go

പാർക്കിങ്ങിനെച്ചൊല്ലി തർക്കം; വിദ്യാർഥി പ്രിൻസിപ്പലിനെ കയ്യേറ്റം ചെയ്തു

SHARE

കറുകച്ചാൽ ∙ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥി പ്രിൻസിപ്പലിനെ കയ്യേറ്റം ചെയ്തു. വാഴൂർ എസ്‌വിആർ എൻഎസ്എസ് കോളജിൽ ഇന്നലെ വൈകിട്ട് 3.15നാണ് സംഭവം. സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയാണ് കോളജ് പ്രിൻസിപ്പൽ ജി.പ്രമോദിനെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ആക്രമണത്തിൽ വലത് തോളിനു പരുക്കേറ്റ പ്രമോദ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ബിഎസ്‌സി മാത്തമാറ്റിക്സ് സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ മണിമല ആലപ്ര സ്വദേശിയായ വിദ്യാർഥിയാണ് പ്രിൻസിപ്പലിനെ ആക്രമിച്ചത്. പരീക്ഷ എഴുതാൻ രാവിലെ കോളജ് ക്യാംപസിൽ എത്തിയ വിദ്യാർഥി ‘നോ പാർക്കിങ്’ ഭാഗത്ത് ബൈക്ക് പാർക്ക് ചെയ്ത ശേഷം പരീക്ഷാഹാളിൽ എത്തി. പാർക്കിങ് അനുവദിച്ചിട്ടില്ലാത്ത ഭാഗത്ത് ബൈക്ക് പാർക്ക് ചെയ്തതു കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർഥിയുടെ ഹാൾ ടിക്കറ്റും ബൈക്കിന്റെ താക്കോലും വാങ്ങി താൻ ഓഫിസ് റൂമിലേക്കു മടങ്ങിയെന്ന് പ്രിൻസിപ്പൽ പറഞ്ഞു. 

12.30ന് പരീക്ഷ എഴുതിയ ശേഷം താക്കോൽ വാങ്ങാൻ എത്തിയ വിദ്യാർഥിയോട് ബൈക്ക് പാർക്ക് ചെയ്തതിന് പിഴ അടയ്ക്കണമെന്ന് പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. കൈവശം പണം ഇല്ലെന്നുപറഞ്ഞതോടെ ക്ഷമാപണം എഴുതി നൽകാൻ‍ ആവശ്യപ്പെട്ടു. എന്നാൽ ഇതിനു തയാറാകാതെ വിദ്യാർഥി അസഭ്യം പറയുകയും പ്രകോപിതനായി ഓഫിസ് മുറിയിൽ കയറി തന്നെ മർദിക്കുകയും ചെയ്തതായി പ്രിൻസിപ്പൽ പറയുന്നു. 

പ്രിൻസിപ്പൽ റൂമിന്റെ ഹാഫ് ഡോറും വിദ്യാർഥി തകർത്തതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ കറിക്കാട്ടൂർ ആലപ്ര തോപ്പിൽ സൂരജിനെതിരെ പള്ളിക്കത്തോട് പൊലീസ് കേസെടുത്തു. ഇനി ഒരു പരീക്ഷ കൂടിയാണ് സൂരജ് എഴുതാനുള്ളതെന്നും പ്രിൻസിപ്പലിനെ മർദിച്ച സംഭവത്തെ തുടർന്ന് ഇയാളെ ഡീബാർ ചെയ്യുമെന്നും കോളജ് അധികൃതർ അറിയിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama