go

മലയോര മേഖലയിൽ ഉരുൾപൊട്ടലിനു സാധ്യത: ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി

Thusharagiri Hill-James Arpookara
SHARE

കോട്ടയം ∙ മലയോര മേഖലയിൽ ഉരുൾപൊട്ടലിനു സാധ്യതയുണ്ടെന്ന ദുരന്ത നിവാരണ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുൻകരുതൽ നടപടിക്കു തുടക്കം.തലനാട്, തീക്കോയി, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി.15 വരെ രാത്രി മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ തുടർന്നാൽ ഈരാറ്റുപേട്ട, മുണ്ടക്കയം, കൂട്ടിക്കൽ മേഖലകളിൽ മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു ജില്ലാ ഭരണകൂടം വിലയിരുത്തുന്നു.

ഈ സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് മന്ത്രി പി. തിലോത്തമൻ നിർദേശിച്ചു.പ്രളയം സംബന്ധിച്ച രക്ഷാനടപടികൾക്കായി കോട്ടയം ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് തിലോത്തമൻ. ജനങ്ങൾ ആവശ്യമെങ്കിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നു പൂഞ്ഞാർ എംഎൽഎ കൂടിയായ പി.സി. ജോർജ് വാട്സാപ്പിൽ ശബ്ദ സന്ദേശവും അയച്ചു. 

ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദേശമെന്നു പി.സി. ജോർജ് പറയുന്നു. അപകട സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ താമസിപ്പിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്യാംപുകൾ സജ്ജീകരിച്ചു. മുൻകരുതലായി ഈരാറ്റുപേട്ടയിൽ അഞ്ചു ദുരിതാശ്വാസ ക്യാംപുകളാണ് തയാറാക്കിയത്. കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാർ ഇളംകാട് മേഖലയിൽ ഏന്തയാർ ജെജെ മർഫി മെമ്മോറിയൽ സ്കൂളിൽ ക്യാംപ് തുറക്കാനും തീരുമാനിച്ചു. 

''സഹോദരങ്ങളേ, കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ 

തെക്കേക്കര പഞ്ചായത്തുകളിൽ താമസിക്കുന്ന ഒരാൾ പോലും രാത്രി വീട്ടിൽ താമസിക്കാൻ പാടില്ല. ബന്ധുവീടുകളിലേക്കു നിങ്ങൾ പോകുന്നെങ്കിൽ വിരോധമില്ല. അല്ലെങ്കിൽ അധികൃതർ ഒരുക്കിയ ക്യാംപിൽ വന്നു താമസിക്കണം. മനസ്സിന്റെ പ്രശ്നമാണ്. ഞാൻ പറയുന്നത് നിങ്ങൾ കേട്ടേ മതിയാകൂ. പകൽ എവിടെ പോയാലും കുഴപ്പമില്ല. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും കേൾക്കണം. ഇത് അപേക്ഷയാണ്.-പി.സി. ജോർജ് എംഎൽഎ''

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama