go

നടപടി തൽക്കാലം പിൻസീറ്റിൽ

ഇനി ക്ലിപ് ഇടീക്കരുത് കേട്ടോ: ഹെൽമറ്റ് ഉണ്ടായിട്ടും ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ ഹെൽമറ്റ് ധരിപ്പിക്കുന്ന മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ. കോട്ടയം നഗരത്തിലെ കാഴ്ച.
ഇനി ക്ലിപ് ഇടീക്കരുത് കേട്ടോ: ഹെൽമറ്റ് ഉണ്ടായിട്ടും ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ ഹെൽമറ്റ് ധരിപ്പിക്കുന്ന മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ. കോട്ടയം നഗരത്തിലെ കാഴ്ച.
SHARE

കോട്ടയം ∙ പിൻസീറ്റിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്തവർക്ക് രണ്ടാം ദിനവും താക്കീത്.  ഭൂരിപക്ഷം പൊലീസ് സ്റ്റേഷൻ പരിധിയിലും പരിശോധന ബോധവൽകരണത്തിൽ ഒതുക്കി. പിൻസീറ്റ് യാത്രികരിൽനിന്നു പിഴ ഈടാക്കി തുടങ്ങിയിട്ടില്ലെന്നു ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു പറഞ്ഞു. സുരക്ഷയ്ക്ക് പ്രാധാന്യം നൽകി നടത്തുന്ന ബോധവൽക്കരണത്തിനായി ലഘുലേഖ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഹെൽമറ്റ് വാങ്ങുന്നതിനും ഉപയോഗിച്ച് ശീലിക്കുന്നതിനും ആളുകൾക്കു കുറച്ചു ദിവസം ഇളവു  നൽകും. ഇതിനു ശേഷം ശിക്ഷയിലേക്കു കടക്കാനാണു തീരുമാനം.

കക്ഷി ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു: കോട്ടയം നഗരത്തിൽ ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്ന ആൾ.                      ചിത്രങ്ങൾ: മനോരമ
കക്ഷി ഇതൊന്നും അറിഞ്ഞില്ലെന്നു തോന്നുന്നു: കോട്ടയം നഗരത്തിൽ ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്ന ആൾ. ചിത്രങ്ങൾ: മനോരമ

കോട്ടയം നഗരത്തിൽ ഇരുചക്രവാഹനങ്ങളിലെ  പിൻസീറ്റ് യാത്രികരിൽ ചിലർ മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നത്. കഞ്ഞിക്കുഴി ജംക്‌ഷനു സമീപം 10 – 15 മിനിറ്റുകൾക്കിടയിൽ 80 മുതൽ 100 ഇരുചക്രവാഹനങ്ങൾ വരെ കടന്നുപോയതിൽ 90 ശതമാനം മുന്നിലെ യാത്രക്കാരും ഹെൽമറ്റ് ധരിച്ചു.  പിന്നിലെ യാത്രക്കാരിൽ ഏറിയ പങ്കും  ഹെൽമറ്റ് ഇല്ലാതെയാണ് യാത്ര ചെയ്തത്.

കൈയിൽ ഹെൽമറ്റ് തൂക്കി യാത്ര ചെയ്ത ‘ഫ്രീക്കൻമാരെയും കാണാമായിരുന്നു. ഹെൽമറ്റിന്റെ  ചിൻ സ്ട്രാപ് ഇടാത്ത ആളുകളെ അതിന്റെ ആവശ്യകത പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷമാണ് പൊലീസ് മടക്കി അയച്ചത്. പൂർണമായി നടപ്പിലാക്കാൻ കുറച്ചു സമയം കൂടി ആവശ്യമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. പാമ്പാടി മേഖലയിലും ബോധവൽക്കരണത്തിനാണു പ്രാധാന്യം നൽകിയതെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത് പറഞ്ഞു.

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ച 22 പേരിൽ നിന്നു പിഴ ഈടാക്കി. ഹെൽമറ്റില്ലാത്ത പിൻസീറ്റ് യാത്രികരെ  താക്കീതു ചെയ്തു. തിടനാട്, മേലുകാവ് പൊലീസ് സ്റ്റേഷൻ പരിധിയിലും വാഹന പരിശോധന കർശനമാക്കി. ഇന്നലെ 9 കേസുകൾ റജിസ്റ്റർ ചെയ്തു. കറുകച്ചാൽ, മണിമല, പൊൻകുന്നം മേഖലകളിലും പരിശോധന നടന്നു. ഗ്രാമീണ മേഖലകളിൽ ഇരുചക്ര വാഹനത്തിൽ ചെറിയ ദൂരത്തിലേക്കു പോകുന്നവരെ കർശന പരിശോധന നടത്തി ബുദ്ധിമുട്ടിക്കേണ്ടെന്നാണു പൊലീസിന്റെ തീരുമാനം.

ക്യാമറക്കണ്ണുകൾ

പരിശോധനയ്ക്കിടെ വാഹനങ്ങൾ നിർത്താതെ പോയാലും ഇനി നടപടി ഉറപ്പ്.  പരിശോധനകളിൽ ക്യാമറ നിർബന്ധമാക്കാനാണ് തീരുമാനം. മോട്ടർ വാഹനവകുപ്പ് ജില്ലയിൽ നടത്തിയ പരിശോധനയിൽ ‘തേഡ് ഐ’ ക്യാമറ ഉപയോഗിച്ചിരുന്നു. മോട്ടർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ നടത്തിയ പരിശോധനയിൽ ഹെൽമറ്റ് ഉപയോഗിക്കാത്ത 6 കേസുകൾ ചാർജ് ചെയ്തു. ഇതിൽ 5 എണ്ണം ക്യാമറയിൽ പതിഞ്ഞവയാണ്. പിന്നിൽ യാത്ര ചെയ്തവരിൽ ഹെൽമറ്റ് ധരിക്കാതിരുന്ന 2 പേർക്ക് താക്കീതു നൽകി. ആകെ 7,000 രൂപ പിഴ ഈടാക്കിയെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ടോജോ എം.തോമസ് അറിയിച്ചു.

വാഹനങ്ങൾ തടയരുത്: ഡിജിപി

വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതും യാത്രക്കാർക്കു ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്നു ഡി‍‍ജിപി ലോക്നാഥ് ബെഹ്റ. ഹെൽമറ്റ് ധരിക്കാത്തതിനു യാത്രക്കാരെ പിന്തുടർന്നു പിടിക്കരുത്. കള്ളക്കടത്ത്, അനധികൃതമായി പണം കൈമാറൽ, ലഹരിമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങൾ തടയാവൂ. അപകടങ്ങൾ ഉൾപ്പെടെഹൈവേ ട്രാഫിക് പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടത് ഹൈവേ പൊലീസാണെന്നു ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണം. നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളിൽ മുൻകൂട്ടി പ്രഖ്യാപിച്ച പ്രകാരം വാഹന പരിശോധന നടത്താം. വീഴ്ച വരുത്തുന്ന ഓഫിസർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കാനും ഡിജിപി  ഉത്തരവിൽ നിർദേശിച്ചു.

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama