go

ബസ് ജീവനക്കാരുടെ ഇടപെടൽ ; തിരികെ കിട്ടിയത് ജീവിതം

Kottayam News
ഡ്രൈവർ ജോസഫ് തോമസും കണ്ടക്ടർ വി.എൻ. സജിയും
SHARE

പാലാ ∙ കെഎസ്ആർടിസി തുണയായപ്പോൾ ജോസഫിന് തിരികെ കിട്ടിയത് ജീവിതം.‍ കെഎസ്ആർടിസി ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിത ഇടപെടൽ മൂലം വെള്ളരിക്കുണ്ട് മന്തകോലിൽ ജോസഫാണ് (80) ജീവിതത്തിലേക്ക് തിരികെയെത്തിയത്. വെള്ളരിക്കുണ്ടിൽ നിന്ന് പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സഹോദരനെ കാണുന്നതിനാണ് കഴിഞ്ഞ ദിവസം ജോസഫ് എത്തിയത്. ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തുള്ള മരുമകൾ ജിനുവിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു. 

7ന് രാവിലെ 9.40ന് തൊടുപുഴയിൽ നിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ആർഎസ്എ 684 ബസിൽ തനിച്ചായിരുന്നു ജോസഫിന്റെ യാത്ര. ബസ് തെള്ളകം ഭാഗത്ത് എത്തിയതോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ജോസഫ് ബസിനുള്ളിൽ കുഴഞ്ഞു വീണു. കണ്ടക്ടർ വി.എൻ. സജിയും ഡ്രൈവർ ജോസഫ് തോമസും ബസ് നിർത്തി ജോസഫിന് സമീപം എത്തിയപ്പോഴേക്കും ഇദ്ദേഹം ബോധരഹിതനായിരുന്നു. 

പൾസും തീർത്തും കുറഞ്ഞു. ഈ സമയം ബസിൽ ഉണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സ് സുമ പ്രാഥമിക ശ്രുശ്രൂഷകൾ‍ നൽകി. മുത്തോലി ബ്രില്യന്റിൽ പഠിക്കുന്ന മകനെ കണ്ടിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു സുമ. അടിയന്തരമായി ജോസഫിനെ ആശുപത്രിയിൽ എത്തിക്കാൻ ജീവനക്കാർ തീരുമാനിച്ചു. ബസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോവുകയാണെന്നു പറഞ്ഞതോടെ ബസിലുണ്ടായിരുന്ന 36 യാത്രക്കാരും സഹകരിച്ചു.

തുടർന്ന് ലൈറ്റിട്ട് ബസ് ആശുപത്രിയിലേക്ക് പായുകയായിരുന്നു. ജോസഫിന്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് മുൻപ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നെന്നും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആളാണെന്നും മനസിലായതോടെ തുടർ ‍ചികിത്സക്ക് സഹായകമായി.തുടർന്ന് ബസ് ജീവനക്കാരായ സജിയും തോമസും ചേർന്ന് മരുമകൾ ജിനുവിനെ വിവരമറിയിച്ചു.

ഇതിനിടെ സംഭവത്തെക്കുറിച്ച്‍ പാലാ, കോട്ടയം ഡിപ്പോകളിലും വിവരം നൽകി. 15 വർഷമായി പാലാ ഡിപ്പോയിലെ കണ്ടക്ടറാണ് വി.എൻ. സജി. ഈ ഡിപ്പോയിൽ 10 വർഷമായി ഡ്രൈവറാണ് തോമസ്.മാതൃകാപരമായ പ്രവർത്തനത്തിലൂടെ ഒരു ജീവൻ രക്ഷിച്ച കണ്ടക്ടർ സജിയെയും ഡ്രൈവർ തോമസിനെയും പാലാ ഡിപ്പോയിലെ ജീവനക്കാരും ഉദ്യോഗസ്ഥരും അനുമോദിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama