go

കുഞ്ഞിനെ സംസ്കരിക്കുന്നതിനു നഗരസഭ വിലപേശിയത് ഇങ്ങനെ:മണ്ണിലേക്കു മടങ്ങുന്ന കുരുന്നിനോടോ?

kottayam news
SHARE

ഏറ്റുമാനൂർ ∙ ഗർഭിണിയായ യുവതി വ്യാഴാഴ്ച പുലർച്ചെ ഒന്നിനാണ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. കു‍ഞ്ഞിനു ജീവനുണ്ടായിരുന്നില്ല. അസ്വാഭാവിക മരണത്തിന് ഏറ്റുമാനൂർ പൊലീസ് കേസ് എടുത്തു. വ്യാഴാഴ്ച തന്നെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.അതിരമ്പുഴ പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് പൊലീസ് ഏറ്റുമാനൂർ നഗരസഭയെ  സമീപിച്ചു.കുട്ടി പിറന്നത് അതിരമ്പുഴ പഞ്ചായത്ത് അതിർത്തിക്കുള്ളിലാണ്.  നഗരസഭയുടെ പൊതുശ്മശാനത്തിൽ കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്യണമെങ്കിൽ അതിരമ്പുഴ പഞ്ചായത്തിന്റെ ശുപാർശ വേണമെന്ന് ഏറ്റുമാനൂർ നഗരസഭാ അധികൃതർ പൊലീസിനെ അറിയിച്ചു.

പൊലീസ് അതിരമ്പുഴ പഞ്ചായത്തിൽ നിന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ കത്തു വാങ്ങി തിരിച്ച് ഏറ്റുമാനൂർ നഗരസഭയിൽ എത്തി.മരണം സംബന്ധിച്ച്  ഇൻക്വസ്റ്റ് റിപ്പോർട്ടും വേണമെന്നായി നഗരസഭാ അധികൃതർ. അതോടെ  ഇൻക്വസ്റ്റ് റിപ്പോർട്ടുമായി പൊലീസ് വീണ്ടും എത്തി. അപ്പോഴേക്കും നഗരസഭാ ഓഫിസിന്റെ പ്രവർത്തന സമയം കഴിഞ്ഞുവെന്ന് അധിക‍ൃതർ പൊലീസിനെ അറിയിച്ചു. വ്യാഴാഴ്ച സംസ്കാരം നടത്താനുള്ള വഴി അടഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽത്തന്നെ സൂക്ഷിക്കാൻ പൊലീസ് നിർദേശിച്ചു.

ഇന്നലെ രാവിലെ പത്തിനു പൊലീസ് വീണ്ടും നഗരസഭയിൽ എത്തി. പൊതുശ്മശാനത്തിൽ സ്ഥലമില്ലെന്നായിരുന്നു നഗരസഭാ അധികൃതരുടെ മറുപടി. പൊലീസ് തിരിച്ചു പോയി. നഗരസഭയിൽ എത്തി ഒരിക്കൽക്കൂടി അപേക്ഷ നൽകാൻ ഏറ്റുമാനൂർ എസ്ഐ പൊലീസ് ഉദ്യോഗസ്ഥരോടു നിർദേശിച്ചു.അപേക്ഷ വാങ്ങിയെങ്കിലും കൈപ്പറ്റിയെന്ന രസീത് പോലും നൽകിയില്ല. ഉച്ചയായിട്ടും ഈ അപേക്ഷയിൽ തീരുമാനവുമെടുത്തില്ല. നഗരസഭാ അധ്യക്ഷൻ ജോർജ് പുല്ലാട്ട് സംഭവത്തിൽ ഇടപെട്ടെങ്കിലും കാര്യങ്ങൾക്കു തീർപ്പായില്ല.

കുഴിയെടുക്കുന്നതിനുള്ള ചെലവ് ആരു വഹിക്കും എന്നതിനെച്ചൊല്ലിയായി അടുത്ത തർക്കം. അതോടെ ഏറ്റുമാനൂർ എസ്ഐ നേരിട്ട് നഗരസഭയിലെത്തി. കുട്ടിയുടെ ശരീരവുമായി നഗരസഭയിലെത്തുമെന്ന് എസ്ഐയ്ക്കു പറയേണ്ടി വന്നു. അതോടെ നഗരസഭാ അധ്യക്ഷൻ ജോർജ് പുല്ലാട്ട് വീണ്ടും സംഭവത്തിൽ ഇടപെട്ടു. തുടർന്ന് സംസ്കാരച്ചടങ്ങിന് അനുമതി ലഭിച്ചു.  മൃതദേഹം മറവു ചെയ്യുവാൻ ജീവനക്കാരെ നൽകാം എന്നു പറഞ്ഞെങ്കിലും  ആരും എത്തിയില്ല. തുടർന്ന് പൊലീസ് തന്നെ കുഴിയെടുത്ത് മൃതദേഹം മറവു ചെയ്തു.

നഗരസഭ കാര്യാലയത്തിലേക്കു ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്
നഗരസഭ കാര്യാലയത്തിലേക്കു ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച്

ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് 

ഏറ്റുമാനൂർ ∙ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാൻ നഗരസഭ സ്ഥലം നൽകാത്തതിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ നഗരസഭയിലേക്കു മാർച്ച് നടത്തി. വൈകിട്ടു 4നു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രകടനം ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. ശ്രീമോൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രവേശന കവാടത്തിനു മുൻപിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മറ്റൊരു കവാടത്തിലൂടെ നഗരസഭയ്ക്കുള്ളിൽ കയറി നഗരസഭാധ്യക്ഷനെ ഉപരോധിച്ചു. അധ്യക്ഷന്റെ നെയിം ബോർഡ് ഉൾപ്പെടെ പ്രവർത്തകർ തകർത്തു. തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. 9 പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു.

പൊലീസ് പ്രചരിപ്പിക്കുന്നത് കള്ളമെന്ന് ഏറ്റുമാനൂർ നഗരസഭ അധ്യക്ഷൻ

ഏറ്റുമാനൂർ നഗരസഭയെ അവഹേളിക്കാൻ വേണ്ടി മനഃപൂർവം പൊലീസ് കെട്ടിച്ചമച്ച കഥയാണെന്ന് നഗരസഭാധ്യക്ഷൻ ജോർജ് പുല്ലാട്ട് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകൾ നഗരസഭ ഹാജരാക്കും. ഇന്നലെ 11.19നാണ് അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറിയുടെ കത്തും അതിനോടുബന്ധിച്ചുള്ള രേഖകളും നഗരസഭയിൽ ലഭിച്ചത്. 12. 57നു അതിരമ്പുഴ പഞ്ചായത്തിന് സംസ്കാരത്തിനുള്ള അനുമതി നൽകി. സംസ്കാരത്തിനുള്ള കാര്യങ്ങൾ ചെയ്യാൻ ജീവനക്കാരെ വിട്ടിരുന്നു. എന്നാൽ  പൊലീസ് ഇവരെ തിരിച്ചയച്ചു.  ഈ  ജോലികൾ തങ്ങൾ ചെയ്തോളാം എന്നായിരുന്നു പൊലീസ് പറഞ്ഞതെന്ന് നഗരസഭാധ്യക്ഷൻ ജോർജ് പുല്ലാട്ട് പറഞ്ഞു. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama