go

പ്രോസിക്യൂഷൻ വാദങ്ങളും പ്രതിഭാഗം വാദങ്ങളും; ദുരഭിമാനക്കൊലയോ മുങ്ങിമരണമോ

ktm-kevin-court
SHARE

കോട്ടയം ∙ കെവിന്റേതു മുങ്ങിമരണമോ മുക്കിക്കൊലയോ അതോ ദുരഭിമാനക്കൊലയോ? ദുരഭിമാനക്കൊലയെന്നു കോടതി കണ്ടെത്തിയാൽ കേരളത്തിലെ അത്തരത്തിലുള്ള ആദ്യ കൊലപാതകക്കേസായി ഇതു മാറും. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളായിരുന്നു അന്വേഷണസംഘത്തിന് ആശ്രയം. സ്വന്തം പിതാവിനും സഹോദരനും എതിരെ നീനു നൽകിയ മൊഴിയും നിർണായകമായി.

കെവിൻ കേസിന്റെ നാൾ വഴി

2018 മേയ് 25
കെവിനും നീനുവും സ്നേഹത്തിലാണെന്ന് അറിഞ്ഞ് നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ കെവിന്റെ അച്ഛൻ ജോസഫിനെ കാണാനെത്തിയത് അന്നാണ്. ബന്ധത്തിൽ നിന്നു കെവിൻ പിന്മാറണമെന്ന് ആവശ്യപ്പെടാനാണു ജോസഫിന്റെ വർക്‌ഷോപ്പിൽ ചാക്കോ എത്തിയത്.

മേയ് 26
നീനുവിന്റെ അമ്മയുടെ സഹോദരിയും ബന്ധുവും കെവിന്റെ വീട്ടിൽ എത്തി ഇതേ കാര്യം ആവർത്തിച്ചു. അതോടെ കെവിനും നീനുവും വിവാഹിതരാകാൻ  തീരുമാനിച്ചു.തുടർന്നു നീനുവിന്റെ അച്ഛൻ ചാക്കോ ജോൺ മകളെ കെവിൻ തട്ടിക്കൊണ്ടുപോയതായി കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകി.

മേയ് 27

പുലർച്ചെ 2.00: കോട്ടയം മാന്നാനത്തുള്ള വീട്ടിൽ നിന്നു കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നു. നാട്ടുകാരും കെവിന്റെ പിതാവ് ജോസഫും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുന്നു. പൊലീസ് ഗൗരവത്തിലെടുക്കുന്നില്ല
രാവിലെ 8.00: തട്ടിക്കൊണ്ടുപോയ സംഘം അനീഷിനെ കോട്ടയം നഗരത്തിനു പുറത്തുള്ള സംക്രാന്തിയിൽ ഇറക്കിവിടുന്നു.
പകൽ 11.00: നീനു നേരിട്ടെത്തി പരാതി നൽകുന്നു. മുഖ്യമന്ത്രിയുടെ കോട്ടയം സന്ദർശനം സംബന്ധിച്ചു തിരക്കിലാണെന്നും അതിനു ശേഷം അന്വേഷിക്കാമെന്നും പൊലീസിന്റെ മറുപടി.

വൈകിട്ട് 5.00: മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷം പൊലീസെത്തി നീനുവിനെ മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കുന്നു. വൈകിട്ട് ആറോടെ അന്വേഷണം ആരംഭിക്കുന്നു. ഗാന്ധിനഗർ എസ്ഐ തെന്മലയിലേക്കു പുറപ്പെടുന്നു.
രാത്രി 10.00: കെവിനെ തട്ടിക്കൊണ്ടുപോയ കാർ തെന്മലയിൽ കണ്ടെത്തുന്നു, പ്രതികളിലൊരാളായ ഇഷാനെ പിടികൂടുന്നു. തെന്മലയ്ക്കു സമീപം പിറവന്തൂരിൽ കെവിൻ കാറിൽ നിന്നു ചാടിപ്പോയെന്ന് ഇയാളുടെ മൊഴി. ഈ പ്രദേശത്തു തിരച്ചിൽ.

മേയ് 28
രാവിലെ 8:30 : 
കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ നിന്നു കണ്ടെത്തുന്നു. 14 പ്രതികളും അറസ്റ്റിൽ.

ഒക്ടോബർ 6
കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിൽ കെവിൻ വധക്കേസ് വിചാരണ തുടങ്ങി.

നവംബർ 7
ദുരഭിമാനക്കൊലയുടെ വിഭാഗത്തിൽ പെടുത്തി വിചാരണ നടത്താൻ തീരുമാനം.

കേസിലെ പ്രതികൾ ഈ 14 പേർ

നീനുവിന്റെ അച്ഛൻ ചാക്കോ ജോ‍ൺ, നീനുവിന്റെ സഹോദരൻ സാനു ചാക്കോ തുടങ്ങിയവർ ഉൾപ്പെടെ 7 പ്രതികൾ കഴിഞ്ഞ പതിന്നാലര മാസമായി ജാമ്യം ലഭിക്കാതെ റിമാൻഡിൽ കഴിയുന്നു. 2 പ്രതികൾ 6 മാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങിയെങ്കിലും വിസ്താരസമയത്തു സാക്ഷിയെ മർദിച്ചതായി കേസ് എടുത്തതോടെ ജാമ്യം റദ്ദാക്കി. 5 പ്രതികൾക്കു ജാമ്യം ലഭിച്ചു

പ്രതികൾ

1. സാനു ചാക്കോ
2. നിയാസ് മോൻ (ചിന്നു)
3. ഇഷാൻ ഇസ്മായിൽ
4. റിയാസ് ഇബ്രാഹിംകുട്ടി
5. ചാക്കോ ജോൺ

6. മനു മുരളീധരൻ
7. ഷിഫിൻ സജാദ്
8. എൻ.നിഷാദ്
9. ടിറ്റു ജെറോം
10. വിഷ്ണു (അപ്പുണ്ണി)

11. ഫസിൽ ഷെരീഫ്
12. ഷാനു ഷാജഹാൻ
13. ഷിനു ഷാജഹാൻ
14. റെമീസ് ഷെറീഫ്

238-  പ്രമാണങ്ങൾ കോടതി പരിഗണിച്ചു.
55- മുതലുകൾ

തെളിവുകൾ

∙ മൊബൈൽ ഫോൺ കോൾ റെക്കോർഡുകൾ,
∙ ഫോൺ കോൾ വിവരങ്ങൾ
∙ മൊബൈൽ ഫോൺ ചിത്രങ്ങൾ.
∙ 4 സ്ഥലങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ. മോട്ടർ വാഹന വകുപ്പിന്റെ കോടിമതയിലെ അതിവേഗ ക്യാമറദൃശ്യങ്ങൾ.

പ്രതികളുടെ മേൽ ചുമത്തിയ വകുപ്പുകൾ:

∙ നരഹത്യ (302)
∙ തട്ടിയെടുത്തു വിലപേശൽ (364 എ)
∙ ഗൂഢാലോചന (120–ബി)
∙ ഭവനഭേദനം (449)
∙ പരുക്കേൽപിക്കൽ (321)

∙ തടഞ്ഞുവയ്ക്കൽ (342)
∙ ഭീഷണിപ്പെടുത്തൽ (506–2)
∙ നാശനഷ്ടമുണ്ടാക്കൽ (427)
∙ തെളിവു നശിപ്പിക്കൽ (201)
∙ സംഘം ചേരൽ (34)

സാക്ഷികൾ

ആകെ 113 സാക്ഷികൾ. കെവിന്റെ ഒപ്പം തട്ടിക്കൊണ്ടുപോയ ഇരയും പ്രധാന സാക്ഷിയുമായ അനീഷ് സെബാസ്റ്റ്യൻ, കെവിന്റെ ഭാര്യ നീനു, കെവിന്റെ അച്ഛൻ ജോസഫ്, കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന സാനു ചാക്കോ സഞ്ചരിച്ച കാർ പരിശോധിക്കുകയും പ്രതികളുടെ ചിത്രങ്ങൾ പകർത്തുകയും ഇവരുമായി പല തവണ ഫോണിൽ സംസാരിക്കുകയും ചെയ്ത എഎസ്ഐ ടി.എം.ബിജു തുടങ്ങിയവരെ കോടതിയിൽ വിസ്തരിച്ചു. പ്രധാന സാക്ഷികൾ എല്ലാം പ്രതികൾക്കെതിരെ മൊഴി നൽകി.

രേഖകൾ

∙പോസ്റ്റ്മോർട്ടം റിപ്പോർട്ട്
∙ വിവിധ ഫൊറൻസിക് റിപ്പോർട്ടുകൾ,
∙ പ്രതികൾ മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴി.

വാഹനങ്ങൾ 3

∙വാഗൺ ആർ
∙ഇന്നോവ
∙ഐ–20 കാർ.

പ്രോസിക്യൂഷൻ വാദം : കെവിന്റേത് ദുരഭിമാനക്കൊല

∙ നീനുവിനെ കെവിൻ വിവാഹം ചെയ്തതു വഴി നീനുവിന്റെ കുടുംബത്തിന് ‘അപമാനം’ വന്നതിലെ വിരോധം മൂലം കൊലപാതകം.
∙ നീനുവിന്റെ സഹോദരൻ സാനു ചാക്കോയുടെ നേതൃത്വത്തിൽ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി.
∙ രണ്ടാം പ്രതി നിയാസ് കൊല്ലുമെന്നു കെവിനെ ഭീഷണിപ്പെടുത്തി. ഇക്കാര്യം കെവിൻ മരണത്തിനു മു‌ൻപു നീനുവിനെ അറിയിച്ചു. ഇതു കെവിന്റെ മരണമൊഴിയാണ്.

∙  സാനുവും മറ്റു 12 പ്രതികളും കോട്ടയത്തു വന്നതിനു തെളിവുണ്ട്:
∙  കെവിന്റെ കൊലപാതകം തെളിയിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
∙  മുങ്ങിമരിക്കാൻ സാധ്യതയില്ലെന്നു പൊലീസ് സർജന്റെ മൊഴി.
∙ പ്രതികളുടെ പക്കൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു.


പ്രതിഭാഗത്തിന്റെ വാദം :കൊലപാതകമല്ല, മുങ്ങിമരണം


∙  ദുരഭിമാനക്കൊലയ്ക്കു തെളിവില്ല.
∙  കുടുംബത്തിന് അപമാനം വന്നതായി നീനുവിന്റെ വീട്ടുകാർ കെവിന്റെ വീട്ടുകാരോടു പറഞ്ഞതായി തെളിവില്ല.
∙  പ്രധാന സാക്ഷി അനീഷ് പൊലീസിനു നൽകിയ ആദ്യമൊഴിയിൽ കെവിൻ ഓടിപ്പോകുന്നതു കണ്ടതായി പറയുന്നില്ല. ഈ മൊഴിയാണു വാസ്തവം.

∙ കെവിനെ കൊന്നുവെന്നതിനു തെളിവില്ല. കെവിൻ മരിച്ചതിനു പ്രതികൾ ഉത്തരവാദികളല്ല. ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട് മുങ്ങിമരണമെന്നാണു പറയുന്നത്. ഇതിനെ മറികടക്കാനാണു ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചത്. അതിലും മുക്കിക്കൊന്നുവെന്നതിനു തെളിവില്ല.
∙  പ്രതികളാണ് അനീഷിനെ തിരികെ കൊണ്ടുവന്നു വിട്ടത്. പൊലീസുമായുള്ള സംഭാഷണത്തിലും കെവിൻ ഓടിപ്പോയെന്നു പ്രതികൾ പറയുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama