go

ജയത്തിന്റെ പാലമാകുമോ പാലാ ?

kottayam-md-school
വോട്ടു നോക്കാനല്ല സാറെ, നോട്ടെഴുതാനാ : എംഡി സെമിനാരി ഹയർസെക്കൻഡറി സ്കൂളിൽ വോട്ടിങ് സാമഗ്രികൾക്കു കാവൽനിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥനോട് സ്കൂളിന് അകത്തേക്ക് പ്രവേശിക്കാൻ അനുവാദം ചോദിക്കുന്ന വിദ്യാർഥിനി.
SHARE

പാലാ ∙ ഏതു നാട്ടിടവഴിയിലേക്കു തിരിഞ്ഞാലും  സ്വീകരിക്കുന്നതു പുഞ്ചിരി തൂകുന്ന കെ.എം. മാണിയുടെ മുഖമാണ്. ആറു പതിറ്റാണ്ടുകൾക്കു ശേഷം കെ.എം. മാണിയുടെ അസാന്നിധ്യത്തിൽ പാലാക്കാർ വോട്ടു ചെയ്തു. പക്ഷേ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ആ  ‘സാന്നിധ്യം’ നിറഞ്ഞു നിന്നു. അടുത്ത വ്യാഴാഴ്ച പാലായിലെ ബാലറ്റുപെട്ടി തുറക്കുമ്പോൾ കെ.എം. മാണിയോടുള്ള സ്നേഹത്തിന്റെ കണക്കും കൂടി എണ്ണും. 

കണക്കുണ്ട് വോട്ടിന് 

kottayam-poster
ഹലോ.. ഹലോ.. കേൾക്കാവോ? കേൾക്കാം.. കേൾക്കാം.. അടുത്ത വ്യാഴാഴ്ചയല്ലേ വോട്ടെണ്ണൽ. ? അന്നു രാവിലെ ഈ മൂന്നുപേരിൽ ആരു ചിരിക്കും? ധൃതി വയ്ക്കല്ലേ, കാത്തിരിക്കൂ.. ഇനി 7 ദിവസം കൂടിയല്ലേയുള്ളൂ.. ചിത്രം: റിജോ ജോസഫ്∙മനോരമ

നാലു ശതമാനത്തോളം പോളിങ് കൂടിയത് എങ്ങനെ വോട്ടാകും. ആർക്കു വോട്ടാകും. 2014 ൽ 68.71 ആയിരുന്ന പോളിങ് ശതമാനം ഇക്കുറി 72.66 ശതമാനമായി. പാലായിൽ നിന്ന് തോമസ് ചാഴികാടന് 20000 വോട്ടുകളിലേറെ ഭൂരിപക്ഷം കിട്ടുമെന്നാണു പാർട്ടിയുടെ പ്രതീക്ഷ. 2014 ൽ ജോസ് കെ. മാണിക്കു 31,399 വോട്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു. 2009 ലെ കന്നി മത്സരത്തിൽ ജോസ് കെ. മാണിക്കു ലഭിച്ച ഭൂരിപക്ഷം 24,351.2016 ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ കെ.എം. മാണിക്കു പാലാ നൽകിയത് 4703 വോട്ടുകളുടെ ഭൂരിപക്ഷമാണ്.

യുഡിഎഫ് അനുകൂല തരംഗമാണ്, നല്ല വിജയം നൽകുമെന്നു യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി കൺവീനർ കുര്യാക്കോസ് പടവൻ ഉറപ്പു നൽകുന്നു. പാലായിൽ യുഡിഎഫിന്റെ ലീഡ് 3000 ൽ താഴെ എത്തുമെന്നാണ് എൽഡിഎഫ് കണക്കൂകൂട്ടിയിരിക്കുന്നത്. പാലായിൽ എൽഡിഎഫ് മുന്നേറ്റത്തിന്റെ സൂചനയുണ്ടെന്നു എൽഡിഎഫ് മണ്ഡ‍ലം കമ്മിറ്റി ചെയർമാൻ ബാബു കെ. ജോർജ് പറഞ്ഞു. 2004 ൽ പി.സി. തോമസ് അട്ടിമറി വിജയം നേടിയപ്പോൾ 10,848 വോട്ടിന്റെ ഭൂരിപക്ഷം നൽകിയാണു പാലാക്കാർ സഹായിച്ചത്. അര ലക്ഷത്തോളം വോട്ടാണു പാലായിൽ നിന്നു എൻഡിഎ പ്രതീക്ഷിക്കുന്നതെന്നു മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം പറഞ്ഞു.

വോട്ടിന്റെ പിന്നിൽ

കെ.എം. മാണിയുടെ വിയോഗ ശേഷം പാലായിലെ പ്രചാരണം സ്മൃതിയാത്രയിലേക്കു യുഡിഎഫ് മാറ്റിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പാലാ സന്ദർശനമാണ് മറ്റൊന്ന്. അവയൊക്കെ  വോട്ടാകുമോ എന്ന് അറിയാൻ മൂന്നു മുന്നണികളും കാത്തിരിക്കുന്നുണ്ട്.  23ന് നേരം വെളുക്കാതെ മറുപടി പറയാൻ ആരും തയ്യാറല്ലെങ്കിലും. പി.ജെ. ജോസഫിനു സീറ്റു നൽകാതിരുന്നത് എവിടെയെങ്കിലും വോട്ടു കുറയ്ക്കുമോ എന്നു മാണി വിഭാഗത്തിൽ ഭീതിയുമുണ്ട്. തൊടുപുഴയാണ് ശക്തികേന്ദ്രമെങ്കിലും പാലായിൽ നിരവധി കുടുംബങ്ങളുമായി പി.ജെ. ജോസഫിന് അടുത്ത ബന്ധമുണ്ട്.

പാലായിൽ സജീവ  പ്രചാരണത്തിനു പി.ജെ. ജോസഫ് വന്നതുമില്ല. യുഡിഎഫ് കോട്ടകളിലെ ഭൂരിപക്ഷം കുറയ്ക്കുക എന്ന തന്ത്രമാണ് എൽഡിഎഫ് പാലായിൽ പരീക്ഷിച്ചത്. 5 പഞ്ചായത്തുകളിൽ ഭരണമുണ്ടെന്നതും എൽഡിഎഫിന്റെ പ്രതീക്ഷകൾ കൂട്ടുന്നു. എൻഡിഎയ്ക്കു പാലായിലെ ബോണസാണ് പി.സി. ജോർജ്. അത് എങ്ങനെ വോട്ടാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പി.സി. തോമസ്. പൂഞ്ഞാറിന്റെ ഭാഗമായ 6 പഞ്ചായത്തുകൾ ഇപ്പോൾ പാലാ മണ്ഡലത്തിലുണ്ട്. അതേസമയം തിരഞ്ഞെടുപ്പിനു 10 ദിവസം മുമ്പു മാത്രമാണ് പി.സി. ജോർജ് എൻഡിഎയുടെ ഭാഗമായതെന്നും ഇതിൽ കാര്യമൊന്നുമില്ലെന്നും യുഡിഎഫ് കരുതുന്നു.

കണക്കും കണക്കു കൂട്ടലും ഇതാണ്.  23നു ഫലം പുറത്തു വരുന്നതോടെ പാലായിൽ അടുത്ത അങ്കം കുറിക്കും. പാലായിലെ ഉപതിരഞ്ഞെടുപ്പിന്. കെ.എം. മാണിയുടെ പൈതൃകം നില നിർത്തേണ്ടത് കേരള കോൺഗ്രസിന്റെ നിലനിൽപ്പിന്റെ പ്രശ്നമാണ്. 54 വർഷത്തിനു ശേഷം സീറ്റു തിരിച്ചു പിടിക്കാൻ സിപിഎം നോക്കുന്നു. മത്സരിക്കാൻ ജനപക്ഷം തയ്യാറെന്നു പി.സി. ജോർജും പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാ തീരുമാനങ്ങളും 23ലെ ഫലത്തിനു ശേഷം.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama