go

സ്വാതന്ത്ര്യവും ജനാധിപത്യവും ഞങ്ങൾക്കു മാത്രം! ഞങ്ങൾക്കു മാത്രം

എംജി സർവകലാശാല ക്യാംപസിലെ വാർത്താ അറിയിപ്പു ബോർഡുകളിൽ എസ്എഫ്െഎ  പോസ്റ്ററുകൾ
എംജി സർവകലാശാല ക്യാംപസിലെ വാർത്താ അറിയിപ്പു ബോർഡുകളിൽ എസ്എഫ്െഎ പോസ്റ്ററുകൾ
SHARE

പ്രിയദർശിനി ഹിൽസ് (അതിരമ്പുഴ)∙ സ്വാതന്ത്ര്യമില്ല, ജനാധിപത്യം തീരെയില്ല, സോഷ്യലിസം ഇല്ലേയില്ല! വർഷങ്ങളായി എസ്എഫ്ഐ ഭരിക്കുന്ന എംജി. സർവകലാശാലാ ക്യാംപസിലെ ഇതര വിദ്യാർഥി സംഘടനകളുടെ  പരാതിയാണിത്. വ്യാഴാഴ്ചത്തെ എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയ കെഎസ്‌യു പ്രതിനിധിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ചു കയ്യേറ്റം ചെയ്ത സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. അക്രമത്തിനിടെ പിടിയിലായ പ്രവർത്തകനെ രക്ഷപ്പെടുത്താൻ എസ്എഫ്ഐ തുനിഞ്ഞിറങ്ങിയപ്പോൾ 9 പൊലീസുകാർക്കും മർദനമേറ്റു. ഭരണസ്വാധീനം മുതലെടുത്തു സർവകലാശാലയിൽ എസ്എഫ്ഐ രാജ് നടപ്പാക്കുമ്പോൾ പൊലീസിനും രക്ഷയില്ല.

കയ്യൂക്കിന്റെ രാഷ്ട്രീയം

സർവകലാശാലാ ക്യാംപസിൽ സംഘടനാ പ്രവർത്തനത്തിനും സ്വൈര വിഹാരത്തിനുമുള്ള സമ്പൂർണ സ്വാതന്ത്ര്യം എസ്എഫ്ഐക്കു മാത്രം. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും അല്ലാത്തതുമായ എസ്എഫ്ഐ പോസ്റ്ററുകളേ ഇവിടെ കാണാനുള്ളു. ചില ഇടങ്ങളിൽ എസ്‌യുസിഐയുടെ വിദ്യാർഥി സംഘടന എഐഡിഎസ്ഒയും (ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ) പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. കെഎസ്‌യുവിന്റെയോ എബിവിപിയുടെയോ ഒറ്റ പോസ്റ്ററോ ചുവരെഴുത്തോ ഇല്ല.

ഇതര സംഘടനകൾ പോസ്റ്ററുകൾ പതിച്ചാലും പിറ്റേ ദിവസംതന്നെ വലിച്ചുകീറും. സംഘടനാ പ്രവർത്തനത്തിനു നേതൃത്വം നൽകുന്ന വിദ്യാർഥികളെ ഹാജർ നൽകി ഭരണാനുകൂല അധ്യാപകർ സംരക്ഷിക്കുന്നുവെന്നും ആക്ഷേപമുണ്ട്.എസ്എഫ്ഐ പാനലിന് എതിരെ കെഎസ്‌യു ഇവിടെ ഒടുവിൽ മത്സരിച്ചത് രണ്ടു വർഷം മുൻപാണ്. ഒരു സീറ്റിലും ജയിക്കാനായില്ലെങ്കിലും ജനറൽ സീറ്റുകളിൽ ഇരുന്നൂറിൽ അധികം വോട്ടു പിടിച്ച കെഎസ്‌യുവിനെ പിന്നീടു മത്സര രംഗത്തു കണ്ടിട്ടില്ല. കഴിഞ്ഞ വർഷവും ഇത്തവണയും  എസ്എഫ്ഐ പാനലിന് എതിരെ മത്സരിച്ചത് എഐഡിഎസ്ഒ മാത്രം.

എംജി സർവകലാശാലയിലെ പാടലീപുത്രം ഹോസ്റ്റൽ. മുൻപിൽ എസ്എഫ്െഎ കൊടിമരം
എംജി സർവകലാശാലയിലെ പാടലീപുത്രം ഹോസ്റ്റൽ. മുൻപിൽ എസ്എഫ്െഎ കൊടിമരം

പാടലീപുത്രത്തിലെ തീയും പുകയും

പാടലീപുത്രം എന്നു പേരുള്ള റിസർച്ച് ഹോസ്റ്റലാണ് സർവകലാശാലയിലെ എസ്എഫ്ഐയുടെ ശക്തികേന്ദ്രം. ഹോസ്റ്റലിനു മുന്നിൽ എസ്എഫ്ഐ കൊടിമരമുണ്ട്.  ചുവരുകളിൽ നേതാക്കളുടെ ചിത്രങ്ങൾ.  ഇവിടെ എസ്എഫ്ഐക്കാർക്കേ പ്രവേശനമുള്ളൂ. യൂട്യൂബിലും ഗൂഗിളിലും ഹോസ്റ്റലിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണ്. സർവകലാശാലയിലെ ഏറ്റവും മനോഹരമായ സ്ഥലം എന്നു ‘പാടലീപുത്രത്തെ’ ചിലർ വിശേഷിപ്പിക്കുമ്പോൾ എസ്എഫ്ഐയുടെ അനധികൃത താവളം എന്നാണ് മറ്റു ചിലരുടെ കമന്റ്. ക്യാംപസിൽനിന്നു പഠിച്ചിറങ്ങിയ പലരും വർഷങ്ങളായി ഇവിടെ തമ്പടിക്കുന്നു. കേസിൽപ്പെടുന്ന വടക്കൻ കേരളത്തിൽനിന്നുള്ള എസ്എഫ്ഐ പ്രവർത്തകരെ ഒളിവിൽ താമസിപ്പിക്കാനും ഇവിടം ഉപയോഗിക്കുന്നുണ്ടെന്നാണ് ആക്ഷേപം. 

''പ്രചാരണം അടിസ്ഥാനരഹിതം: എസ്എഫ്ഐ 

സർവകലാശാലാ ക്യാംപസിൽ എസ്എഫ്ഐ ഏകാധിപത്യപരമായാണു പ്രവർത്തിക്കുന്നതെന്ന പരാതി  ശ്രദ്ധയിൽപ്പെട്ടില്ല. എഐഡിഎസ്ഒയ്ക്ക് സർവകലാശാലയിൽ യൂണിറ്റുണ്ട്. അവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. തിരഞ്ഞെടുപ്പിനു നോമിനേഷൻ പോലും നൽകിയിട്ടില്ലാത്ത മറ്റു വിദ്യാർഥി പ്രസ്ഥാനങ്ങളുടെ പ്രചാരണം അടിസ്ഥാന രഹിതമാണ്. -എം.എസ്. ദീപക് (ജില്ലാ സെക്രട്ടറി, എസ്എഫ്ഐ)

''എതിരാളികളെ കായികമായി നേരിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഫാഷിസ്റ്റ് ശൈലിയാണ് എസ്എഫ്ഐയുടേത്. ഇതര സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കെതിരെ വിദ്യാർഥിനികളെക്കൊണ്ടു വ്യാജ പരാതികൾ കൊടുപ്പിക്കുന്നു, കെഎസ്‌യുക്കാരെ തിരഞ്ഞുപിടിച്ചു മർദിക്കുന്നു. അടുത്ത വർഷം യൂണിറ്റ് സ്ഥാപിച്ച് കെഎസ്‌യു പ്രവർത്തനം  ഊർജിതമാക്കും.-ജോർജ് പയസ് (ജില്ലാ പ്രസിഡന്റ്, കെഎസ്‌യു)

എബിവിപിക്കാരായ വിദ്യാർഥികൾ  ക്യാംപസിൽ പഠിക്കുന്നുണ്ടെങ്കിലും എബിവിപി  യൂണിറ്റില്ല. സംഘർഷം ഒഴിവാക്കുന്നത് ഉൾപ്പെടെ കാര്യങ്ങളുടെ ഭാഗമായാണിത്. 2 വർഷം  മുൻപു സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ എബിവിപി പ്രവർത്തകനെ എസ്എഫ്ഐക്കാർ വളഞ്ഞിട്ടു മർദിച്ചു.-കെ.സി. അരുൺ (സംസ്ഥാന ജോയിന്റ് സെക്രട്ടറി, എബിവിപി)

രണ്ടു വർഷം മുൻപു സംഘടനാ പ്രവർത്തനത്തിനായി സർവകലാശാലയിലെത്തിയ എഐഡിഎസ്ഒ പ്രവർത്തകനെ എസ്എഫ്ഐക്കാർ മർദിച്ചു.  എന്നാൽ കഴിഞ്ഞവർഷം കൂടുതൽ വിദ്യാർഥികളെ ക്യാംപസിൽ എത്തിച്ച് യൂണിറ്റ് പ്രവർത്തനം ശക്തമാക്കി. ഈ തിരഞ്ഞെടുപ്പിൽ എഐഡിഎസ്ഒ വൈസ് ചെയർപഴ്സൻ സ്ഥാനാർഥി ജി.എസ്. ശാലിനിക്ക് 208 വോട്ട് കിട്ടി. -ആർ. മീനാക്ഷി (ജില്ലാ പ്രസിഡന്റ്, എഐഡിഎസ്ഒ)

എസ്എഫ്ഐയുടെ ഏകാധിപത്യ ശൈലിയോടു സന്ധിയില്ല. ക്യാംപസുകളിൽ എസ്എഫ്ഐ മാത്രം മതിയെന്നാണ് അവരുടെ നിലപാട്. യൂണിവേഴ്സിറ്റി ക്യാംപസ് അടക്കം ജില്ലയിലെ പല ക്യാംപസുകളിലെയും തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഇതര സംഘടനകൾക്കു നോമിനേഷൻ പോലും നൽകാനാകാത്ത സ്ഥിതിയുണ്ട്. കയ്യൂക്കിന്റെ ബലത്തിൽ എസ്എഫ്ഐ ക്യാംപസുകൾ പിടിച്ചടക്കുമ്പോൾ ഇല്ലാതാകുന്നതു ജനാധിപത്യമാണ്.-നന്ദു ജോസഫ് (ജില്ലാ സെക്രട്ടറി, എഐഎസ്എഫ്)

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama