go

പൊരിവേനലിൽ ജലം നിഷേധിക്കാൻ ഒരു അതോറിറ്റി

kottayam-water-tank
അറ്റകുറ്റപ്പണികൾ പൂർത്തിയായ, വെള്ളൂർ – വെളിയന്നൂർ ജലപദ്ധതിയുടെ ജാതിക്കാമലയിലെ ജലസംഭരണി.
SHARE

കടുത്തുരുത്തി ∙ ജലസംഭരണി അറ്റകുറ്റപ്പണിയുടെ പേരിൽ നാട്ടുകാരുടെ വെള്ളംകുടി മുട്ടിച്ച് ജല അതോറിറ്റി. കല്ലറ പഞ്ചായത്തിൽ ശുദ്ധജല വിതരണം മുടങ്ങിയിട്ട് രണ്ടാഴ്ച. കടുത്തുരുത്തിയിൽ ഒരാഴ്ചയിലധികമായി ജലവിതരണമില്ല. ഞീഴൂരിൽ ജലം എത്തിയിട്ട് 20 ദിവസമായി. ജനം കുടിനീരിനായി നെട്ടോട്ടത്തിലാണ്. കല്ലറ പഞ്ചായത്തിൽ ജലവിതരണം മുടങ്ങിയത് പടിഞ്ഞാറൻ പ്രദേശവാസികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. മറവൻതുരുത്ത്, പെരുംതുരുത്ത്, പുത്തൻ പള്ളി, മുണ്ടാർ തുടങ്ങിയ സ്ഥലങ്ങളിലെ പ്രദേശവാസികൾ വള്ളത്തിലും വാഹനങ്ങളിലും ദൂരസ്ഥലങ്ങളിൽ എത്തിയാണ് ശുദ്ധജലം ശേഖരിക്കുന്നത്.

കടുത്തുരുത്തി പഞ്ചായത്തിലെ വെള്ളാശേരി, എഴുമാന്തുരുത്ത്, പുലിത്തുരുത്ത്, വാലാച്ചിറ, മേട്ടുംപാറ, മൈലാടുംപാറ, ചാത്തൻകുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ ശുദ്ധജലം കിട്ടാക്കനിയാണ്. പലരും വെള്ളം വില കൊടുത്തു വാങ്ങുകയാണ്. ഞീഴൂർ പഞ്ചായത്തിലും ആഴ്ചകളായി ശുദ്ധജലമില്ല. ജല അതോറിറ്റിയുടെ  കണക്‌ഷൻ എടുത്തവർ വെള്ളത്തിനായി ഓഫിസുകൾ കയറി ഇറങ്ങുകയാണ്. ഇവിടെ ഉയർന്ന പ്രദേശങ്ങളിൽ ഇതു വരെ പൈപ്പിൽ വെള്ളം എത്തിയിട്ടില്ല. വെള്ളൂർ – വെളിയന്നൂർ ജലപദ്ധതിയുടെ ജാതിക്കാമലയിലെ ജലസംഭരണി അറ്റകുറ്റപ്പണിയുടെ പേരിലാണ് അധികൃതർ കടുത്ത വേനലിൽ നാട്ടുകാരുടെ വെള്ളംകുടി മുട്ടിക്കുന്നത്. 

2018 ഡിസംബറിലാണ് വെള്ളൂർ – വെളിയന്നൂർ ശുദ്ധ ജല പദ്ധതിയുടെ ജാതിക്കാമലയിലുള്ള സംഭരണിയിൽ ചോർച്ച തടയാൻ പണികൾ ആരംഭിച്ചത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ ജലപദ്ധതിയുടെ സംഭരണി വർഷങ്ങളായി ചോർച്ചയിലായിരുന്നു. 15 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള സംഭരണിയിലേക്ക് പമ്പ് ചെയ്യുന്ന വെള്ളം രാവും പകലും ചോർന്ന് പാഴാവുകയായിരുന്നു. ജല അതോറിറ്റിയിൽ നിന്നു 10 ലക്ഷം രൂപ അനുവദിച്ചാണ് സംഭരണിയുടെ ചോർച്ച പരിഹരിക്കുന്നത്.

പിറവിയിലേ ചോർച്ച

കടുത്തുരുത്തി ∙ നിർമാണം പൂർത്തിയായ ജാതിക്കാമലയിലെ ജലസംഭരണി 2012ലാണ് കമ്മിഷൻ ചെയ്തത്. നിർമാണം പൂർത്തിയായി വർഷങ്ങളോളം വെറുതേ കിടന്നു. കമ്മിഷൻ ചെയ്യുമ്പോഴേ സംഭരണിക്ക് ചോർച്ചയുണ്ടായിരുന്നു. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ യോജിപ്പിച്ചിടത്താണ് ആദ്യം ചോർച്ച കണ്ടതെന്ന് ജലഅതോറിറ്റി അധികൃതർ പറഞ്ഞു പിന്നീട് ചോർച്ച വർധിക്കുകയായിരുന്നു. ഇതിനിടയിൽ ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും കാര്യമുണ്ടായില്ല

ജലസംഭരണിയുടെ അറ്റകുറ്റപ്പണി പൂർത്തിയായി

കടുത്തുരുത്തി∙ ജാതിക്കാമലയിലെ ജലസംഭരണിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായതായി ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചില പരിശോധനകൾ പൂർത്തിയാകാനുണ്ട്. ഏതാനും ദിവസത്തിനുള്ളിൽ സംഭരണിയിലേക്ക് പൂർണ തോതിൽ ജലം ശേഖരിച്ചു വിതരണം നടത്തും. ഇതോടെ ജലവിതരണത്തിലെ പരാതികൾക്ക് പരിഹാരം ഉണ്ടാകും. നേരിട്ട് ജലവിതരണ പൈപ്പുകൾ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ മെയിൻ പൈപ് പൊട്ടുന്നതു മൂലമാണ് ചില പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെട്ടത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama