go

യുവാവിന്റെ മരണക്കാറോട്ടം; 3 കിലോമീറ്റർ ദൂരത്തു 4 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു

യുവാവ് ഓടിച്ച കാർ എംസി റോഡിൽ ‌തവളക്കുഴിക്കു സമീപം അപകടത്തിൽ തകർന്നപ്പോൾ, കാറിന്റെ ഊരിപ്പോയ ചക്രം റോഡിൽ നിന്നു നീക്കുന്നു
യുവാവ് ഓടിച്ച കാർ എംസി റോഡിൽ ‌തവളക്കുഴിക്കു സമീപം അപകടത്തിൽ തകർന്നപ്പോൾ, കാറിന്റെ ഊരിപ്പോയ ചക്രം റോഡിൽ നിന്നു നീക്കുന്നു
SHARE

ഏറ്റുമാനൂർ ∙ അമിത വേഗത്തിൽ എംസി റോഡിൽ പാറോലിക്കൽ മുതൽ തവളക്കുഴി വരെ 4 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് യുവാവിന്റെ മരണക്കാറോട്ടം. കടപ്പൂർ സ്വദേശി അനുപിനെ(28)  പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു.   സ്വകാര്യ ബസ് ഡ്രൈവറുമാണ് ഇയാൾ.  യുവാവു മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. എംസി റോഡിൽ  തിങ്കൾ രാത്രി 9നു 3 കിലോമീറ്റർ ദൂരത്താണു സംഭവം. ഒരു മണിക്കൂറോളം ഗതാഗതകുരുക്കുണ്ടായി. ആർക്കും പരുക്കില്ല.

കോട്ടയത്തു നിന്ന് അമിത വേഗത്തിൽ എംസി റോഡിലൂടെ എത്തിയ കാർ പാറോലിക്കലിൽ ബൈക്കിനു പിന്നിലിടിച്ചു. നിർത്താതെ പോയ കാർ ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിൽ ഇടിച്ചു. പിന്നോട്ടെടുത്ത കാർ വീണ്ടും തവളക്കുഴി ഭാഗത്തേക്കു പാഞ്ഞു. തവളക്കുഴി ജംക്‌ഷനിൽ എത്തിയ  കാർ ഏറ്റുമാനൂർ ഭാഗത്തേക്കുവന്ന ലോറിയുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. വലതുഭാഗത്തെ ടയർ ചക്രം ഉൾപ്പെടെ ഊരിത്തെറിച്ചു. 

100 മീറ്റർ ടാറിലൂടെ ഉരഞ്ഞു നീങ്ങിയ കാർ കോതമംഗലം ഭാഗത്തു നിന്നു കുമാരനല്ലൂർ ഭാഗത്തേക്കു വന്ന മറ്റൊരു കാറിലും ഇടിച്ചു. അപകടശേഷം കാറിൽ നിന്ന് ഇറങ്ങിയോടിയ അനൂപിനെ നാട്ടുകാർ പിടികൂടി. ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ചു  നിർത്താതെ പാഞ്ഞ  കാർ തവളക്കുഴിയിൽ അപകടത്തിൽപ്പെട്ടു എന്ന വാർത്ത പരന്നതോടെ ഒട്ടേറെ പേർ സംഭവസ്ഥലത്ത് എത്തി.പ്രദേശത്തു സംഘർഷാവസ്ഥയായതോടെ പൊലീസും ഹൈവേ പൊലീസും എത്തി രംഗം ശാന്തമാക്കി. അനൂപിനെ കസ്റ്റഡിയിലെടുത്തു.  തകർന്ന കാർ ക്രെയിൻ ഉപയോഗിച്ച് റോഡിൽനിന്നു നീക്കിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama