go

പ്രളയജലത്തിൽ വിരിഞ്ഞ നന്മപ്പൂക്കൾ

പങ്കിടലിന്റെ ആനന്ദം: സിഎംഎസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു കൊണ്ടുവന്ന ആടുമായി പ്രഭാതഭക്ഷണം പങ്കിടുന്ന സ്ത്രീ.       ചിത്രം: മനോരമ
പങ്കിടലിന്റെ ആനന്ദം: സിഎംഎസ് ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു കൊണ്ടുവന്ന ആടുമായി പ്രഭാതഭക്ഷണം പങ്കിടുന്ന സ്ത്രീ. ചിത്രം: മനോരമ
SHARE

കോട്ടയം ∙ ജില്ലയിൽ പ്രവർത്തിക്കുന്ന ഓരോ ശേഖരണ കേന്ദ്രത്തിലും കാണാം, കൂട്ടായ്മയുടെ കരുത്ത്. ഭക്ഷ്യവസ്തുകൾ, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെയുള്ള ആവശ്യസാധനങ്ങൾ എല്ലാം ശേഖരിച്ച്, അവ തരംതിരിച്ച്, പൊതിഞ്ഞ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നത് ഒട്ടേറെപ്പേരാണ്. മംഗളം എൻജിനീയറിങ് കോളജ്, ഗവ.ഡെന്റൽ കോളജ് എന്നിങ്ങനെ ജില്ലയിലെ വിവിധ കോളജുകളിൽ യുവകൂട്ടായ്മകളും നാഷനൽ സർവീസ് സ്കീം അംഗങ്ങളും ശേഖരണത്തിനു ചുക്കാൻ പിടിക്കുന്നു. ക്യാംപുകളിലെ ആവശ്യങ്ങൾ അന്വേഷിച്ചറിഞ്ഞ ശേഷമാണ് വേണ്ട വസ്തുക്കളുടെ പട്ടിക തയാറാക്കുന്നത്.

വ്യക്തികളും സന്നദ്ധസംഘടനകളുമെല്ലാം പട്ടിക അനുസരിച്ചുള്ള സാധനങ്ങൾ ശേഖരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നുണ്ട്. ഇവ പല ദുരിതാശ്വാസ ക്യാംപുകളിലും കലക്ടറേറ്റിൽ ജില്ലാ ഭരണകൂടം നടത്തുന്ന ഔദ്യോഗിക ശേഖരണ കേന്ദ്രത്തിലും എത്തിക്കും. എല്ലാ ശേഖരണ കേന്ദ്രങ്ങളിലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതിലുകളില്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രളയക്കെടുതിയിൽ രക്ഷയ്ക്കെത്തുന്നത് കാണാം.ആദ്യ ദിനങ്ങളിൽ ലഭിച്ച വസ്തുക്കൾ കുറവായിരുന്നെങ്കിലും ഇന്നലെ ഒട്ടേറെ സാധനങ്ങൾ ശേഖരിക്കാനും ക്യാംപുകളിൽ എത്തിക്കാനും സാധിച്ചെന്ന് എഡിഎം അലക്സ് ജോസഫ് അറിയിച്ചു. 

സേവനം, അവധിയില്ലാതെ

കോട്ടയം ∙ പൊതു അവധി ഉപേക്ഷിച്ച് ജീവനക്കാർ ജീവനക്കാർ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിന്റെ തിരക്കിൽ. റവന്യു, അഗ്നിരക്ഷാ സേന, പൊലീസ്, ആരോഗ്യ വകുപ്പുകൾ എന്നിവ 24 മണിക്കൂറും സേവന സന്നദ്ധരായി രംഗത്തുണ്ട്. റവന്യു ഓഫിസുകൾ 24 മണിക്കൂറും പ്രവർത്തിക്കാനാണ് നിർദേശം നൽകുന്നത്.

ഇതിൽ പ്രകാരം ചില വില്ലേജ് ഓഫിസുകളിൽ മുഴുവൻ സമയവും ഉദ്യോഗസ്ഥർ തങ്ങുകയാണ്.കെഎസ്ഇബി, ജലവിഭവ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിലും അവധി ഉപേക്ഷിച്ച് ജീവനക്കാർ എത്തുന്നുണ്ട്. മഴ, വെള്ളപ്പൊക്കം ഏകോപനത്തിനു വേണ്ടി കലക്ടറേറ്റിലെ കൺട്രോൾ റൂം, ദുരന്ത പ്രതികരണ സേന എന്നിവയും 24 മണിക്കൂറും സേവനപ്രവർത്തനത്തിൽ ആണ്.

കരുതലിന്റെ പെരുന്നാൾ

കോട്ടയം തിരുനക്കര ജുമാ മസ്ജിദിൽ ഇന്നലെ രാവിലെ നടന്ന ബലിപെരുന്നാൾ നമസ്കാരം.                                                    ചിത്രം: മനോരമ
കോട്ടയം തിരുനക്കര ജുമാ മസ്ജിദിൽ ഇന്നലെ രാവിലെ നടന്ന ബലിപെരുന്നാൾ നമസ്കാരം. ചിത്രം: മനോരമ

കോട്ടയം ∙ പെരുന്നാളിൽ സാഹോദര്യത്തിന്റെ കരുതലുമായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, ശക്തമായ മഴയിലും പ്രളയത്തിലും വടക്കൻ കേരളത്തിന്റെ പ്രദേശങ്ങളിൽ ബുദ്ധിമുട്ടുന്ന സഹോദരങ്ങൾക്കുവേണ്ടി പെരുന്നാൾ ദിനത്തിൽ തങ്ങളാൽ ആകുന്ന സഹായം ഒരുക്കുകയാണ് ഓർഗനൈസേഷൻ കോട്ടയം യൂണിറ്റ്. ഇന്നലെ ചന്തക്കടവ് സലഫി കൾച്ചറൽ സെന്ററിൽ നടന്ന ഈദ് നമസ്കാരത്തെത്തുടർന്ന് നഗരത്തിലെ വിവിധ പള്ളികളിൽനിന്ന് 15000 രൂപയോളം റിലീഫ് ഫണ്ട് സമാഹരിച്ചു.

വ്യാപാര സ്ഥാപനങ്ങളും വീടുകളും കേന്ദ്രീകരിച്ച് വരുംദിവസങ്ങളിൽ റിലീഫ് ഫണ്ടും വിഭവ സമാഹരണവും നടക്കും. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ മലബാറിൽ നിന്നു മാത്രം 11 ലക്ഷം രൂപയുടെ സഹായമാണ് കോട്ടയത്തെ പ്രളയബാധിത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് ലഭിച്ചത്. അവശ്യ സാധനങ്ങൾ സമാഹരിക്കാൻ കോട്ടയം ചന്തക്കടവ് സലഫി കൾച്ചറൽ സെന്ററിൽ കലക്‌ഷൻ സെന്ററും ആരംഭിച്ചിട്ടുണ്ട്. ഫോൺ– 9447827232.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama