go

കൃഷ്ണൻ വൈദ്യർ ആമയ്ക്കൊപ്പം ഓടുന്നത് തോൽപിക്കാനല്ല

കോഴിക്കോട് ഗാന്ധി പാർക്കിലെ വിഷ്ണു എന്ന ആമയ്ക്കു ഭക്ഷണം നൽകുന്ന എ.കെ. കൃഷ്ണൻവൈദ്യർ.  ചിത്രം : സജീഷ് ശങ്കർ
കോഴിക്കോട് ഗാന്ധി പാർക്കിലെ വിഷ്ണു എന്ന ആമയ്ക്കു ഭക്ഷണം നൽകുന്ന എ.കെ. കൃഷ്ണൻവൈദ്യർ. ചിത്രം : സജീഷ് ശങ്കർ
SHARE

കോഴിക്കോട് ∙‘വിഷ്ണൂ’ എന്ന വിളികേട്ട് അവൻ ഓടി വന്നു. കൃഷ്ണൻവൈദ്യരുടെ കയ്യിൽനിന്ന് പൊരിച്ച മീനിന്റെ കഷ്ണം വാങ്ങിക്കഴിച്ചു. കൃഷ്ണൻവൈദ്യരുടെ ഉറ്റ ചങ്ങാതി വിഷ്ണു ഒരു ആമയാണ്. 91 വയസ്സുണ്ട് എ.കെ.കൃഷ്ണൻ വൈദ്യർക്ക്. വടി കുത്തിയാണ് നടപ്പ്. കാലിൽ നീരുണ്ട്. രണ്ടു വയസ്സുകാരനാണ് വിഷ്ണു ആമ. വയോധികനായ കൃഷ്ണൻ വൈദ്യരെ കുളത്തിനു ചുറ്റും ഓടിക്കുകയാണ് വിഷ്ണുവിന്റെ കലാപരിപാടി. എങ്കിലും കൃഷ്ണൻവൈദ്യരുടെ കൈയിൽനിന്നുമാത്രമേ ഭക്ഷണം വാങ്ങിക്കഴിക്കു.

kozhikode-park-

മറ്റാരുടെയെങ്കിലും തല കണ്ടാൽ ആമ പതുക്കെ മുങ്ങിക്കളയും. എന്നിട്ട് ഇടയ്ക്കിടയ്ക്ക് മുകളിൽവന്ന് തലപൊക്കി നോക്കും. 1983ൽ കുരുവട്ടൂർ വില്ലേജ് ഓഫിസിൽ ഏല ഡവലപ്മെന്റ് ഓഫിസറായാണ് കൃഷ്ണൻവൈദ്യർ വിരമിച്ചത്. കൃഷിയോടും വളർത്തുമൃഗങ്ങളോടുമുള്ള സ്നേഹം എല്ലാക്കാലത്തും കൂടെയുണ്ടായിരുന്നു. വിരമിച്ചതു മുതൽ ഗാന്ധിപാർക്ക് നോക്കി നടത്തുന്നത് കൃഷ്ണൻവൈദ്യരാണ്. കാലിക്കറ്റ് അഗ്രി ഹോർടികൾചർ‍ സൊസൈറ്റിയുടേതാണ് പാർക്ക്.

പാർക്കിലെ പല ചെടികളും നട്ടുപിടിപ്പിച്ചത് വൈദ്യരാണ്. പാർക്കിനു നടുവിലുണ്ടായിരുന്ന ടാങ്ക് വൃത്തിയാക്കിച്ചതും അതിൽ വെള്ളം നിറച്ചു ചുവന്ന ആമ്പലുകൾ നട്ടതും കൃഷ്ണൻവൈദ്യരാണ്. വർ‍ഷങ്ങൾക്കുമുൻപ് ഒരു സുഹൃത്താണ് രണ്ട് ആമകളെ സമ്മാനിച്ചത്. ഒരെണ്ണം നഷ്ടപ്പെട്ടെങ്കിലും രണ്ടാമത്തേതിനെ പാർക്കിലെത്തിച്ചു. അന്നുമുതൽ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒരു മണിക്കും രണ്ടുമണിക്കുമിടയ്ക്ക് ആമയ്ക്ക് ഭക്ഷണം നൽകും. തിരുത്തിയാട് അഴകൊടി ദേവീക്ഷേത്രത്തിനു സമീപം സ്മിത എന്ന വീട്ടിലാണ് എ.കെ. കൃഷ്ണൻനായർ താമസിക്കുന്നത്.

ഭാര്യ മരിച്ചുപോയി. മകനും മകന്റെ ഭാര്യയും പേരക്കുട്ടിയുമാണ് വീട്ടിലുള്ളത്. ടൗണിൽ ബിസിനസുകാരനായ മകൻ ലാലു രാവിലെ വരുമ്പോൾ കൃഷ്ണൻനായരെ പാർക്കിൽ എത്തിക്കും. ഉച്ചഭക്ഷണവും വിഷ്ണുവിനുള്ള ഭക്ഷണവുമെടുത്താണ് വരവ്. അടുത്തിടെ പനിബാധിച്ച് കൃഷ്ണൻവൈദ്യർ അഞ്ചുദിവസത്തോളം ആശുപത്രിയിലായി. ഓർമ വരുമ്പോഴെല്ലാം കൃഷ്ണൻ വൈദ്യർ‍ വിഷ്ണുവിനെ അന്വേഷിക്കും. പാർക്കിലെ വാച്ച്മാൻ അഞ്ചുദിവസവും വിഷ്ണുവിനു ഭക്ഷണം നൽകാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് ആറാംദിവസം കൃഷ്ണൻവൈദ്യർ ഓട്ടോ വിളിച്ച് പാർക്കിൽ വന്നു ഭക്ഷണം കൊടുത്തു തിരിച്ചുപോവുകയായിരുന്നു.

MORE IN KOZHIKODE LOCAL NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE FROM MANORAMA ONLINE
From Onmanorama