go

പഴമയും പെരുമയും അടുത്തറിഞ്ഞ് ചരിത്രമണ്ണിലൂടെ പൈതൃകയാത്ര

Kottayam News
കോട്ടയം ചെറിയ പള്ളി മഹായിടവകയുടെ നേതൃത്വത്തിൽ ഒരുക്കിയ പൈതൃകയാത്ര താഴത്തങ്ങാടി ജുമാ മസ്ജിദിൽ എത്തിയപ്പോൾ.
SHARE

കോട്ടയം ∙ കോട്ടയത്തിന്റെ പഴമയും പെരുമയും അടുത്തറിയാനായി അവർ ഒത്തുകൂടി; കേട്ടറിഞ്ഞവ കണ്ടും കണ്ടറിഞ്ഞവ മനസ്സിലാക്കിയും സൗഹൃദം പങ്കിട്ടും ചരിത്രമണ്ണിലൂടെ നടന്നു. കോട്ടയം ചെറിയ പള്ളി മഹായിടവകയുടെ നേതൃത്വത്തിൽ കോട്ടയം നാട്ടുകൂട്ടം, തളിയിൽ മഹാദേവക്ഷേത്ര ഉപദേശകസമിതി, താഴത്തങ്ങാടി മുസ്‌ലിം ജമാ അത്ത്, കോട്ടയം വലിയപള്ളി എന്നിവർ ചേർന്നൊരുക്കിയ പൈതൃകയാത്രയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു. ചെറിയ പള്ളിയിൽ നിന്ന് ആരംഭിച്ച കാൽനടയാത്ര തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്നു തളിയിൽ മഹാദേവ ക്ഷേത്രത്തിലെത്തിയ സംഘം അര മണിക്കൂറോളം അവിടെ ചെലവഴിച്ചു. 

കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിരുന്ന മിഴാവ് ഉൾപ്പെടെ ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ വസ്തുക്കൾ ഇപ്പോഴും അവിടെ സൂക്ഷിച്ചിട്ടുണ്ട്. അവയെല്ലാം കണ്ടിറങ്ങിയ യാത്രാസംഘം അടുത്ത ലക്ഷ്യമായ താഴത്തങ്ങാടി ജുമാ മസ്ജിദിലേക്കു നടന്നു. അവിടത്തെ തേക്കിൻ തൂണുകളും വിശിഷ്ട കൊത്തുപണികളിൽ തീർത്ത മുകൾമാളികയും നിസ്കാര സമയം കുറിക്കാൻ ഉപയോഗിച്ചിരുന്ന നിഴൽഘടികാര രീതിയുമെല്ലാം ഏവർക്കും നവ്യാനുഭവമായി. പിന്നെ നടത്തം ഇടയ്ക്കാട്ട് ഫൊറോന പള്ളിയിലേക്ക്. മാർ മാക്കിയിൽ മ്യൂസിയത്തിലെ പുരാതന വസ്തുക്കളുടെ ശേഖരങ്ങൾ കണ്ട ശേഷം യാത്ര തുടർന്നു. 

കുട്ടികളും യുവാക്കളും പ്രായമായവരുമെല്ലാം ചേർന്നു കോട്ടയം വലിയ പള്ളിയിലെത്തി. പൈതൃകപ്രൗഢി വിളിച്ചോതുന്ന വലിയ പള്ളിയിലേക്കു സംഘാംഗങ്ങൾ ആവേശത്തോടെ പടിക്കെട്ടുകൾ കയറി. പള്ളിയിൽ സൂക്ഷിച്ചിട്ടുള്ള പേർഷ്യൻ കുരിശിന്റെ പ്രത്യേകതയൊക്കെ മനസ്സിലാക്കിയ ശേഷം ഉച്ചയോടെ തിരിച്ചു ചെറിയ പള്ളിയിലെത്തി. യാത്രാസംഘത്തിന് ഓരോ സ്ഥലത്തെയും പ്രത്യേകതകൾ കോട്ടയം നാട്ടുകൂട്ടം സെക്രട്ടറി പള്ളിക്കോണം രാജീവ് വിവരിച്ചു നൽകി.സമാപന സമ്മേളനം തെക്കുംകൂർ വലിയ തമ്പുരാൻ പി.എൻ.രവിവർമരാജാ ഉദ്ഘാടനം ചെയ്തു. ചെറിയ പള്ളി മഹായിടവക വികാരി ഫാ.പി.എ.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. 

ഡൽഹി ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ ഡോ.മാത്യു ജോസഫ് ചെങ്ങളവൻ, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഹാഫിസ് സിറാജുദ്ദീൻ ഹസനി, കോട്ടയം വലിയ പള്ളി വികാരി ഫാ.മോനായി കെ.ഫിലിപ്പ്, ചെറിയ പള്ളി മഹായിടവക സഹവികാരി ഫാ.ജോസഫ് കുര്യൻ, റവ.സി.ജെ.പുന്നൂസ് കോറെപ്പിസ്കോപ്പ, തളിയിൽ മഹാദേവക്ഷേത്രം ഉപദേശകസമിതി അംഗം പി.രവീന്ദ്രനാഥ്, നഗരസഭാ കൗൺസിലർമാരായ രാധാകൃഷ്ണൻ കോയിക്കൽ, കുഞ്ഞുമോൻ കെ.മേത്തർ, ചെറിയ പള്ളി മഹായിടവക ട്രസ്റ്റി ജേക്കബ് മാത്യു, ഓർത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി അംഗം ടോം കോര അഞ്ചേരിൽ എന്നിവർ പ്രസംഗിച്ചു. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama