go

സപ്ലൈകോ ഗോഡൗണിൽ ടൺ കണക്കിന് ധാന്യം കെട്ടിക്കിടക്കുന്നു

സപ്ലൈകോയുടെ കുറവിലങ്ങാട് പകലോമറ്റം ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ഭക്ഷ്യധാന്യം.
സപ്ലൈകോയുടെ കുറവിലങ്ങാട് പകലോമറ്റം ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ഭക്ഷ്യധാന്യം.
SHARE

കുറവിലങ്ങാട് ∙സപ്ലൈകോ താലൂക്ക് ഗോഡൗണിൽ ടൺ കണക്കിനു ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നു. വിവിധ പദ്ധതികളിലായി വിതരണം ചെയ്യേണ്ട അരി ഉൾപ്പെടെയുള്ളവ അലോട്മെന്റ് ലഭിക്കാത്തതു മൂലം നാശത്തിന്റെ വക്കിലാണ്. കഴിഞ്ഞ വർഷത്തെ പ്രളയകാലത്തു വിതരണം ചെയ്യാൻ എത്തിച്ച 130 ടൺ ഭക്ഷ്യധാന്യം പോലും ഗോഡൗണിലുണ്ട്. പകലോമറ്റം ഗോഡൗണിലെ ടൺ കണക്കിനു ഭക്ഷ്യധാന്യം വിതരണ യോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഈച്ച ശല്യം, പൂപ്പൽ, മഴക്കാലത്തു ഉണ്ടായ ഈർപ്പം തുടങ്ങിയവ മൂലം ഗോതമ്പ് ഉൾപ്പെടെയുള്ളവ വിതരണ യോഗ്യമല്ലാതായി.

ഗോഡൗൺ അധികൃതർക്കു തലവേദനയായി മാറിയ ഭക്ഷ്യധാന്യം ഭക്ഷ്യ പൊതു വിതരണ വകുപ്പ് തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമാണ്.മീനച്ചിൽ താലൂക്കിലെ 114 റേഷൻ കടകളിലേക്കും റേഷൻ സാധനങ്ങൾ വാതിൽപടി വിതരണത്തിന് നൽകുന്നത് കുറവിലങ്ങാട്ടെ ഗോ‍ഡൗണിൽ നിന്നാണ്. ഗുണനിലവാര പരിശോധനയ്ക്കു ശേഷമാണ് ഭക്ഷ്യധാന്യം റേഷൻകടകളിൽ എത്തിക്കുന്നതെന്ന് ഗോഡൗൺ മാനേജർ പറഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ വിവിധ റേഷൻകടകളിൽ നിന്ന് 3200 കിലോഗ്രാം അരി തിരികെ എത്തിച്ചു.

എത്തുന്ന ഭക്ഷ്യധാന്യം സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് പ്രശ്നം. കഴിഞ്ഞ മാസം എത്തിച്ച അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ ചാക്കിൽ ഈർപ്പം കണ്ടെത്തിയിരുന്നു. പ്രാണികളുടെ ശല്യവും രൂക്ഷമാണ്.അന്നപൂർണ പദ്ധതിയിൽ വിതരണം ചെയ്യേണ്ട 48 ക്വിന്റൽ അരി 2 വർഷമായി ഗോഡൗണിൽ കെട്ടിക്കിടക്കുന്നു. ഗോതമ്പ് വിതരണ അപാകതയാണ് മറ്റൊരു പ്രശ്നം.

ഓരോ മാസവും 13 ലോഡ് (130ടൺ) ഗോതമ്പാണു ഗോഡൗണിൽ എത്തുന്നത്. എന്നാൽ റേഷൻ കട അലോട്മെന്റിൽ നൽകുന്നത് 6 ലോഡ് മാത്രം. ഓരോ മാസവും 7 ലോഡ് ഗോതമ്പ് ബാക്കി. അഗതി മന്ദിരങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കു വിതരണത്തിനുള്ള ഭക്ഷ്യധാന്യം മൂന്നും നാലും മാസത്തിൽ ഒരിക്കലാണ് എത്തുക. എത്തിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിനു സമയബന്ധിതമായി അനുമതി നൽകിയാൽ പരാതികൾ ഒഴിവാക്കുന്നതിനു സാധിക്കും.

അന്വേഷണം നടത്തണം

കുറവിലങ്ങാട്∙സപ്ലൈകോ. പകലോമറ്റം ഗോഡൗണിൽ ടൺ കണക്കിനു ഭക്ഷ്യ സാധനങ്ങൾ ഉപയോഗശൂന്യമായ സംഭവത്തിൽ അന്വേഷണം നടത്തണമെന്നു എഐവൈഎഫ് കടുത്തുരുത്തി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗോഡൗണിൽ നിന്നും ഭക്ഷ്യ യോഗ്യമല്ലാത്ത ധാന്യങ്ങൾ റേഷൻ കടകളിൽ വിതരണം ചെയ്തതായി പരാതിയുണ്ട്.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama