go

10 ലക്ഷം രൂപയുടെ കാറുകൾ ഒരു ലക്ഷം രൂപയ്ക്കു പണയം; 22 വാഹനങ്ങൾ കണ്ടെടുത്ത് പൊലീസ്

kottayam news
പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ
SHARE

കോട്ടയം ∙ വാടകയ്ക്കെടുത്ത മുന്തിയ വാഹനങ്ങൾ പണയപ്പെടുത്തിയും വിറ്റും പണം തട്ടുന്ന സംഘത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തത് 22 വാഹനങ്ങൾ. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വാഹനങ്ങൾ കണ്ടെടുത്തത്. വാടകയ്ക്ക് എടുത്ത 17 ലക്ഷം രൂപ വിലയുള്ള കാർ വ്യാജ ആർസി ബുക്ക് ഉണ്ടാക്കി മറിച്ചു വിൽക്കാൻ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി. വാകത്താനം പാലച്ചുവട് കടുവാക്കുഴിയിൽ വീട്ടിൽ കെഎസ് എന്നു വിളിക്കുന്ന കെ.എസ്.അരുൺ, പൂവന്തുരുത്ത് പവർഹൗസ് മാങ്ങാപ്പറമ്പിൽ ജസ്‌റ്റിൻ വർഗീസ്, മലപ്പുറം മേലാറ്റൂർ പള്ളിപ്പടി ചാലിയത്തോടിക വീട്ടിൽ അഹമ്മദ് ഇർഫാനുൽ ഫാരിസ്, തൃശൂർ കൂർക്കഞ്ചേരി കൊട്ടക്കത്തിൽ വീട്ടിൽ ദിലീപ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരിൽ ചോദ്യം ചെയ്തതിൽ നിന്നാണ് വൻ തട്ടിപ്പ് പുറത്തായത്. സംക്രാന്തി സ്വദേശികളായ മനാഫ്, നസീർ, പനച്ചിക്കാട് സ്വദേശി ശംഭു ഉണ്ണി തുടങ്ങി 5 പേർ കൂടി സംഘത്തിൽ ഉണ്ടെന്നും ഇവർ ഒളിവിലാണെന്നും ഡിവൈഎസ്പി കെ. ശ്രീകുമാർ പറഞ്ഞു. 10 ലക്ഷം രൂപയിലധികം വിലയുള്ള കാറുകൾ  ഒരു ലക്ഷം രൂപയ്ക്കും അൻപതിനായിരം രൂപയ്ക്കുമാണു പണയം വയ്ക്കുന്നത്. ഒറിജിനൽ ആർസി ബുക്ക് പോലും പണയം വാങ്ങുന്നവർ ചോദിക്കില്ല. ഇതു മറയാക്കിയാണു കൂടുതൽ കാറുകൾ തട്ടിയെടുത്ത് മറിച്ച് വിൽക്കുന്നതെന്നും പണയപ്പെടുത്തുന്നതെന്നും പൊലീസ് പറഞ്ഞു.

കോവളം മുതൽ കൊയിലാണ്ടി വരെ സ്ഥലങ്ങളിൽ നിന്നാണു പൊലീസ് വാഹനങ്ങൾ കണ്ടെത്തിയത്. കഞ്ചാവ്, മയക്കുമരുന്ന് എന്നിവ കടത്തുന്നതിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കും ഗുണ്ടാ പ്രവർത്തനത്തിനും  ഈ  വാഹനങ്ങൾ വ്യാപകമായി ഉപയോഗിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷൻ സിഐ നിർമൽ ബോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ആർ.അരുൺ കുമാർ, എഎസ്ഐ കെ.ആർ. പ്രസാദ്, സിവിൽ പൊലീസ് ഓഫിസർ കെ.എൻ.രാധാകൃഷ്‌ണൻ എന്നിവർ ചേർന്നാണു വാഹനങ്ങൾ കണ്ടെത്തിയത്.  4 പ്രതികളെയും റിമാൻഡ് ചെയ്തു.

മറയാക്കിയത് കോളജ് വിദ്യാർഥികളെയും

വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വാഹന മോഷണ സംഘം കോളജ് വിദ്യാർഥികളെ ഉപയോഗിച്ചും വാഹനങ്ങൾ വാടകയ്ക്ക് എടുത്തതായി പൊലീസ് കണ്ടെത്തി. ഇടനിലക്കാർ കോളജ് വിദ്യാർഥികൾക്ക് പണം നൽകി മുന്തിയ കാറുകൾ വാടകയ്ക്ക് എടുക്കും. വിദ്യാർഥികളുടെ വിലാസവും രേഖകളുമാകും നൽകുക. കാറുകൾ എടുത്തു നൽകുമ്പോൾ പോക്കറ്റ് മണിയായി 1000 രൂപ നൽകും.

കാർ ഉപയോഗിക്കുന്ന ഓരോ ദിവസവും 100 രൂപ വീതം ഇവർക്കു നൽകും. വാടകയ്ക്ക് എടുക്കുന്ന കാറുകൾ ഇടനിലക്കാ‍ർ പണയം വയ്ക്കുന്നത് കോളജ് വിദ്യാർഥികൾ അറിയില്ല. കേസ് വരുമ്പോൾ സുരക്ഷിതമായി രക്ഷപ്പെടാനാണു വിദ്യാർഥികളെ ഉപയോഗിക്കുന്നത്. തട്ടിപ്പിന് ഇരയാകുന്നവർ പലപ്പോഴും സ്വന്തം നിലയിൽ കാർ പണയമെടുത്തു പോയ സംഭവവുമുണ്ട്. കാർ പണയം എടുക്കുന്നവർ കൂടി ഉൾപ്പെട്ട തട്ടിപ്പാണ് ഇതെന്നു പൊലീസ് പറയുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama