go

സിഗരറ്റ് വാങ്ങിയതിലെ തർക്കം മുഖ്യതെളിവായി; വ്യാപാരിയെ കുത്തിവീഴ്ത്തിയ 3 യുവാക്കൾ പിടിയിൽ

അബിൻ, ഹരീഷ് ,ജോബിൻ
അബിൻ, ഹരീഷ് ,ജോബിൻ
SHARE

കറുകച്ചാൽ ∙ കടയടച്ച് വീട്ടിലേക്കു  മടങ്ങിയ വ്യാപാരിയെ കുത്തി വീഴ്ത്തി ഒന്നരപ്പവൻ മാലയും അര ലക്ഷം രൂപയും കവർന്ന കേസിൽ 3 പേരെ പൊലീസ് പിടികൂടി. കങ്ങഴ കൊറ്റൻചിറ തകിടിയേൽ വീട്ടിൽ അബിൻ (21), വെള്ളാവൂർ ചെറുവള്ളി വാഹനാനി വീട്ടിൽ ഹരീഷ് (24), താഴത്തുവടകര നെയ്യൂണീൽ വീട്ടിൽ ജോബിൻ (21) എന്നിവരെയാണു മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. ഇടയിരിക്കപ്പുഴയിൽ ബേബി സ്റ്റോഴ്സ് ഉടമ  ഇടയിരിക്കപ്പുഴ വടക്കേൽ ജേക്കബ് അലക്‌സാണ്ടറിനെ (ബേബിച്ചൻ-60) ആക്രമിച്ചാണു കവർച്ച നടത്തിയത്.  ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്. 

ഞായർ  രാത്രി 9നാണു സംഭവം. വഴിയരികിൽ കാത്തു നിന്ന പ്രതികൾ ബേബിച്ചനെ കുത്തിവീഴ്ത്തി പണമടങ്ങിയ ബാഗും കഴുത്തിലെ മാലയും കവർന്നു. നെഞ്ചിലും വയറിലും ആഴത്തിൽ കുത്തേറ്റ ബേബിച്ചൻ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. നാട്ടുകാരാണു  കോട്ടയം മെഡിക്കൽ കോളജിലും തുടർന്ന് എറണാകുളത്തെ ആശുപത്രിയിലും എത്തിച്ചത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പ്രതികളെ വേഗം പിടികൂടാനായത്. കഴിഞ്ഞയാഴ്ച ജേക്കബിന്റെ കടയിൽ നിന്ന്  അബിൻ സിഗരറ്റ് വാങ്ങുകയും പണം ചോദിച്ചപ്പോൾ വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് അബിനിലേക്ക് അന്വേഷണം എത്താനുള്ള കാരണം. പൊലീസ് അബിന്റെ വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. 

വാടകയ്‌ക്കെടുത്ത കാറിൽ തിങ്കൾ വൈകിട്ട് തമിഴ്‌നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതികൾ. കങ്ങഴയിൽ നിന്നു കാനം വഴി ദേശീയപാതയിൽ എത്തിയെങ്കിലും കാറിലും ബൈക്കുകളിലുമായി പിന്തുടർന്നെത്തിയ പൊലീസ് ഇളപ്പുങ്കലിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ വർഷം കങ്ങഴയിൽ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിലെ പ്രതിയാണ് അബിൻ. അടിപിടി, മോഷണക്കേസുകളുമുണ്ട്. ഹരീഷിന്റെ പേരിലും സമാനകേസുകളുണ്ട്. കോടതി  പ്രതികളെ റിമാൻഡ് ചെയ്തു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama