go

പച്ചക്കറികൾ എത്തുന്നില്ല

kottayam news
മുളക്കുളത്ത് ഇരണ്ട തൂക്കിൽ കുഞ്ഞപ്പന്റെ രണ്ടേക്കർ സ്ഥലത്തെ പച്ചക്കറി കൃഷികൾ വെള്ളം കയറിയ നിലയിൽ
SHARE

കുറവിലങ്ങാട് ∙വയനാട്ടിലും കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിലും പേമാരി നാശം വിതച്ചതു മൂലം പച്ചക്കറി വരവ് പൂർണമായി നിലച്ചു. വിൽപന കുറഞ്ഞതിനാൽ  വിപണിയിൽ കാര്യമായ വിലക്കയറ്റം ഇല്ലെങ്കിലും പ്രകൃതിക്ഷോഭം ഓണം വിപണിയെ ബാധിച്ചേക്കുമെന്നു വ്യാപാരികൾ പറയുന്നു. നാടൻ പച്ചക്കറികളുടെ ഉൽപാദനം കുറയുകയും വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള വരവ് കുറയുകയും ചെയ്താൽ ഓണം വിപണിയിൽ പൊള്ളുന്ന വിലയ്ക്ക് സാധ്യതയുണ്ട്.

വയനാട്ടിൽ നിന്ന് എത്തിയിരുന്ന ഇഞ്ചി ഇപ്പോൾ ചില്ലറ വില കിലോഗ്രാമിന് 250 രൂപയാണ്. ഞാലിപ്പൂവൻ പഴത്തിന്റെ വില 90 രൂപയിൽ എത്തി. മേട്ടുപ്പാളയം, തേനി എന്നിവിടങ്ങളിൽ നിന്നും കാര്യമായി പച്ചക്കറി എത്തുന്നില്ല. അതിനിടെ നാടൻ പച്ചക്കറികളുടെ ഉൽപാദനം കുറയാൻ സാധ്യതയുണ്ട്.  മഴ തുടരുന്നതിനാൽ ഏക്കർ കണക്കിനു പ്രദേശത്തെ പച്ചക്കറി കൃഷി വെള്ളത്തിലായ അവസ്ഥയിലാണ്. കൃഷി വകുപ്പിന്റെ കണക്കനുസരിച്ചു ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 50 ഹെക്ടർ പ്രദേശത്തെ പച്ചക്കറി കൃഷി നശിച്ചു. 

ഏത്തവാഴ കൃഷിയും പ്രതിസന്ധിയിലാണ്. ജില്ലയിൽ വിവിധ പഞ്ചായത്തുകളിലായി 126500 കുലച്ച ഏത്തവാഴകൾ നിലംപൊത്തി.  കുലയ്ക്കാത്ത വാഴകകളുടെ എണ്ണം 21660. ഓണം വിപണിയിൽ വിൽക്കാൻ വേണ്ടി കരുതിയവയാണ് നശിച്ചത്. അപ്രതീക്ഷിതമായി എത്തിയ കനത്ത മഴ പച്ചക്കറി ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാക്കും. കൃഷിക്കു അനുകൂലമായ കാലാവസ്ഥ വേഗത്തിൽ മാറി. ഇടവിട്ടു ലഭിച്ച മഴയും തെളിഞ്ഞ കാലാവസ്ഥയും പച്ചക്കറി ഉൾപ്പെടെയുള്ള കൃഷികൾക്കു അനുയോജ്യമായിരുന്നു.

 ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപാദനം നടക്കുന്ന കുറവിലങ്ങാട്, കാണക്കാരി, ഞീഴൂർ, മരങ്ങാട്ടുപിള്ളി, വെളിയന്നൂർ പഞ്ചായത്തുകളിൽ ഓണം വിപണി ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷിയുടെ ഉൽപാദനത്തിന്റെ ആദ്യ ഘട്ടമാണ് ഇപ്പോൾ.  പക്ഷേ നിറഞ്ഞൊഴുകിയ തോടുകളിൽ നിന്നു പാടങ്ങളിലെല്ലാം വെള്ളം ഇരച്ചു കയറിയതോടെ ഏക്കർ കണക്കിനു പ്രദേശത്തെ കൃഷികൾ വെള്ളത്തിലായി. മരച്ചീനി, പച്ചക്കറി, ഏത്തവാഴ കൃഷികൾക്കാണു പ്രതിസന്ധി. 

വെളിയന്നൂർ പ‍ഞ്ചായത്തിൽ ഏക്കർ കണക്കിനു പ്രദേശത്തെ മരച്ചീനി കൃഷിയാണു വെള്ളത്തിലായിരിക്കുന്നത് മഴ തുടരുകയും വെള്ളം ഇറങ്ങി പോകാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്താൽ കപ്പ ചീയും. മിക്ക കർഷകരും കപ്പ പറിച്ചു നീക്കി തുടങ്ങിയിട്ടുണ്ട്.

 മഴ വീണ്ടും

കുറവിലങ്ങാട് ∙മഴ വീണ്ടും എത്തി. 2 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ രാവിലെയാണ് മഴ എത്തിയത്. ശക്തമായി പെയ്യാത്തതിനാൽ കുറവിലങ്ങാട് മേഖലയിൽ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉണ്ടായില്ല. എവിടെയും ഗതാഗതം തടസ്സപ്പെട്ടില്ല.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama