go

പതിവുതെറ്റാതെ വെള്ളക്കെട്ട്

kottayam news
കല്ലറ മുണ്ടാറിൽ വെള്ളത്തിലായ വീട്
SHARE

കുറവിലങ്ങാട് ∙പതിവുകളൊന്നും ഇത്തവണയും തെറ്റിയില്ല. മഴയുടെ കരുത്തിൽ ഓടകൾ കവിഞ്ഞൊഴുകി. കുറവിലങ്ങാട് ടൗൺ ഉൾപ്പെടെ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പള്ളിക്കവല, പകലോമറ്റം, കോഴാ–പാലാ റോഡിലെ വിവിധ സ്ഥലങ്ങൾ, മരങ്ങാട്ടുപിള്ളി–കിടങ്ങൂർ റോഡ്, കടപ്പൂര്–കൂടല്ലൂർ റോഡ് എന്നിവിടങ്ങളിലൊക്കെ കനത്ത വെള്ളക്കെട്ട് ഉണ്ടായി. എവിടെയും ഗതാഗതം തടസ്സപ്പെട്ടില്ല. പ്രധാന പാതകളിലെ വെള്ളക്കെട്ടിന് കാരണം എന്താണ് ?

എംസി റോഡ്

കുറവിലങ്ങാട് പള്ളിക്കവല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഓടകളിൽ നിറയുന്ന മഴവെള്ളം പുറത്തേക്ക് ഒഴുക്കാൻ സംവിധാനമില്ല. റോഡ് നവീകരണത്തിന്റെ ഭാഗമായി ടൗൺ മേഖലയിൽ മാത്രം 13 കലുങ്കുകൾ പുതുക്കി നിർമിച്ചു. പക്ഷേ വെള്ളം വലിയ തോട്ടിലേക്കു ഒഴുകുന്നത് 2 കലുങ്കുകളിൽ കൂടി മാത്രം. 

മഴവെള്ളം പുറത്തേക്ക് ഒഴുക്കാൻ ഓട നിർമിക്കുന്നതിനു സ്വകാര്യ വ്യക്തികളിൽ സ്ഥലം ഏറ്റെടുക്കുമെന്നും ഇതിനായുള്ള പണം അനുവദിക്കുന്ന കാര്യത്തിൽ സർക്കാരുമായി ചർച്ച നടത്തുമെന്നും അധികൃതർ ഉറപ്പ് നൽകിയിരുന്നു. പക്ഷേ  ഒന്നും സംഭവിച്ചില്ല. 

റോഡ് നവീകരണ ജോലികൾ പൂർത്തിയായിട്ടു ഒന്നര വർഷമായെങ്കിലും പുതുതായി നിർമിച്ച ഓടകൾ മിക്കയിടത്തും കോൺക്രീറ്റ് അവശിഷ്ടങ്ങളും മെറ്റലും നിറഞ്ഞു കിടക്കുകയാണ്. ഇത് നീക്കം ചെയ്തി മഴ  വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനു സാധിക്കില്ല.

കോഴാ–പാലാ  റോഡ്

കോഴാ–പാലാ റോഡിൽ ഇതിലും രൂക്ഷമാണ് സ്ഥിതി. പാലാ മുതൽ കോഴാ വരെ ചില സ്ഥലങ്ങളിൽ മാത്രമാണ് ഓട നിർമിച്ചിരിക്കുന്നത്.  പല സ്ഥലത്തും മൂടിയില്ല. ലക്ഷങ്ങൾ മുടക്കിയ ഓടകൾ കാടു കയറി മണ്ണ് നിറഞ്ഞു നികത്തപ്പെട്ടതിനാൽ വെള്ളം റോഡിലൂടെയാണു ഒഴുകുന്നത്.   പൊതുമരാമത്ത് വകുപ്പിന്റെയും കെഎസ്ടിപിയുടേയും കീഴിലുള്ള ഓടകൾ പഞ്ചായത്തുകൾക്കു വൃത്തിയാക്കാൻ സാധിക്കില്ല. 

അതുകൊണ്ടു തന്നെ ശുചീകരണ ജോലികൾ വർഷത്തിൽ ഒരിക്കൽ പോലും നടക്കാറില്ല. പൈക്കാട് ഭാഗത്ത് റോഡിന്റെ ഒരു വശത്തു മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്. ഇവിടെ കരിങ്കൽ ഭിത്തി നിർമിക്കണം. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിനു കുറുകെയുള്ള ഓടയിലും വ്യാപക മാലിന്യ നിക്ഷേപമാണ്. വലിയ തോട്ടിലേക്കു തുറന്ന  ഈ ഓടയിൽ നിന്നു മാസങ്ങളായി അസഹ്യമായ ദുർഗന്ധമാണ് ഉയരുന്നത്. ഇതു വൃത്തിയാക്കാൻ നടപടി വേണമെന്നു സ്റ്റാൻഡിലെ വ്യാപാരികളും ടാക്സി ജീവനക്കാരും പറയുന്നു.

കെ.ആർ. നാരായണൻ റോഡ്

അശാസ്ത്രീയ നവീകരണത്തിന്റെ ദോഷഫലങ്ങൾ  കാണണമെങ്കിൽ കിടങ്ങൂർ–മംഗലത്താഴം കെ.ആർ.നാരായണൻ റോഡിലൂടെ സഞ്ചരിച്ചാൽ മതി.  അരീക്കര, ഉഴവൂർ, കുറിച്ചിത്താനം, മരങ്ങാട്ടുപിള്ളി, മുക്കട, മൂന്നുതോട് എന്നിവിടങ്ങളിൽ ചെറിയൊരു മഴ പെയ്താൽ വലിയ വെള്ളക്കെട്ട്. മരങ്ങാട്ടുപിള്ളി ടൗണിനു സമീപം മുക്കട പാലം മുതൽ മൃഗാശുപത്രി വരെയുള്ള ഭാഗത്തും കുറിച്ചിത്താനം പള്ളിക്കു സമീപത്തുമാണു വെള്ളക്കെട്ട് രൂക്ഷം

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama