go

എരുമേലി വിമാനത്താവളം: ഒത്തുപിടിച്ചാൽ അഞ്ചാം കൊല്ലം പറപറക്കാം....

Kottayam News
വിമാനത്താവള പദ്ധതി നടപ്പാക്കുന്ന ചെറുവള്ളി എസ്റ്റേറ്റ്
SHARE

കോട്ടയം ∙ ഇത്തിരിക്കുഞ്ഞൻ കേരളത്തിൽ അഞ്ചാമത്തെ വിമാനത്താവളം എരുമേലിയിൽ എത്തുന്നതോടെ ഗമ കൂടുന്നത് ‘ഠ’ വട്ട പട്ടണമായ കോട്ടയത്തിനാണ്. ജില്ല കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരം, വിദ്യാഭ്യാസം, തീർഥാടനം, വിദേശ യാത്ര എന്നിവയ്ക്കു വിമാനത്താവളം കുതിപ്പേകും.

തിരികെക്കിട്ടും 3 മണിക്കൂർ

പ്രവാസികളും വൻകിട ബിസിനസുകാരും ഏറെയുള്ള കോട്ടയം ജില്ലയ്ക്കു മണിക്കൂറുകൾ നീണ്ട ‘എയർപോർട്ട്’ യാത്ര ഒഴിവാക്കാമെന്നതാണ് ഏറ്റവും വലിയ മെച്ചമായി യാത്രക്കാർ പറയുന്നത്. നിലവിൽ കോട്ടയം ജില്ലക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ശരാശരി 80 കിലോമീറ്ററാണ്  നഗരത്തിൽ നിന്നുള്ള ദൂരം.  ഇതേ സമയം കോട്ടയത്തു നിന്ന്  എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റിലേക്ക് ദൂരം 44 കിലോമീറ്റർ  മാത്രം.

പ്രധാന റോഡായ മൂവാറ്റുപുഴ – പെരുമ്പാവൂർ – കാലടി ഭാഗങ്ങളിലൂടെ വിമാനത്താവളത്തിലേക്ക് എത്താൻ തിരക്കു കുറഞ്ഞ ദിവസങ്ങളിൽ പോലും 2 മണിക്കൂർ വേണം.  പ്രധാന ജംക്‌ഷനുകളായ ഏറ്റുമാനൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, കാലടി പാലം എന്നിവിടങ്ങൾ കടന്ന് വിമാനത്താവളത്തിൽ എത്തണമെങ്കിൽ കോട്ടയം ജില്ലക്കാർ കുറഞ്ഞത് 6 മണിക്കൂർ മുൻപേ പുറപ്പെടേണ്ട സ്ഥിതിയാണ്. ഇതിനെല്ലാം ശാശ്വത പരിഹാരമാവും  എരുമേലി വിമാനത്താവളം. 

സഞ്ചാരികളേ പറന്നിറങ്ങൂ 
ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നുള്ളവർക്ക് വിദേശ യാത്രകളുടെ ബുദ്ധിമുട്ടു കുറയുന്നതിനൊപ്പം മലയോര ടൂറിസത്തിനു മുന്നിൽ വലിയ വാതിലുകളാണു തുറക്കപ്പെടുന്നത്.  വാഗമൺ, കുമരകം, തേക്കടി, ഗവി തുടങ്ങിയ മേഖലകളിലേക്കു സഞ്ചാരികൾക്ക് എളുപ്പമെത്താം. വിമാന യാത്രാ നിരക്ക് കുറയുന്ന കാലത്ത് പാക്കേജ് ടൂറുകൾക്കും പ്രസക്തി. 

അഞ്ചാം കൊല്ലം പറപറക്കാം
ഒത്തുപിടിച്ചാൽ 5 മുതൽ 8 വർഷം കൊണ്ടു വിമാനത്താവളം നിർമിക്കാം. ആറാം വർഷം നെടുമ്പാശേരിയിൽ വിമാനം ഇറങ്ങി. കണ്ണൂരിൽ 20 വർഷം വേണ്ടി വന്നു. എരുമേലി വിമാനത്താവളത്തെ കാത്തിരിക്കുന്ന നടപടി ക്രമങ്ങൾ ഏറെ. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്. ഭൂമി കൈമാറ്റത്തിനു മുന്നോടിയായി സാമൂഹിക പഠനം ഭൂമി സർവേ ഭൂമി കൈമാറ്റം നിർമാണത്തിനുള്ള സ്ഥലം കണ്ടെത്തൽ പരിസ്ഥിതി വകുപ്പിന്റെ അനുമതി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി വിമാനത്താവളം നിർമാണം സാങ്കേതിക തലത്തിലെ വിവിധ അനുമതികൾ

വളരും പട്ടണങ്ങൾ 
മുണ്ടക്കയം, കുട്ടിക്കാനം, നെടുങ്കണ്ടം, പീരുമേട് എന്നിവിടങ്ങളിലേക്കുള്ള യാത്രകളിൽ എരുമേലിയിൽ വിമാനം ഇറങ്ങുന്നത് യാത്ര കൂടുതൽ ലളിതമാക്കും.  നെടുമ്പാശേരിയിൽ നിന്ന് ഇത്തരത്തിൽ ഇവിടേക്ക് എത്തുന്ന ടാക്സി ചാർജ് 3,500 രൂപ വരെയാണ്. ഈ ചെലവും ഒഴിവാക്കാം. കോട്ടയത്തിന്റെ തെക്കു – കിഴക്ക് മേഖലകളിലുള്ള ചെറുപട്ടണങ്ങൾ കൂടുതൽ വികസിക്കുമെന്ന കാര്യത്തിൽ സംശയമില്ല.  ഈ പ്രദേശങ്ങളിൽ മികച്ച റോഡുകൾ ഉള്ളതും എരുമേലി വിമാനത്താവളത്തിനു ഗുണം ചെയ്യും.മലയോര കച്ചവട കേന്ദ്രങ്ങളായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം പോലെയുള്ള സ്ഥലങ്ങളിൽ വലിയ വികസനമാവും വരിക.   

ജനങ്ങളുടെ ജീവിത നിലവാരത്തിലും മാറ്റമുണ്ടാകും.  പ്രാദേശികമായി തൊഴിലാളികളെ പരിഗണിച്ചാൽ ധാരാളം യുവതീ യുവാക്കൾക്ക് തൊഴിൽ ലഭിക്കാനും പദ്ധതി കാരണമാകും.  യുഎഇ പോലുള്ള രാജ്യങ്ങളിലേക്ക് ഇപ്പോൾ ശ്രീലങ്ക കണക്​ഷൻ ഫ്ലൈറ്റുകൾ ഉണ്ട്. ഇത്തരം വിമാനങ്ങൾ എരുമേലി വഴി സഞ്ചരിച്ചു തുടങ്ങിയാൽ ചെലവു കുറഞ്ഞ രീതിയിൽ ബിസിനസ് യാത്രകൾ പതിവായി ചെയ്യുന്നവർക്കും പ്രയോജനപ്പെടും.

പറന്നു പഠിക്കാം
വിദ്യാഭ്യാസ ഹബ്ബായി മാറുന്ന ജില്ലയ്ക്ക് ഗുണം ചെയ്യും. വിദേശ മലയാളികൾ അടക്കം ഉന്നത വിദ്യാഭ്യാസ പരിശീലനത്തിനു ജില്ലയിലേക്കാണ് കുട്ടികളെ അയയ്ക്കുന്നത്. പാലായിലെ പരിശീലന കേന്ദ്രങ്ങളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും പറന്നെത്തും ദൂരത്താകും. എംജി സർവകലാശാല, ഐഐഐടി തുടങ്ങിയ സ്ഥാപനങ്ങൾക്കും ഗുണകരം. 

കാത്തിരിക്കാം വൻകുതിപ്പിന് 
കോട്ടയം ∙ വിമാനത്താവളം കൊണ്ട് വാഴയില പോലും രക്ഷപ്പെട്ടു. സംഗതി തമാശയല്ല. കൊണ്ടോട്ടി, എടവണ്ണപ്പാറ, വാഴക്കാട്, മാവൂർ പ്രദേശങ്ങളിൽ കരിപ്പൂർ വിമാനത്താവളം വരുത്തിയ മാറ്റത്തിന്റെ ചെറിയ ഉദാഹരണം ആണിത്.  കരിപ്പൂർ വിമാനത്താവളം വന്നതോടെ കാർഷിക കയറ്റുമതിയിൽ വൻ വർധനയുണ്ടായി.  ഗുണമേന്മയുള്ള വാഴയിലയ്ക്കു പോലും വിദേശ മാർക്കറ്റുകൾ തുറന്നു കിട്ടി. കയറ്റുമതിക്ക് വേണ്ടിയുള്ള കൃഷി വർധിച്ചു.പ്രദേശത്തെ കർഷകരുടെ വരുമാനമേറി.  തേങ്ങ, മറ്റ് ഫലങ്ങൾ, തിരൂർ വെറ്റില, കറിപൗഡർ തുടങ്ങി വലിയ കയറ്റുമതി സാധ്യത തുറന്നു.

കൊച്ചി വിമാനത്താവളംവന്നതോടെനെടുമ്പാശേരി  ഗ്രാമവും ആകെ മാറി. ഇപ്പോൾ കൊച്ചിയുടെ ഒരു സാറ്റലൈറ്റ് ടൗണാണു നെടുമ്പാശേരി. പ്രദേശവാസികൾക്ക് വിമാനത്താവളം തൊഴിൽ നൽകുന്നതിന് ഒപ്പം അനുബന്ധ തൊഴിൽ സാധ്യതകളും വർധിച്ചു. ഹോട്ടലുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ വന്നതോടെ നാട്ടുകാരുടെ  സാമ്പത്തിക നിലവാരം  ഉയർന്നു.  കണ്ണൂർ വിമാനത്താവളമുള്ള മട്ടന്നൂരിനും വലിയ മാറ്റങ്ങളാണു വരുന്നത്. നിലവാരമുള്ള 6 റോഡുകൾ സജ്ജമാകുന്നു. ഫൈവ് സ്റ്റാർ ഹോട്ടലും എത്തുന്നു. 

അമ്പമ്പോ നെടുമ്പാശേരി !
നെടുമ്പാശേരിയുടെ മാറ്റം നോക്കൂ. പാടശേഖരം സെന്റിന് 100 രൂപയ്ക്ക് 1993 ൽ വിമാനത്താവളത്തിനു വാങ്ങിയത്. ഇന്ന് നെടുമ്പാശേരി മേഖലയിൽ പാടശേഖരത്തിനു സെന്റിനു 5 ലക്ഷം രൂപ വിലയുണ്ട്. സ്ഥലത്തിന് 1993 ൽ 1000 രൂപയായിരുന്നെങ്കിൽ ഇന്നു 20 ലക്ഷം രൂപ വരെയാണു വില. 12,000 പേർ നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി ചെയ്യുന്നു. 20, 000 ൽ ഏറെ പേർ അനുബന്ധ മേഖലകളിലും. 300 കോടി രൂപയാണു നെടുമ്പാശേരിയുടെ ആദ്യഘട്ടത്തിലെ ചെലവ്.  എന്നാൽ എറണാകുളം ജില്ലയിൽ 10, 000 കോടിയുടെ വികസനം വിമാനത്താവളം കൊണ്ടു വന്നു.  ഇനി ഈ കണക്കുകൾ എരുമേലിയുടെയും കോട്ടയത്തിന്റെയും സ്വപ്നങ്ങൾക്കു     ഗതിവേഗം പകരും.

പ്രളയത്തിന് തൊടാനാകില്ല 
നെടുമ്പാശേരി വിമാനത്താവളം രണ്ടു പ്രളയത്തിലും അടച്ചിട്ടതു വിദേശ മലയാളികളുടെ മാത്രമല്ല വിദേശ വിനോദ സഞ്ചാരികളുടെയും യാത്രയെ  ബാധിച്ചു. നെടുമ്പാശേരി അടയ്ക്കുമ്പോൾ വിമാനങ്ങൾ കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണു  തിരിച്ചു വിടുന്നത്. ഇതു യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികൾ ഇതോടെ യാത്ര ഒഴിവാക്കി മടങ്ങും. വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകില്ല എന്ന പ്രത്യേകതയാണ് എരുമേലിയിലെ വിമാനത്താവള പദ്ധതിയെ ശ്രദ്ധേയമാക്കുന്ന ഒരു ഘടകം.  ഉയർന്ന പ്രദേശമായതിനാൽ വെള്ളം കയറില്ല. കാലാവസ്ഥ പ്രശ്നങ്ങൾ ഇതുവരെ കാര്യമായി ഏൽക്കാത്ത പ്രദേശമാണ് എരുമേലിയിലെ നിർദിഷ്ട ഭൂമി എന്നതും പ്രതീക്ഷ നൽകുന്നു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama