go

തീരദേശവാസികൾ ദുരിതത്തിൽ

kottayam news
പമ്പാനദിയിൽ പ്രളയത്തിൽ രൂപപ്പെട്ട മണൽ നീക്കം ചെയ്യാത്ത നിലയിൽ. പെരുന്തേനരുവി ഡാമിനു സമീപത്തെ കാഴ്ച.
SHARE

എരുമേലി∙കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പമ്പാനദിയിലും തീരത്തും അടിഞ്ഞുകൂടിയ ടൺ കണക്കിനു മണൽ നീക്കം ചെയ്യാത്തതിനെ തുടർന്നു തീരദേശവാസികൾ കടുത്ത ദുരിതത്തിൽ. നദി ഗതിമാറിയൊഴുകി നദിയുടെയും തീരങ്ങളുടെയും സ്വാഭാവിക വ്യവസ്ഥ നഷ്ടപ്പെട്ടു. നദിക്കു രൂപമാറ്റം സംഭവിച്ചതോടെ തീരദേശങ്ങളിലെ ജലസ്രോതസ്സുകളിൽ പെട്ടെന്നു വറ്റുന്നു. മണൽ നീക്കം ചെയ്യുന്നതിൽ സർക്കാർ തീരുമാനം എടുക്കുന്നില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പെയ്ത  മഴയെ തുടർന്നാണു പമ്പയിലും സമീപത്തെ പുരയിടങ്ങളിലും  മണൽ അടിഞ്ഞു കൂടിയത്.

തുറന്നു വിട്ട ഡാമുകൾക്കുള്ളിലെ വെള്ളത്തിനൊപ്പം വൻതോതിൽ മണലും ഒഴുകി എത്തുകയായിരുന്നു. തുലാപ്പള്ളി മുതൽ പെരുന്തേനരുവി വരെ കയങ്ങളിലും തീരത്തുമായി മല പോലെയാണ് മണൽക്കൂനകൾ രൂപപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രളയശേഷം നദിയുടെ ശുചീകരണത്തിനോ, മണൽ നീക്കം ചെയ്യുന്നതിനോ നടപടി ഉണ്ടാവുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. പൊതുജനത്തിന്റെ വീടുനിർമാണം അടക്കമുള്ള കാര്യങ്ങൾക്കു പോലും മണൽ ഉപയോഗപ്പെടുത്തുന്നില്ല.  മണൽ വീട്ടാവശ്യങ്ങൾക്ക് ഉപയോഗിച്ചാലും കേസെടുക്കുമെന്നു വനംവകുപ്പ് അറിയിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.

പുരയിടങ്ങളിലെ വൃക്ഷങ്ങൾ, മണലിലെ ഉയർന്ന ലവണാംശം മൂലം  കരിഞ്ഞുപോകുന്നതായും നാട്ടുകാർ പറയുന്നു. മണൽ അടിഞ്ഞുകൂടിയതോടെ പെരുന്തേനരുവി വൈദ്യുതി പദ്ധതി ഡാമിന്റെ ആഴം കുറഞ്ഞു. ഇവിടെ നിന്നാണ് എരുമേലി ശുദ്ധജല പദ്ധതിക്കു വെള്ളം എടുക്കുന്നതും. നദിയുടെ ഇരുകരകളിലും മണൽക്കൂനകൾ രൂപപ്പെട്ടതോടെ പലയിടത്തും മധ്യഭാഗത്തുകൂടിയാണ് വെള്ളം ഒഴുകുന്നത്. ഇതു മൂലം തീരദേശത്തെ കിണറുകളിലും മറ്റും ജലനിരപ്പ് വളരെയേറെ  താഴ്ന്നിരിക്കുകയാണ്. മണൽ ലേലം ചെയ്തു നീക്കണമെന്നും ആവശ്യമുണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama