go

കുട്ടികൾക്ക് പൊലീസ് സ്റ്റേഷനും

kottayam news
പാലായിൽ നിർമിച്ച ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ.
SHARE

പാലാ ∙ ഇനി കുട്ടികൾക്ക്  സ്വന്തമായി പൊലീസ് സ്റ്റേഷനുമായി. പൊലീസ് സ്റ്റേഷനിൽ എത്തിയാൽ സ്ഥലം മാറിപ്പോയോ എന്ന് ആർക്കും സംശയം തോന്നത്തക്ക വിധത്തിലാണ് ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.‍ ഇതിനായി നിർമിച്ച പുതിയ കെട്ടിടത്തിൽ വൻ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് വിശ്രമിക്കാനും വിനോദത്തിൽ ഏർപ്പെടാനുള്ള സൗകര്യങ്ങളുമായി കേരളത്തിൽ 52 ശിശു സൗഹൃദ സ്റ്റേഷനുകളാണ് തയാറാക്കിയിരിക്കുന്നത്. സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ കുട്ടികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവുമുണ്ട്. പൊലീസ് സ്റ്റേഷനോട് ചേർന്നാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.

വാട്ടർ കൂളർ, കളിക്കോപ്പുകൾ, കളി സ്ഥലം ഇവയെല്ലാം ശിശു സൗഹൃദ സ്റ്റേഷനിലുണ്ട്. ജില്ലയിൽ പാലായ്ക്കു പുറമെ പൊൻകുന്നവും എരുമേലിയുമാണ് ശിശു സൗഹാർദം ആകുന്ന പൊലീസ് സ്റ്റേഷനുകൾ. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കായിരിക്കും ഇവിടുത്തെ പ്രവർത്തനങ്ങളുടെ ചുമതല. നിലവിലെ വനിതാ ഹെൽപ് ഡെസ്ക്കും പ്രവർത്തനം തുടരും.

സംസ്ഥാനത്തുടനീളം കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും മെച്ചപ്പെട്ട സുരക്ഷ ഉറപ്പുവരുത്തുന്നതിനും പൊലീസിന്റെ ക്യാപ് (ചിൽഡ്രൻ ആൻഡ് പൊലീസ്-സിഎപി) പദ്ധതി പൊലീസ് ആരംഭിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ, കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന യുനിസെഫിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സൗഹൃദ പൂർണവും സമയബന്ധിതവും ഫലപ്രദവുമായ സേവനങ്ങൾ ഉറപ്പു വരുത്തുന്ന പൊലീസ് സ്റ്റേഷനുകളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫലപ്രദവും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുന്നതിനുമുള്ള പരിശീലനം പൊലീസുകാർക്ക് നൽകിയിരുന്നു.

9 ലക്ഷം രൂപ ചെലവഴിച്ച് 400 ചതുരശ്രയടി കെട്ടിടമാണ് പൂർത്തിയാക്കിയിരിക്കുന്നത്. കുട്ടികളെ മുലയൂട്ടാനുള്ള പ്രത്യേക സൗകര്യം, ടിവി, ഫ്രിജ്, എസി, കാർട്ടൂൺ‍ കാണാനുള്ള സംവിധാനം എന്നിവയെല്ലാം ശിശു സൗഹൃദ സ്റ്റേഷനിൽ ഒരുക്കും.കേരള ഹൗസിങ് സഹകരണ സംഘമാണ് 52 കേന്ദ്രങ്ങളുടെയും നിർമാണം ഏറ്റെടുത്ത് നടത്തുന്നത്. ഒരേ നിറത്തിലും ഘടനയിലും നിർമിക്കുന്ന കെട്ടിടത്തിലെ ചുമരിൽ വരയ്ക്കുന്ന ചിത്രങ്ങളെല്ലാം ഒന്നു തന്നെ. അടുത്ത ഘട്ടമായി ജില്ലയിലെ 11 സ്റ്റേഷനുകളിൽ കൂടി ഇത് വ്യാപിപ്പിക്കും.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama