്ഞു. നിയാസിന്റ മറ്റൊരു അയൽവാസിയായ മുനീറും സമാന രീതിയിൽ മൊഴി നൽകി. ‘നിയാസിനെ ചെറുപ്പം മുതൽ അറിയാം. പൊലീസ് നിയാസിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ നിയാസിന്റെ മൊബൈൽ ഫോൺ കണ്ടെടുക്കുന്നതു കണ്ടില്ല.

പിന്നീടു പൊലീസ് ചില വെള്ള പേപ്പറുകളിൽ ഒപ്പ് രേഖപ്പെടുത്തി’– മുനീർ പറഞ്ഞു. കെവിന്റെ മൃതദേഹം കണ്ടെത്തിയ കൊല്ലം, ചാലിയക്കര പുഴയിൽ നിന്നു കെവിന്റെ മുണ്ട് 7–ാം പ്രതി ഷെഫിൻ ഷജാദ് പൊലീസ് സാന്നിധ്യത്തിൽ എടുക്കുന്നതു കണ്ടതായി നാട്ടുകാരനായ അലക്സ് പി. ചാക്കോ കോടതിയിൽ മൊഴി നൽകി. ഷെഫിനെയും ഇയാൾ കോടതിയിൽ തിരിച്ചറിഞ്ഞു. സംഭവ സമയം പ്രതികൾ കൈവശം സൂക്ഷിച്ചിരുന്ന 4 വാളുകൾ മൂലക്കുഴി– ശാസ്താകോണം റോഡിൽ കലുങ്കിന് അടിയിൽ നിന്നു പൊലീസ് സാന്നിധ്യത്തിൽ 10–ാം പ്രതി വിഷ്ണു എടുക്കുന്നത് കണ്ടതായി സ്ഥലവാസിയായ ഹരികുമാറും  മൊഴി നൽകി. കണ്ടെടുത്ത വാളുകളും പ്രതി വിഷ്ണുവിനെയും ഹരികുമാർ കോടതിയിൽ തിരിച്ചറിഞ്ഞു.


MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama