go

ആനയ്ക്ക് മദപ്പാടില്ല;പ്രകോപനത്തിനു കാരണമായത് ജനക്കൂട്ടം...

kottayam-chengalam-elephant-berserk4
SHARE

കോട്ടയം ∙ ഇടഞ്ഞോടിയ തിരുനക്കര ശിവൻ എന്ന ആനയ്ക്ക് മദപ്പാട് ഉണ്ടായിരുന്നില്ലെന്നു റിപ്പോർട്ട്. വേഗത്തിൽ നടന്നു പോയ ആനയെ വാഹനങ്ങളിൽ ജനം പിന്തുടർന്നതും ബഹളം വച്ചതുമാണ് ആന ഓടുന്നതിനു കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നു. രക്ത പരിശോധനയിലും ആനയ്ക്ക് മദപ്പാട് ലക്ഷണങ്ങൾ കണ്ടെത്തിയില്ല.

ജില്ലാ ഫോറസ്റ്റ് ഓഫിസർ വൈ. വിജയൻ, സാമൂഹിക വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ ഡോ. ജി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വിശദമായി അന്വേഷണം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. കിഷോർ, വെറ്ററിനറി സർജൻ ഡോ. ബിനു ഗോപിനാഥ്, ദേവസ്വം വെറ്ററിനറി ഓഫിസർ ഡോ. ശശീന്ദ്രദേവ് എന്നിവരാണ് അന്വേഷണം നടത്തുകയും ആനയെ പരിശോധിക്കുകയും ചെയ്തത്.

കേസ് എടുത്തു

15 ദിവസത്തേക്ക് ആനയ്ക്ക് വിശ്രമം നൽകാനും നിലവിൽ തളച്ചിട്ടുള്ള ചെങ്ങളത്തുകാവിൽ തന്നെ തുടരാനും റിപ്പോർട്ടിൽ നിർദേശിച്ചു. പാപ്പാൻ എം.എസ്. വിക്രമൻ (24) മരിച്ച സംഭവത്തിൽ കുമരകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.സംസ്കാരം തിരുവനന്തപുരത്ത് നടത്തി.

ഡിഎഫ്ഒ കണ്ടെത്തിയത്
∙ ആനയ്ക്ക് നിർദേശം നൽകുന്ന പാപ്പാൻ ആനയുടെ കൂടെ നടക്കണം. ഇയാളുടെ നിർദേശ പ്രകാരമാണ് ആന മുന്നോട്ടും പിന്നോട്ടും പോകുന്നത്. ഇത്തരം നിർദേശം നൽകുന്ന പാപ്പാൻമാർ നടത്തിക്കൊണ്ടുപോകുന്ന ആനയുടെ മുകളിൽ കയറുന്ന പതിവില്ല. എന്നാൽ തിരുനക്കര ശിവനു നിർദേശം നൽകിയിരുന്ന പാപ്പാൻ എം.എസ്. വിക്രമൻ ആനയുടെ മുകളിൽ കയറിയതാണ് ആന ഓടുന്നതിനും പാപ്പാൻ പോസ്റ്റിനിടയിൽപെട്ട് മരിക്കുന്നതിനും കാരണമായത്.
∙ മുകളിലിരുന്ന് നൽകിയ നിർദേശം ആന അനുസരിക്കാൻ തയാറായില്ല. നിർത്തിയിട്ടിരുന്ന ബസിനും ബസ് കാത്തിരിപ്പു കേന്ദ്രത്തിനും വൈദ്യുത പോസ്റ്റിനും ഇടയിലൂടെ കടന്നുപോകാൻ ആന ശ്രമിച്ചു. ആന ഓടിയപ്പോൾ ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻ ചെരിഞ്ഞ് കൂച്ചുവിലങ്ങിടാനും ശ്രമിച്ചു.

അസിസ്റ്റന്റ് കൺസർവേറ്റർ കണ്ടെത്തിയത്
∙ ആന വേഗത്തിൽ നടന്നപ്പോൾ പിന്നാലെയെത്തിയ ബസ് കടന്നുപോകാൻ ശ്രമിച്ചു.
∙ ആനയ്ക്കു പിന്നാലെ വാഹനങ്ങളിലും ബൈക്കിലും പിന്തുടർന്നവർ ശല്യമിണ്ടാക്കിയതും ചിലർ ഏറിഞ്ഞതും ആനയുടെ പ്രകോപനത്തിനു കാരണമായി.
∙ ആന പൂർണ ആരോഗ്യവാനാണ്. ബസിന്റെ ഇടയിലൂടെ കടന്നപ്പോൾ ദേഹത്ത് ഉരഞ്ഞു തൊലി പോയിട്ടുണ്ട്.
∙ ഏറെ തിരക്കുള്ള സ്ഥലത്തുകൂടെ ആനയെ അശ്രദ്ധമായ കൊണ്ടുപോയതും ആന ഇടഞ്ഞോടാൻ കാരണമായി.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama