go

മുളയംവേലി നാരകച്ചാൽ പാടത്ത് ഇനി പൊന്മണികൾ വിരിയും

kottayam news
മുളയംവേലി നാരകച്ചാൽ പാടശേഖരത്തിൽ ആരംഭിച്ച നെൽക്കൃഷി ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല വിത്തു വിതച്ച് ഉദ്ഘാടനം ചെയ്യുന്നു.
SHARE

നെടുംകുന്നം ∙ കർഷകർ ഒന്നിച്ചു, നാളുകളായി തരിശു കിടന്ന പാട ശേഖരത്തിൽ ഇനി പൊന്നു വിളയും. മുളയംവേലി നാരകച്ചാൽ പാടശേഖരത്തിലാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും നെൽക്കൃഷി ആരംഭിച്ചത്. ത്രിതല പഞ്ചായത്തുകളുടെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ 10 കർഷകർ ചേർന്ന് പാട്ടത്തിനെടുത്ത 3 ഏക്കർ സ്ഥലത്താണ് ആദ്യ ഘട്ടത്തിൽ കൃഷി ചെയ്യുന്നത്. കാടും പോളയും നിറഞ്ഞു കിടന്ന പാടം ഏറെ പണിപ്പെട്ടാണ് ഇവർ കൃഷി യോഗ്യമാക്കിയത്.

വാഴപ്പള്ളിയിലെ അഗ്രോ സൊസൈറ്റിയിൽ നിന്നും ട്രാക്ടർ വാടകയ്‌ക്കെടുത്ത് നിലം ഉഴുതു. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കോഴ വിത്തു വിതരണ കേന്ദ്രത്തിൽ നിന്നും വാങ്ങിയ 120 കിലോ ശ്രേയസ് ഇനത്തിൽപെട്ട വിത്താണ് വിതച്ചത്. മൂന്നു വർഷത്തേക്കാണ് പാട്ടം. കൂടുതൽ സ്ഥലം പാട്ടമെടുത്ത് പയർ, പച്ചക്കറി, എള്ള് തുടങ്ങിയ കൃഷി ചെയ്യുവാനും ആലോചനയുണ്ട്.

രാസവളങ്ങളും കീടനാശിനികളും ഒഴിവാക്കി ജൈവ രീതിയിൽ തന്നെ കൃഷി ചെയ്യുകയാണ് സംഘത്തിന്റെ തീരുമാനം. ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല വിത്തു വിതച്ച് ഉദ്ഘാടനം ചെയ്തു. നെടുംകുന്നം കൃഷി ഓഫിസർ എം.സി.സത്മ, അസിസ്റ്റന്റ് കൃഷി ഓഫിസർ ലൈലാകുമാരി, എബ്രഹാം തെങ്ങുംപള്ളീൽ, ജോൺ എലിമുള്ളിൽ, സദാശിവൻ ചെറുകര, ബിന്ദു പത്തായപ്പാറ, പി.സി.മാത്യു തുടങ്ങിയവർ പങ്കെടുത്തു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama