go

കാടിറങ്ങുന്ന കലി

മുള്ളുമുള കൊണ്ടുള്ള ജൈവ വേലിയുടെ മാതൃക.  മുണ്ടക്കയം എരുമേലി റൂട്ടിൽ പുലിക്കുന്നിന് സമീപം റോഡരുകിൽ പടർന്ന് വേലി തീർത്തിരിക്കുന്ന മുളക്കാടുകൾ.
മുള്ളുമുള കൊണ്ടുള്ള ജൈവ വേലിയുടെ മാതൃക. മുണ്ടക്കയം എരുമേലി റൂട്ടിൽ പുലിക്കുന്നിന് സമീപം റോഡരുകിൽ പടർന്ന് വേലി തീർത്തിരിക്കുന്ന മുളക്കാടുകൾ.
SHARE

കോരുത്തോട് ∙ വീടിനു മുന്നിൽ നിലയുറപ്പിക്കുന്ന കാട്ടാനക്കൂട്ടം, പച്ചക്കറികൾ കുത്തിമറിച്ച് പന്നികൾ, വിളകൾ നശിപ്പിച്ച് അണ്ണാൻ, കാടിറങ്ങി പാഞ്ഞെത്തുന്ന ചെന്നായ്ക്കൾ; ജില്ലയുടെ മലയോര മേഖലയിൽ  ജനം  വന്യമൃഗ ഭീഷണിയാൽ പൊറുതിമുട്ടി.ജനവാസ മേഖലയിലേക്കു മൃഗങ്ങൾ കൂട്ടത്തോടെ വരുന്നതോടെ ഭയത്തിലാണു ജനം.  കിഴക്കൻ മലയോര മേഖലയായ കോരുത്തോട്, കണ്ടങ്കയം, പട്ടാളക്കുന്ന്, ചണ്ണപ്ലാവ്, 100 ഏക്കർ, കൊമ്പുകുത്തി, മാങ്ങാപ്പേട്ട, കുഴിമാവ്, മൂഴിക്കൽ പ്രദേശങ്ങളിലാണ്  6 മാസമായി ഈ ദുരിതാവസ്ഥ. കൃഷിനാശം മാത്രമായി തുടങ്ങിയ പ്രശ്നം ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന സ്ഥിതിയിലാണിപ്പോൾ. 

ജൈവവേലി; കർഷകരുടെ ഉത്തരം

കോരുത്തോട് ∙ കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്താതിരിക്കാൻ ജൈവവേലിയെന്ന പോംവഴിയുമായി കർഷകർ. മുള്ളുകൾ നിറഞ്ഞ മുളയിനം നട്ടുപിടിപ്പിച്ചാൽ ഇതു കടന്നു മൃഗങ്ങൾ എത്തില്ല. ഒരു വേലി പോലെ ഇതു വനാതിർത്തിയിൽ വച്ചു പിടിപ്പിക്കണം. ആദ്യ വർഷങ്ങളിൽ പരിപാലനം നടത്തിയാൽ പിന്നീടു  താനേ വളരുമെന്നും കർഷകർ പറയുന്നു. മുള്ളുകൾ കൂടുതൽ ഉള്ളതിനാൽ കാട്ടാന മുതൽ കാട്ടുപന്നിവരെ ഒന്നും ഇതു കടന്നെത്തില്ല.

എവിടെ നഷ്ടപരിഹാരം

കോരുത്തോട് ∙ വന്യമൃഗങ്ങൾ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കൃഷിവകുപ്പ് അധികൃതർ എത്തി വിലയിരുത്തി മടങ്ങിയാലും അർഹമായ ആനുകൂല്യം വനം വകുപ്പിൽ നിന്നു കർഷകർക്കു ലഭിക്കുന്നില്ല.   വനം വകുപ്പിന്റെ കണക്കുപ്രകാരം വളരെ കുറച്ചു തുക മാത്രമേ ലഭിക്കൂ. കഴിഞ്ഞ സെപ്റ്റംബറിൽ നശിച്ച കൃഷികൾക്കു നഷ്ടപരിഹാരം ലഭിച്ചില്ലെന്നു കർഷകർ പറയുന്നു.

സാവിത്രി ഗോപാലൻ.
സാവിത്രി ഗോപാലൻ.

''തുമ്പിക്കൈ നീട്ടിയിരുന്നെങ്കിൽ!

ആന തുമ്പിക്കൈ നീട്ടിയിരുന്നെങ്കിൽ ഇന്നു ഞാൻ നിങ്ങളോടു സംസാരിക്കാൻ ഉണ്ടാകുമായിരുന്നില്ല.   2 ദിവസം മുൻപാണു കാട്ടാന എന്റെ തൊട്ടടുത്ത് എത്തിയത്. കോരുത്തോട്ടിലുള്ള മകളുടെ വീട്ടിൽപ്പോയി രാവിലെ മടങ്ങുമ്പോഴാണു സംഭവം. വീടിനു മുന്നിലെത്തിയപ്പോഴാണ് ആനയെ  കണ്ടത്. എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോയി. ഒരു വിധത്തിൽ ഒച്ചയുണ്ടാക്കാതെ വശത്തേക്കു മാറി രക്ഷപ്പെട്ടു. ആന തുമ്പിക്കൈ നീട്ടിയിരുന്നെങ്കിൽ എന്നെ തട്ടിയിട്ടേനെ.  46 വർഷമായി ഇവിടെ താമസിക്കുന്നു. ആദ്യമായാണ് ഈ അനുഭവം.  രാത്രി കിടന്നാൽ ഞെട്ടി എഴുന്നേൽക്കുകയാണ്. ∙ സാവിത്രി ഗോപാലൻ ചെന്നിലത്ത് വീട് പട്ടാളക്കുന്ന്.

ബിജു സാമുവൽ
ബിജു സാമുവൽ

''കാട്ടുപോത്ത് കുത്തിമറിച്ചേനെ

2 തവണയാണു കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. മാങ്ങാപ്പേട്ടയിലെ റബർ തോട്ടത്തിൽ 2 ദിവസം മുൻപു ടാപ്പിങ്ങിനു പോയ ഞാൻ ഇന്നു ജീവനോടെ നിൽക്കുന്നതു പ്രാർഥനയുടെ ബലം കൊണ്ട്.   തൊട്ടടുത്തേക്ക് ഒരു വലിയ കാട്ടുപോത്ത് കുതിച്ചെത്തി.

ഭാഗ്യം കൊണ്ടാണു പോത്തു കുത്തി മറിക്കാതിരുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം ടാപ്പിങ് നടത്തിക്കൊണ്ടിരുന്നപ്പോഴും കാട്ടുപോത്ത് അടുത്തെത്തി. ഞങ്ങൾ രണ്ടു പേരും ബഹളം വച്ചതോടെ കാട്ടുപോത്ത് ഓടിപ്പോയി. നേരത്തേ പുലർച്ചെ നാലിനു ടാപ്പിങ്ങിനു പോകുമായിരുന്നു. ഇപ്പോൾ 6 കഴിഞ്ഞാണു  പോകുന്നത്. എന്നിട്ടും രക്ഷയില്ല. ∙ ബിജു സാമുവൽ ചെരുവിള പുത്തൻവീട് മാങ്ങാപേട്ട

രണ്ടു മാസം മുൻപ് വീടിനു സമീപം കാട്ടാനക്കൂട്ടം കുത്തിമറിച്ച തെങ്ങിനും കൃഷിക്കും സമീപം ജോർജ് മാത്യു
രണ്ടു മാസം മുൻപ് വീടിനു സമീപം കാട്ടാനക്കൂട്ടം കുത്തിമറിച്ച തെങ്ങിനും കൃഷിക്കും സമീപം ജോർജ് മാത്യു

''വാതിൽ തുറന്നപ്പോൾ കാട്ടാനക്കൂട്ടം!

രാവിലെ വീടിന്റെ വാതിൽ തുറന്നപ്പോൾ പറമ്പിൽ 3 കാട്ടാനകൾ. കുരുമുളക് കൃഷിക്കു വെള്ളം എത്തിക്കാനായി വലിച്ചിട്ടിരുന്ന പൈപ്പുകൾ  ആനകൾ വലിച്ചിട്ടു. തെങ്ങുകൾ മറിച്ചിട്ടു. വീട്ടുകാർ ഒച്ചവച്ച് ആനയെ ഒരു വിധം ഓടിച്ചു. വീടിനു സമീപത്തെ അഴുതയാർ കടന്ന് ആനകൾ നേരിട്ട് ഇങ്ങു പോരുകയാണ്. എല്ലാം ചവിട്ടി മെതിച്ചു മടങ്ങുന്നു. കർഷകരുടെ നഷ്ടത്തിനു പകരം ലഭിക്കുന്നതോ തുച്ഛമായ തുകയും.  ∙ ജോർജ് മാത്യു (വർക്കി) അടുപ്പുകല്ലേൽ കണ്ടങ്കയം

രാത്രിയിൽ ആന നിൽക്കുന്നത് എവിടെയെന്നു മനസ്സിലാക്കാനായി കോരുത്തോട് ചണ്ണപ്ലാവിൽ അജി പുരയിടത്തിലെ റബർ മരത്തിൽ ട്യൂബ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നു.
രാത്രിയിൽ ആന നിൽക്കുന്നത് എവിടെയെന്നു മനസ്സിലാക്കാനായി കോരുത്തോട് ചണ്ണപ്ലാവിൽ അജി പുരയിടത്തിലെ റബർ മരത്തിൽ ട്യൂബ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നു.

സോളർ വേലി സ്ഥാപിക്കും

കോരുത്തോട് ∙ ഒൻപത് കിലോമീറ്റർ ചുറ്റളവിൽ സോളർ വേലി സ്ഥാപിക്കും. കർഷകരുടെ നിർദേശങ്ങൾ അറിഞ്ഞ് കണ്ടങ്കയം, 504 മാങ്ങാപേട്ട, തുടങ്ങിയ സ്ഥലങ്ങളിലാണ് സോളർ വേലികൾ സ്ഥാപിക്കുക. ആനകൾ സ്ഥിരമായി ഇറങ്ങുന്ന കണ്ടങ്കയം, ചണ്ണപ്ലാവ് തുടങ്ങിയ മേഖലയിൽ 30ൽ അധികം വനപാലകരുടെ  സേവനം ഉറപ്പുവരുത്തും.

പ്രദേശത്ത് രാത്രി കാല പട്രോളിങ് ശക്തമാക്കും. സ്ഥിരമായി ആനകളുടെ ശല്യം രൂക്ഷമായതോടെ പി.സി ജോർജ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഡിഎഫ്ഒ വൈ.വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രാജൻ തുടങ്ങിയവർ പങ്കെടുത്തു.

കാടു വിടാൻ കാരണം

കോരുത്തോട് ∙ ആനകൾ കാടു വിട്ടു നാട്ടിൽ ഇറങ്ങാൻ കാരണം പരമ്പരാഗത ആനത്താരകളിൽ നടന്ന കയ്യേറ്റങ്ങളാണെന്നു കർഷകർ പറയുന്നു. വനം വകുപ്പിന്റെ പ്ലാന്റേഷനു വേണ്ടി നിരവധി സ്ഥലങ്ങൾ തെളിച്ച് വേലി കെട്ടി തിരിച്ചു. ഇതോടെയാണ് ആനകൾ നാട്ടിലേക്ക് ഇറങ്ങിത്തുടങ്ങിയതെന്നാണു കർഷകരുടെ അഭിപ്രായം. 

കാർഷിക വിളകൾ നശിച്ചാൽ കൃഷി വകുപ്പ് സഹായം ഇങ്ങനെ

തെങ്ങ് (കുലച്ചത്) –5000, തെങ്ങ് (കുലക്കാത്തത്)– 3000, തെങ്ങ് തൈ –1000, വാഴ (കുലച്ചത്) – 600, വാഴ (കുലക്കാത്തത്)– 400, പച്ചക്കറികൾ ഒരു ഹെക്ടർ – 40000, കുരുമുളക് (കായ്ഫലം ഉള്ളത്)–750, കുരുമുളക് (കായ് ഫലം ഇല്ലാത്തത്) –500, കാപ്പി– 400, റബർ ടാപ്പിങ് ചെയ്യുന്നത്– 2000, റബർ തൈ– 1500, കശുമാവ് – 1000, കിഴങ്ങു വർഗങ്ങൾ(ഹെക്ടറിന്)– 45000, കപ്പ(ഹെക്ടറിന്)– 13000, ഇഞ്ചി (ഹെക്ടറിന്)–1200, കൊക്കോ–350

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama