go

പീഡനവിവരം മേലുദ്യോഗസ്ഥരെ അറിയിച്ച സ്കൂൾ സൂപ്രണ്ടിന് സ്ഥലംമാറ്റം

ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നു പഠനം ഉപേക്ഷിച്ചു മടങ്ങിയ ചിന്നാർ, കാന്തല്ലൂർ, മാങ്കുളം മേഖലകളിലെ വിദ്യാർഥിനികളെ വനം വകുപ്പിന്റെ വാഹനത്തിൽ ഇന്നലെ സ്കൂളിൽ തിരികെ എത്തിച്ചപ്പോൾ.
ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നു പഠനം ഉപേക്ഷിച്ചു മടങ്ങിയ ചിന്നാർ, കാന്തല്ലൂർ, മാങ്കുളം മേഖലകളിലെ വിദ്യാർഥിനികളെ വനം വകുപ്പിന്റെ വാഹനത്തിൽ ഇന്നലെ സ്കൂളിൽ തിരികെ എത്തിച്ചപ്പോൾ.
SHARE

ഏറ്റുമാനൂർ ∙ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പീഡനവിവരം മേലുദ്യോഗസ്ഥരെ അറിയിച്ച സ്കൂൾ സൂപ്രണ്ടിനെ മൂന്നാറിലേക്കു മാറ്റി. സ്കൂളിലെ സീനിയർ സൂപ്രണ്ട് വി.ധർമജനെയാണു ഭരണസൗകര്യത്തിന്റെ പേരിൽ മൂന്നാറിലേക്കു സ്ഥലം മാറ്റിയതായി പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്. പകരം മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സീനിയർ സൂപ്രണ്ട് ജിജി തോമസിനെ ഏറ്റുമാനൂരിലേക്കു നിയമിച്ചു. സ്കൂളിലെ പ്രധാനാധ്യാപകനും മറ്റ് അധ്യാപകർക്കും എതിരെ വിദ്യാർഥികളും രക്ഷിതാക്കളും പരാതി പറഞ്ഞെങ്കിലും സൂപ്രണ്ടിനെതിരെ പരാതി ഇല്ലായിരുന്നു.

വിദ്യാർഥികൾക്ക് അനുകൂലമായ നിലപാടാണു സൂപ്രണ്ട് സ്വീകരിച്ചത്.അതേ സമയം, അധ്യാപകന്റെ പീഡനത്തെത്തുടർന്നു സ്കൂൾ വിട്ട വിദ്യാർഥിനികളിൽ 13 പേർ ഇന്നലെ സ്കൂളിൽ തിരിച്ചെത്തി. ഉച്ചയ്ക്ക് 2നു വനം വകുപ്പിന്റെ വാഹനത്തിലാണു ചിന്നാർ, കാന്തല്ലൂർ, മാങ്കുളം മേഖലയിലെ വിദ്യാർഥിനികളെ മാതാപിതാക്കൾക്കൊപ്പം സ്കൂളിൽ എത്തിച്ചത്. പോക്സോ കേസിൽ അറസ്റ്റിലായ സംഗീതാധ്യാപകൻ നരേന്ദ്രബാബുവിനെ സഹായിച്ച സ്കൂൾ പ്രധാനാധ്യാപകനെയും മറ്റു അധ്യാപകരെയും മാറ്റിനിർത്താതെ വിദ്യാർഥിനികളെ സ്കൂളിൽ പഠിപ്പിക്കാൻ സാധിക്കില്ലെന്നു സ്കൂളിൽ എത്തിയ ശേഷവും മാതാപിതാക്കൾ‍ നിലപാട് എടുത്തു.

അധ്യാപകൻ നരേന്ദ്രബാബുവിന്റെ മോശമായ പെരുമാറ്റത്തിന് ഇരയായ മറ്റു വിദ്യാർഥിനികളുടെ മാതാപിതാക്കളും പിടിഎ അംഗങ്ങളും സ്കൂളിൽ എത്തിയിരുന്നു.  സ്കൂളിലെത്തിയ അസി. കലക്ടർ ശിഖാ സുരേന്ദ്രനുമായി ഇവർ ചർച്ച നടത്തി. വിദ്യാർഥിനികൾക്കു ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നു കാണിച്ച് പ്രധാനാധ്യാപകനും സൂപ്രണ്ടും മാതാപിതാക്കൾക്ക് ഒപ്പിട്ടു നൽകിയതിനെത്തുടർന്നാണു കുട്ടികൾ സ്കൂളിൽ തുടരാൻ തയാറായത്. വിദ്യാർഥിനികളുടെ സുരക്ഷ ഉറപ്പു വരുത്തുമെന്ന് അസി. കലക്ടറും ഉറപ്പു നൽകി. സൂപ്രണ്ടിനെ മാറ്റിയ നടപടിയിൽ രക്ഷിതാക്കളും പിടിഎയും പ്രതിഷേധിച്ചു. വിദ്യാർഥിനികളുടെ പരാതി ലഭിച്ചപ്പോൾത്തന്നെ നടപടി സ്വീകരിച്ചതു സീനിയർ സൂപ്രണ്ടാണെന്നും ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടി എടുക്കുന്നതിനു പകരം സൂപ്രണ്ടിനെ സ്ഥലം മാറ്റിയതു നീതികേടാണെന്നും ഇവർ പറഞ്ഞു. 

സ്കൂൾ വിട്ടത് 96 വിദ്യാർഥിനികൾ

∙ ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അധ്യാപകന്റെ പീഡനത്തെത്തുടർന്നു സ്കൂൾ വിട്ടത് 96 വിദ്യാർഥിനികൾ. 196 വിദ്യാർഥിനികളാണു സ്കൂളിൽ ആകെയുള്ളത്. ഇന്നലെ 13 വിദ്യാർഥിനികൾ കൂടി മടങ്ങി എത്തിയതോടെ സ്കൂൾ വിട്ടതിൽ 85 പേർ തിരികെയെത്തി. 11 പേർ കൂടി ഇനിയും മടങ്ങി എത്താനുണ്ട്. ഇതിൽ 3 പേർ സ്കൂൾ മാറ്റത്തിന് അപേക്ഷ നൽകി.

മികച്ച സ്കൂൾ

∙ 2012ൽ ആരംഭിച്ച ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലുള്ളത് 5 മുതൽ 10 വരെ ക്ലാസുകൾ. പെൺകുട്ടികൾക്കു മാത്രമായുള്ള സ്കൂളാണിത്. തിരുവനന്തപുരം മുതൽ‍ കാസർകോട് വരെയുള്ള പട്ടികവർഗ വിഭാഗത്തിലെ വനമേഖലകളിൽ നിന്ന് ഉൾപ്പെടെയുള്ള വിദ്യാർഥിനികൾ ഇവിടെ പഠിക്കുന്നു.ഹൈടെക് ക്ലാസ് മുറികൾ അടക്കം മികച്ച സംവിധാനമുള്ള സ്കൂളിന് എസ്എസ്എൽസി പരീക്ഷകളിൽ നൂറു ശതമാനം വിജയം നേടാനും കഴിഞ്ഞിട്ടുണ്ട്. 

MORE IN KOTTAYAM LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama