go

ആറടി ആഴത്തിൽ കുഴി; അവൻ മറഞ്ഞു, കണ്ണു നിറ‍ഞ്ഞു പൊലീസുകാർ

ഗർഭാവസ്ഥയിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം ഏറ്റുമാനൂർ  എസ്ഐ അനൂപും  പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കുഴിയെടുത്ത് സംസ്കരിക്കുന്നു.
ഗർഭാവസ്ഥയിൽ മരിച്ച കുഞ്ഞിന്റെ മൃതദേഹം ഏറ്റുമാനൂർ എസ്ഐ അനൂപും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കുഴിയെടുത്ത് സംസ്കരിക്കുന്നു.
SHARE

ഏറ്റുമാനൂർ ∙  ആൺകുഞ്ഞായിരുന്നു. 45 സെന്റിമീറ്ററായിരുന്നു ആശുപത്രി രേഖകളിൽ ആ കുരുന്നിന്റെ വലുപ്പം. വേണ്ടിവന്നത് രണ്ടടി മണ്ണും. തുണിയിൽ  പൊതിഞ്ഞ് ഹാർഡ് ബോർഡ് പെട്ടിയിലായിരുന്നു ആ പിഞ്ചുദേഹം അത്രയും നേരം. ആറടിയോളം ആഴത്തിൽ കുഴിയെടുത്തപ്പോൾ പൊലീസുകാരുടെ കണ്ണു നിറ‍ഞ്ഞു. തുണിയിൽ പൊതിഞ്ഞ മൃതദേഹം എസ്ഐ അനൂപ് സി. നായർ കുഴിയിൽ വച്ചു.

കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ നിന്നു ഹാർഡ് ബോർഡ് പെട്ടിയുമായി പൊലീസ് ഉദ്യോഗസ്ഥൻ തെള്ളകത്തെ ശ്മശാനത്തിലേക്ക് എത്തിയ രംഗം കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. എഎസ്ഐ കെ.സജി, സിപിഒമാരായ പത്മകുമാർ, രജ്ഞിത്ത്, സ്മിജിത്, സുരേഷ് കുമാർ, അഡിഷനൽ എസ്ഐ വിൻസെന്റ് എന്നിവർ മാറി മാറി കുഴി എടുത്തത്. മൃതദേഹത്തിനു വെയിലേൽക്കാതെ ഇരിക്കാൻ നഗരസഭാഗം അനീഷ് വി. നാഥ് കുടയും ചൂടി. ബോക്സിൽ നിന്നു പുറത്തെടുത്ത മൃതദേഹം  എസ്ഐ അനൂപ് സി നായർ കുഴിയിൽ വച്ചത്. 

ഏറ്റുമാനൂർ ∙ ഗർഭാവസ്ഥയിൽ മരിച്ച കുഞ്ഞിനെ സംസ്കരിക്കുന്നതിനു സ്ഥലം അനുവദിക്കാതെ 22 മണിക്കൂർ നേരം നഗരസഭയുടെ ക്രൂരത. വേദഗിരിയിൽ താമസിക്കുന്ന യുവതി വ്യാഴാഴ്ചയാണ് സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചത്. ആശുപത്രി സ്ഥിതി ചെയ്യുന്ന അതിരമ്പുഴ പഞ്ചായത്തിൽ പൊതുശ്മശാനം ഇല്ല. ഏറ്റുമാനൂരിലെ പൊതുശ്മശാനത്തിൽ സംസ്കാരം നടത്താൻ അനുമതി തേടി പൊലീസ് നഗരസഭയെ സമീപിച്ചു. അതിരമ്പുഴ പഞ്ചായത്തിന്റെ അപേക്ഷ വ്യാഴാഴ്ച വൈകിട്ട് നഗരസഭാ സെക്രട്ടറിക്ക് എത്തിച്ചെങ്കിലും സമയം കഴിഞ്ഞുവെന്നു പറഞ്ഞു മടക്കി.

ഇന്നലെ പകലും അനുമതി കൊടുത്തില്ല. മൃതദേഹവുമായി നഗരസഭ ഓഫിസിൽ കുത്തിയിരിക്കുമെന്ന് ഏറ്റുമാനൂർ എസ്ഐ അനൂപ് സി.നായർ പറഞ്ഞതോടെയാണ് നഗരസഭ ചെയർമാൻ ഇടപെട്ട് അനുമതി നൽകിയത്. അപ്പോഴേക്കും പ്രസവം നടന്നിട്ട് 36 മണിക്കൂർ കഴിഞ്ഞിരുന്നു, അപേക്ഷ നൽകിയിട്ട് 22 മണിക്കൂറും.മൃതദേഹം മറവു ചെയ്യാൻ ശ്മശാനത്തിലെ ജീവനക്കാരെയും നഗരസഭ വിട്ടുകൊടുത്തില്ല. എസ്ഐയും 7 പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് കുഴിയെടുത്ത് മൃതദേഹം സംസ്കരിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama